42 റൺസിന് ജയം; 55 വർഷത്തെ ദുഷ്പേര് മാറ്റി ഇംഗ്ലണ്ട്

വിക്കറ്റ് വരുന്ന വഴി.... കുശാൽ മെൻഡിസിന്റെ റണ്ണൗട്ട് സ്റ്റേഡിയത്തിലെ സ്ക്രീനിൽ വീക്ഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ

കൊളംബോ ∙ മൂന്നാം ടെസ്റ്റിൽ 42 റൺസിന്റെ വിജയം സ്വന്തമാക്കിയ ജോ റൂട്ടിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്വന്തമാക്കിയത് 55 വർഷങ്ങൾക്കു ശേഷം വിദേശമണ്ണിലെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ ജയം (3–0). 327 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 4 വിക്കറ്റു വീതം സ്വന്തമാക്കിയ സ്പിന്നർമാരായ ജാക്ക് ലീച്ചും മോയിൻ അലിയും ചേർന്നാണു വീഴ്ത്തിയത്. ലങ്ക രണ്ടാം ഇന്നിങ്സിൽ 284നു പുറത്തായി. ഒരു ദിവസം ബാക്കി നിൽക്കെയാണു ഇംഗ്ലിഷ് വിജയം. 

55 വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിന് വിദേശ മണ്ണിൽ സമ്പൂർണ പരമ്പര വിജയമാണിത്. 1963ൽ ടെഡ് ഡെക്സ്റ്ററുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ന്യൂസീലൻഡിനെതിരെ 3–0 വിജയം നേടിയതിനു ശേഷം മൂന്നോ അതിലധികമോ ടെസ്റ്റുകളുള്ള പരമ്പരയിൽ ആദ്യമായാണ് ഇംഗ്ലണ്ട് സമ്പൂർണ വിജയം സ്വന്തമാക്കുന്നത്.

11–ാം നമ്പർ ബാറ്റ്സ്മാൻ മലിന്ദ പുഷ്പകുമാര 40 പന്തുകളിൽ 42 റൺസെടുത്ത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാഴ്ത്തി. ഒൻപതിന് 226ൽ നിന്നായിരുന്നു അദ്ഭുത വിജയമെന്ന് തോന്നലുണ്ടാക്കിയത്. എങ്കിലും ലീച്ചിന്റെ പന്തിൽ സുരംഗ ലക്മൽ(11) പുറത്തായതോടെ ഇംഗ്ലണ്ട് ടീം ആഘോഷത്തിമിർപ്പിലായി.

സ്കോർ: ഇംഗ്ലണ്ട് –336, 230. ശ്രീലങ്ക –240, 284