അപമാനിച്ചു, തകർക്കാൻ ശ്രമിച്ചു: പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മിതാലി

മിതാലി രാജ്, രമേഷ് പവാർ

മുംബൈ∙ വെസ്റ്റ് ഇൻഡീസിൽ സമാപിച്ച ലോക വനിതാ ട്വന്റി20 ചാംപ്യൻഷിപ്പിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഉടലെടുത്ത വിവാദം കത്തിപ്പടരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ സൂപ്പർതാരം മിതാലി രാജിന് അവസരം നൽകാത്തതിനെ ചുറ്റിപ്പറ്റി ഉടലെടുത്ത വിവാദം, മിതാലി ബിസിസിഐയ്ക്ക് കത്തയച്ചയതോടെ കൂടുതൽ രൂക്ഷമായി. വനിതാ ടീം പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രമേഷ് പവാർ, ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവും വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഡയാന എഡുൽജി തുടങ്ങിയവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉൾക്കൊള്ളുന്നതാണ് കത്ത്.

‘കൈവശം അധികാരമുള്ള ചിലർ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന്’ കത്തിൽ മിതാലി രാജ് ആരോപിച്ചു. ഡയാന എഡുൽജിയുടെ നിലപാടുകൾ ശുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയ മിതാലി, പരിശീലകൻ രമേഷ് പവാർ തന്നെ തുടർച്ചയായി അപമാനിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ മിതാലി ബിസിസിഐയ്ക്ക് നേരിട്ട് കത്തയച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിനെ ചൂഴ്ന്നുനിൽക്കുന്ന വിവാദം പുതിയ തലങ്ങളിലേക്കും പടരുകയാണ്.

സംഭവത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ടീം മാനേജർ തൃപ്തി ഭട്ടാചാര്യ എന്നിവർ ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിയെക്കണ്ട് തിങ്കളാഴ്ച വിശദീകരണം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് മിതാലിയും ഹർമൻപ്രീതും മറ്റു ബിസിസിഐ അധികൃതരെയും കണ്ട് ടീം സിലക്ഷനുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശദീകരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിൽ മിതാലിയെ ഉൾപ്പെടുത്താതെ ഇറങ്ങിയ ഇന്ത്യ, എട്ടുവിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു.

അതേസമയം, മിതാലിയെ ടീമിൽ ഉൾപ്പെടുത്താത്ത തീരുമാനത്തിൽ ഖേദമില്ലെന്നു പ്രഖ്യാപിച്ച ഹർമൻപ്രീത്, നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹർമൻപ്രീതിനെതിരെ തനിക്ക് പ്രത്യേകിച്ചൊരു പരാതിയുമില്ലെന്ന് മിതാലി കത്തിൽ വ്യക്തമാക്കി. തന്നെ ടീമിൽനിന്ന് പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ ഹർമൻപ്രീത് പിന്തുണച്ചത് വേദനിപ്പിച്ചു. ഈ ലോകകപ്പ് ടീമിനായി നേടിയെടുക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ലോകകപ്പ് ജയിക്കാനുള്ള സുവർണാവസരമാണ് ഇക്കുറി നാം നഷ്ടമാക്കിയത്’ – മിതാലി വ്യക്തമാക്കി.

ടീമിന്റെ പരിശീലകനായ രമേഷ് പവാർ പലതവണ തന്നെ തകർക്കാൻ ശ്രമിച്ചതായും മിതാലി ആരോപിച്ചു. തന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മിതാലി കത്തിൽ എഴുതിയതിങ്ങനെ: ‘അടുത്തെങ്ങാനും ഞാനുണ്ടെങ്കിൽ അദ്ദേഹം വേഗം അവിടെനിന്ന് മാറിനിൽക്കും. മറ്റുള്ളവർ നെറ്റ്സിൽ പരിശീലിക്കുമ്പോൾ കൃത്യമായ നിർദ്ദേശങ്ങൾ നൽകി നിരീക്ഷിക്കും. ഞാൻ നെറ്റ്സിലെത്തിയാൽ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാൻ അടുത്തുചെന്നാൽ ഫോണിൽ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും ഏറ്റവും ശാന്തതയോടു കൂടിയേ ഞാൻ പെരുമാറിയിട്ടുള്ളൂ’ – മിതാലി വ്യക്തമാക്കി.

തന്നെ ടീമിൽനിന്നു പുറത്താക്കിയതിനെ പിന്തുണച്ച മുൻ വനിതാ ടീം ക്യാപ്റ്റൻ കൂടിയായ ഡയാന എഡുൽജിക്കെതിരെ കൂടുതൽ രൂക്ഷമായിരുന്നു മിതാലിയുടെ പ്രതികരണം. ബിസിസിഐയിൽ അവർക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് മിതാലി ആരോപിച്ചു. 20 വർഷത്തിലധികം നീളുന്ന കരിയറിൽ ഞാൻ ഈ വിധത്തിൽ തകർന്നുപോകുന്നത് ഇതാദ്യമാണ്. രാജ്യത്തിനായി ഞാൻ നൽകിയിട്ടുള്ളതും ഇപ്പോഴും നൽകുന്നതുമായ സംഭാവനകളോട് അധികാരത്തിലുള്ള ചിലർക്ക് എന്തെങ്കിലും വിധത്തിലുള്ള ബഹുമാനമുണ്ടോ എന്നു ഞാൻ സംശയിക്കുന്നു. എന്നെ തകർക്കാൻ മാത്രമാണ് അവരുടെ ശ്രമം.’

‘ഇടക്കാല ഭരണസമിതി അംഗമെന്ന നിലയിൽ എല്ലാ വിധത്തിലും ഡയാന എഡുൽജിയെ ഞാൻ ബഹുമാനിച്ചിട്ടുണ്ട്. വിശ്വസിച്ചിട്ടുമുണ്ട്. വെസ്റ്റ് ഇൻഡീസിൽ ഞാൻ നേരിട്ട ദുരനുഭവം നേരിട്ടുവിവരിച്ചിട്ടും അവർ എനിക്കെതിരെ നിൽക്കുന്നതിൽ വിഷമമുണ്ട്. എന്നെ പുറത്തിരുത്തിയ തീരുമാനത്തെ പിന്തുണച്ച അവരുടെ നിലപാട് എന്നെ തകർത്തുകളഞ്ഞു. കാരണം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ അവർക്കുണ്ട്’ – മിതാലി കുറിച്ചു.