Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യൻ പഞ്ച്; 137 റൺസ് ജയം, പരമ്പരയിൽ മുന്നിൽ

india-victory-celebration-mcg മെൽബൺ ടെസ്റ്റിൽ ഓസീസിന്റെ പത്താം വിക്കറ്റും വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം.

മെൽബൺ‍ ∙ ഓസ്ട്രേലിയ ആയിരുന്നില്ല ഇന്ത്യയുടെ എതിരാളി; മഴയായിരുന്നു! ചരിത്ര വിജയത്തിനു കൊതിച്ചു നിന്ന ടീം ഇന്ത്യയെ കെറുവിപ്പിച്ച് മഴ മൽസരം വൈകിച്ചത് മൂന്നു മണിക്കൂറോളം. പിന്നീട് കളി തീർക്കാൻ ഇന്ത്യയ്ക്കു വേണ്ടി വന്നത് അഞ്ച് ഓവർ മാത്രവും. ഇഷാന്ത് ശർമയുടെ ഷോർട്ട് ബോൾ നേഥൻ ലയണിന്റെ ബാറ്റിൽ തട്ടി ഋഷഭ് പന്തിന്റെ പിടിയിലൊതുങ്ങിയതോടെ മെൽബണിൽ ഇന്ത്യയുടെ വിജയനൃത്തം. ചെറുത്തു നിന്ന പാറ്റ് കമ്മിൻസിനെ (63) നേരത്തെ ബുമ്ര പൂജാരയുടെ കയ്യിലെത്തിച്ചിരുന്നു. സ്കോർ: ഇന്ത്യ– ഏഴിന് 443 ഡിക്ല., എട്ടിന് 106 ഡിക്ല., ഓസ്ട്രേലിയ– 151, 261. 

രണ്ട് ഇന്നിങ്സിലുമായി ഒൻപതു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് മാൻ ഓഫ് ദ് മാച്ച്. വിജയത്തോടെ പരമ്പരയിൽ 2–1 ലീഡ് നേടിയ ഇന്ത്യ ബോർഡർ–ഗാവസ്കർ ട്രോഫിയും നിലനിർത്തി. നാലാം ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്നിയിൽ തുടങ്ങും. 

‘തല’വേദന തീർന്നു!

ഈ പരമ്പരയ്ക്കു വരുമ്പോൾ മൂന്ന് ഓപ്പണർമാരാണ് ഇന്ത്യൻ ടീമിലുണ്ടായിരുന്നത്– പൃഥി ഷാ, കെ.എൽ രാഹുൽ, മുരളി വിജയ്. ഷാ ആദ്യ ടെസ്റ്റിനു മുൻപേ പരുക്കേറ്റു നാട്ടിലേക്കു മടങ്ങി. രാഹുൽ–വിജയ് സഖ്യം ആദ്യ രണ്ടു ടെസ്റ്റിലും പരാജയമായി. മെൽബണിൽ മായങ്ക് അഗർവാളിനെയും ഹനുമ വിഹാരിയെയും പരീക്ഷിച്ച കോഹ്‌ലിയുടെ തീരുമാനം വിജയിച്ചു. മായങ്കിന്റെ അരങ്ങേറ്റത്തിലെ അർധ സെഞ്ചുറിയാണ് വൻസ്കോറിലേക്ക് ഇന്ത്യയ്ക്ക് ഇന്ധനമായത്. കൂടാതെ പന്തിന്റെ തിളക്കം മായുംവരെ ക്രീസിൽ നിൽക്കാൻ മായങ്ക്– വിഹാരി സഖ്യത്തിനു കഴിഞ്ഞു. കോഹ്‌ലിയും പൂജാരയും അതിൽ നിന്ന് ഊർജം കണ്ടെത്തി. രണ്ടാം ഇന്നിങ്സിൽ 42 റൺസോടെ മായങ്ക് വീണ്ടും തന്റെ ക്ലാസ് തെളിയിച്ചു. 

മിഡിൽ ക്ലാസ്!

ആദ്യ രണ്ടു ടെസ്റ്റുകളിലും ഓപ്പണർമാർ നേരത്തെ പുറത്തായതിനാൽ പന്തിന്റെ പുതുമണം മാറും മുൻപെ ഒന്നിച്ചിറങ്ങേണ്ടി വന്നവരാണ് പൂജാരയും കോഹ്‌ലിയും. മെൽബണിൽ മായങ്ക് പിടിച്ചു നിന്നതോടെ അതുണ്ടായില്ല. ആദ്യം ഇറങ്ങിയ പൂജാര വീണ്ടും തന്റെ ക്ലാസ് പ്രകടമാക്കിയതോടെ കോഹ്‌ലിക്കും കാര്യങ്ങൾ എളുപ്പമായി. രണ്ടു പേരും ചേർന്നുള്ള 170 റൺസ് കൂട്ടുകെട്ട് സാഹചര്യങ്ങൾ മനസ്സിലാക്കി എങ്ങനെ ബാറ്റു ചെയ്യണം എന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു. 319 പന്തുകൾ നേരിട്ടാണ് പൂജാര 106 റൺസ് നേടിയത്. കോഹ്‌ലി 82 റൺസ് നേടിയത് 204 പന്തിലും. വിരസമെന്നു ചിലരെങ്കിലും വിമർശിച്ച ബാറ്റിങ് പക്ഷെ വിജയത്തിലേക്ക് ഇന്ത്യയ്ക്കു മരുന്നായി. 

എന്തൊരു ബോളിങ്!

കപിൽ ദേവിന്റെ കാലത്തു പോലും ഇതു പോലൊരു പേസ് ബാറ്ററി ഇന്ത്യയ്ക്കുണ്ടായില്ല. രണ്ടു ദിവസം വിരസമായ നീങ്ങിയ ടെസ്റ്റിനെ ആവേശമാക്കിയത് മൂന്നാം ദിനം ജസ്പ്രീത് ബുമ്രയുടെ ബോളിങ് ആണ്. പിച്ചിന്റെ അപ്രവചനീയതയും ബുമ്രയുടെ അസാധാരണത്വവും ചേർന്നതോടെ ഓസ്ട്രേലിയ 151നു പുറത്ത്. രണ്ട് ഇന്നിങ്സിലുമായി ബുമ്ര വീഴ്ത്തിയത് ഒൻപത് വിക്കറ്റുകൾ. നിർണായക സമയത്ത് മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി ഇശാന്തും ഷമിയും മികച്ച പിന്തുണ നൽകി. ബുമ്രയുടെ ബോളിങിനൊപ്പം രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവും എടുത്തു പറയണം. പെർത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ‘മിസ്’ ചെയ്ത ജഡേജ തിരിച്ചുവരവ് ഗംഭീരമാക്കി– രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റുകൾ.

∙ സ്കോർ ബോർഡ്

ഇന്ത്യ ഒന്നാം ഇന്നിങ്സ്: ഏഴു വിക്കറ്റിന് 443 ഡിക്ല, രണ്ടാം ഇന്നിങ്സ്: എട്ടു വിക്കറ്റിന് 106 ഡിക്ല. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ്: 151നു പുറത്ത് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ്: നാലാം ദിനം എട്ടിന് 258 (തുടർച്ച)

കമ്മിൻസ് സി പൂജാര ബി ബുമ്ര–63, ലയൺ സി പന്ത് ബി ഇഷാന്ത്–7, ഹെയ്‌സൽവുഡ് നോട്ടൗട്ട്–0, എക്സ്ട്രാസ്–10. ആകെ 89.3 ഓവറിൽ 261നു പുറത്ത്. 

വിക്കറ്റ് വീഴ്ച: 9–261, 10–261.

ബോളിങ്: ഇഷാന്ത് 14.3–1–40–2, ബുമ്ര 19–3–53–3, ജഡേജ 32–6–82–3, ഷമി 21–2–71–2, വിഹാരി 3–1–7–0.