ഒരു ക്യാച്ച് എടുത്തതാ, പൊള്ളോക്കിന്റെ പാന്റ് കീറി; സെഞ്ചൂറിയനിൽ ചിരി– വിഡിയോ

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളോക്കിന്റെ പാന്റ് കീറുന്നു, പാന്റിന്റെ ചിത്രം പൊള്ളോക്ക് തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ..

കേപ്ടൗൺ∙ സെഞ്ചൂറിയനിലെ സൂപ്പർ സ്പോര്‍ട്ട് പാർക്കിലെ ലൈവ് ഷോ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഷോൺ പൊള്ളോക്ക് മറക്കാനിടയില്ല. വെറുതെ ഒരു ക്യാച്ചെടുക്കുന്നതിനിടെ കുനിഞ്ഞപ്പോൾ താരത്തിന്റെ പാന്റ് കീറിപ്പോയി. മാത്രമല്ല അതു കൂടെയുള്ളവരെല്ലാം കാണുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക–പാകിസ്താൻ ടെസ്റ്റ് മത്സരത്തിനിടെയാണു തമാശ.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയം. ഗ്രെയിം സ്മിത്തിനും അവതാരകൻ മാർക്ക് നിക്കോളാസിനുമൊപ്പം സ്ലിപ്പിലെ ഫീൽഡീങ്ങിനെക്കുറിച്ചു കാര്യമായി ചർച്ച ചെയ്യുകയാണ് പൊള്ളോക്ക്. ചർച്ചയ്ക്കിടെ ക്യാച്ചെടുക്കുന്നതിനു കുനിഞ്ഞ പൊള്ളോക്കിന്റെ പാന്റ് കീറി. കാര്യം മനസ്സിലായെങ്കിലും എന്തുചെയ്യണമെന്നറിയാതെ നിന്ന പൊള്ളോക്കിനെ നോക്കി അവതാരകനും സ്മിത്തും ചിരിച്ചുമറിഞ്ഞു.

ലൈവ് പരിപാടിയായതിനാൽ പ്രേക്ഷകരും സംഭവത്തിനു സാക്ഷികളായി. ഫീൽഡിലുണ്ടായിരുന്ന ഒരാൾ നൽകിയ ടവൽ ഉപയോഗിച്ചു കീറിയ ഭാഗം മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്. പിന്നീടു കീറിയ പാന്റിന്റെ ചിത്രം പൊള്ളോക്ക് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഡ്രസിങ് റൂമില്‍ നിന്ന് പുതിയ പാന്റ്സ് ലഭിച്ച കാര്യവും താരം പങ്കുവെച്ചു. തമാശ ട്വീറ്റ് പങ്കുവെച്ച് ചാനലും സ്മിത്തും ട്വീറ്റ് ചെയ്തിരുന്നു.