നീഷാം ഒരു ഓവറിൽ അഞ്ചു സിക്സ്, 13 പന്തിൽ 47*; ലങ്കയെ തകർത്ത് കിവീസ്

ക്രൈസ്റ്റ് ചർച്ച്∙ മാസങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ഏകദിന ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന് വിസ്ഫോടന ബാറ്റിങ്ങിലൂടെ ചാരുത പകർന്ന ജയിംസ് നീഷാമിന്റെയും 14–ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന്റെയും മികവിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ന്യൂസീലൻഡിന് തകർപ്പൻ വിജയം. 45 റൺസിനാണ് കിവികൾ ലങ്കയെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 371 റൺസാണു നേടിയത്. ശ്രീലങ്കയുടെ മറുപടി 49 ഓവറിൽ 326 റൺസിൽ അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിന് സെഞ്ചുറിയുമായി ഗപ്റ്റിൽ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 139 പന്തിൽ 11 ബൗണ്ടറിയും അഞ്ചു സിക്സും സഹിതമാണ് ഗപ്റ്റിൽ 138 റൺസെടുത്തത്. ഇതിനിടെ, ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 6,000 റൺസ് ക്ലബ്ബിലെത്തുന്ന താരങ്ങളിലൊരാളായും ഗപ്റ്റിൽ മാറി. 157 ഇന്നിങ്സുകളിൽനിന്ന് 6,000 റൺസ് പൂർത്തിയാക്കിയ ഗപ്റ്റിൽ ഇക്കാര്യത്തിൽ എട്ടാം സ്ഥാനത്താണ്. അതിനിടെ, ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെ പിന്നിലാക്കുകയും ചെയ്തു.

ഗപ്റ്റിലിനു പുറമെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (74 പന്തിൽ 76), റോസ് ടെയ്‌ലർ (37 പന്തിൽ 54) എന്നിവരുടെ അർധസെഞ്ചുറികളും ന്യൂസീലൻഡിന്റെ കുതിപ്പിനു കരുത്തേകി. എന്നാൽ, യഥാർഥ വെടിക്കെട്ട് സംഭവിച്ചത് 48–ാം ഓവറിലാണ്. തിസാര പെരേരയെറിഞ്ഞ ഈ ഓവറിൽ ജയിംസ് നീഷാം അടിച്ചുകൂട്ടിയത് അഞ്ചു സിക്സുകളാണ്. ഇതിനു പുറമെ നോബോളും എല്ലാം കൂടി ചേർത്ത് നാലു റൺസ് കൂടി ലഭിച്ചതോടെ പെരേര ആകെ വിട്ടുകൊടുത്തത് 34 റൺസ്.

13 പന്തിൽ ആറു സിക്സ് സഹിതം 47 റൺസെടുത്ത നീഷാമിന് ഏകദിനത്തിലെ വേഗമേറിയ അർധസെഞ്ചുറി ചെറിയ വ്യത്യാസത്തിനാണ് നഷ്ടമായത്. ഓവർ തീർന്നുപോയിരുന്നില്ലെങ്കിൽ നീഷാമിന് അതിവേഗ അർധസെഞ്ചുറി നിഷ്പ്രയാസം നേടാമായിരുന്നു. 16 പന്തിൽ 50 കടന്ന ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ പേരിലാണ് നിലവിൽ റെക്കോർഡ്. പിന്നീട് മൂന്നു വിക്കറ്റും വീഴ്ത്തിയ നീഷാം ബോളിങ്ങിലും ഉജ്വല പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയും തീരെ മോശമാക്കിയില്ല. ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി നിരോഷൻ ഡിക്‌വല്ല–ഗുണതിലക സഖ്യം അവർക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പിന്നീടെത്തിയ കുശാൽ പെരേരയും തകർപ്പൻ സെഞ്ചുറിയുമായി ലങ്കൻ മോഹങ്ങൾ ആളിക്കത്തിച്ചു. പെരേര 86 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും സഹിതം 102 റൺസെടുത്തു പുറത്തായി. ഡിക്‌വല്ല 50 പന്തിൽ എട്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 76 റൺസെടുത്തു. മുൻനിര മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര കൂട്ടത്തോടെ തകർന്നതാണ് ലങ്കയ്ക്ക് വിനയായത്. ന്യൂസീലൻഡിനായി നീഷാം മൂന്നും സോധി, ഫെർഗുസൺ, ട്രെന്റ് ബൗൾട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.