ജയ്പുർ∙ സുരേന്ദ്ര ഒന്നരയേക്കറോളം സ്ഥലം വാങ്ങി; ദേശീയ ടീമിലെത്താനുള്ള മകളുടെ മോഹങ്ങൾക്കു തുണയാകാൻ! അവിടെ ഒരു ക്രിക്കറ്റ് മൈതാനം നിർമിച്ചു. സമ്മാനം വെറുതെയായില്ല. മകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്നെയെത്തി. ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച പ്രിയ പുനിയയും അച്ഛൻ സുരേന്ദ്രയുമാണ് ഈ കഥയുടെ അവകാശികൾ.
രാജസ്ഥാനിലെ ചുരു സ്വദേശികളാണ് സുരേന്ദ്രയും കുടുംബവും. ഡൽഹിയിലായിരുന്നു സുരേന്ദ്രയ്ക്കു ജോലി. ജയ്പുരിലേക്ക് സ്ഥലം മാറ്റമായതോടെ പ്രിയയുടെ പരിശീലനത്തിനു തടസ്സം നേരിട്ടു. പെൺകുട്ടിയായതുകൊണ്ട് ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തില്ല.
മകളുട മോഹങ്ങൾ എന്നും പ്രോൽസാഹിപ്പിച്ച സുരേന്ദ്ര ഒടുവിൽ മകൾക്കായി ‘സാഹസ’ത്തിനു മുതിർന്നു. ജയ്പുരിനടുത്ത് ഏകദേശം ഒന്നരയേക്കർ സ്ഥലം വില കൊടുത്തു വാങ്ങി. അതിനു വേണ്ടി വന്നത് 22 ലക്ഷത്തോളം രൂപ! അച്ഛന്റെ സമ്മാനം പ്രിയ മനസ്സു കൊണ്ടു സ്വീകരിച്ചു. ഒരു വർഷത്തിനകം ഇന്ത്യൻ ടീമിൽ സ്ഥാനം!