സിഡ്നി∙ ബോളിങ് ദുഷ്കരമായ സിഡ്നിയിലെ ‘ഡ്രൈ’ വിക്കറ്റിൽ തോൽവി ഒഴിവാക്കാൻ ഓസീസിന്റെ പെടാപ്പാട്!
കരുതലലോടെ ബാറ്റുവീശുന്നവർക്ക് ആവോളം റൺസ് അടിച്ചെടുക്കാവുന്ന വിക്കറ്റിൽ ഉസ്മാൻ ഖവാജയ്ക്ക് ചേതേശ്വർ പൂജാര ആവാനായില്ല; ടിം പെയ്ന് ഋഷഭ് പന്തും. ഓപ്പണർ മാർക്കസ് ഹാരിസ് നൽകിയ മികച്ച തുടക്കം മുതലാക്കാൻ പിന്നാലെ എത്തിയവർക്കു കഴിയാതെ വന്നപ്പോൾ ഓസീസ് പരുങ്ങലിലായി.
ഇന്ത്യൻ സ്പിന്നർമാർക്കെതിരെ അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റു കളഞ്ഞ ഓസീസ് മൂന്നാം ദിവസം 6 വിക്കറ്റിന് 236 എന്ന നിലയിൽ. ഒരു വിക്കറ്റിന് 128 എന്ന സ്കോറിൽനിന്ന് 6 വിക്കറ്റിന് 198 എന്ന നിലയിലേക്കു വീണ ഓസീസ് ഹാൻഡ്സ്കോംബിന്റയും (28) കമ്മിൻസിന്റെയും (25) ചെറുത്തുനിൽപ്പിലൂടെയാണ് മൂന്നാം ദിനം അതിജീവിച്ചത്. വെളിച്ചക്കുറവു മൂലം ഒരു മണിക്കുർ നേരത്തേ കളി അവസാനിപ്പിച്ചതും ആതിഥേയർക്ക് അശ്വാസമായി.
ഓസീസ് മധ്യനിര ബാറ്റ്സ്മാൻ ഷോൺ മാർഷ് ഇന്നലെ പുറത്തായത് 8 റൺസിന്. ടെസ്റ്റ് ക്രിക്കറ്റിലെ 68 ഇന്നിങിസുകളിൽ 39 തവണയാണ് മാർഷ് 20ൽ താഴെ സ്കോറിനു പുറത്താകുന്നത്. ഇതിൽ 28 തവണ മാർഷ് പുറത്തായതു10ൽ താഴെ സ്കോറിനും. സമൂഹമാധ്യമങ്ങളിൽ മാർഷിന്റെ മോശം ഫോമിനെതിരെ ട്രോളുകൾ വ്യാപകം.
∙ സ്പിൻ കരുത്ത്
പരമ്പരയിലെ ആദ്യ മൽസരം കളിക്കുന്ന കുൽദീപാണ് വിക്കറ്റ് വീഴ്ത്തിത്തുടങ്ങിയത്. കുൽദീപിനെ ബൗണ്ടറിയിലേക്കു പായിക്കാനുള്ള ഖവാജയുടെ (27) ശ്രമം മിഡ് ഓണിൽ പൂജാരയുടെ കൈകളിൽ അവസാനിച്ചു. കൂടുതൽ വിക്കറ്റുകൾ നഷ്ടമാക്കാതെ ലഞ്ചിനു പിരിഞ്ഞ ഓസീസ് രണ്ടാം സെഷനിൽ പക്ഷേ, തകർന്നടിഞ്ഞു.
ജഡേജയെ കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ഹാരിസിന്റെ ബാറ്റിലുരുമ്മി പന്ത് വിക്കറ്റിലേക്കു വീണതോടെ ഓസീസിന്റെ പതനം തുടങ്ങി. ജഡേജയുടെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട മാർഷാണ് (8) പിന്നെ മടങ്ങിയത്. മാർഷ് എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ രഹാനെ അനായാസം ക്യാച്ചെടുത്തു. ആക്രമിച്ചു കളിച്ച ലബുഷെയ്ന്റെ ഇന്നിങ്സ് ഓസീസിനെ തുണയ്ക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ രഹാനെ വീണ്ടും ഇന്ത്യയുടെ രക്ഷയ്ക്കെത്തി.
ഷമിയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ലബുഷെയ്നെ (38) ഉജ്വല ക്യാച്ചിലൂടെ രഹാനെ മടക്കിയതോട ഓസീസ് ഞെട്ടിത്തരിച്ചു. ഫുൾടോസ് ബോളിൽ കുൽദീപിനു റിട്ടേൺ ക്യാച്ച് നൽകി ട്രാവിഡ് ഹെഡും (20) കുൽദീപിന്റെതന്നെ പന്തിൽ നായകൻ ടിം പെയ്നും (5) ബോൾഡായതോടെ ഓസീസ് 6 വിക്കറ്റിനു 198 എന്ന നിലയിൽ.
പന്ത് വായുവിൽ ഉയർത്തിയെറിയുന്ന സ്ഥിരം ശൈലിയാണ് സിഡ്നിയിലും കുൽദീപിനെ തുണച്ചത്. കുൽദീപിനെ ആക്രമിച്ചുകളിക്കാനുള്ള ബാറ്റ്മാൻമാരുടെ ശ്രമമാണ് 3 വട്ടവും വിക്കറ്റിൽ കലാശിച്ചതും.
∙ വില്ലനായി കാലാവസ്ഥ
80 ഓവർ പിന്നിട്ടതോടെ രണ്ടാം ന്യൂബോൾ എടുക്കാൻ നായകൻ വിരാട് കോഹ്‌ലി തീരുമാനിച്ചെങ്കിലും അതിനോടകം വെളിച്ചം മങ്ങിത്തുടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. സ്പിന്നർമാർ ബോൾ ചെയ്താലേ മൽസരം തുടരാനാകൂ എന്ന് അംപയർമാർ അറിയിച്ചതോടെ ഇന്ത്യ ആ ശ്രമം ഉപേക്ഷിച്ചു. വീണ്ടും വെളിച്ചം മങ്ങിയതോടെ രണ്ട് ഓവറുകൾക്കുശേഷം കളി മതിയാക്കാൻ അംപയർമാരുടെ നിർദേശം. പിന്നീടു സിഡ്നിയിൽ ചുഴലിക്കാറ്റും മഴയും ആഞ്ഞടിച്ചു. നാലാം ദിവസമായ ഇന്ന് കളി ഒരു മണിക്കൂർ നേരത്തേ തുടങ്ങും.
2 ദിവസം ബാക്കിനിൽക്കെ മൽസരഫലം എന്താകാനാണു സാധ്യത?
1. ഇന്ത്യൻ ജയം: മൽസരത്തിൽ ജയസാധ്യത ഇപ്പോഴും ഇന്ത്യയ്ക്കുതന്നെ. 186 റൺസ്കൂടി എടുക്കും മുൻപു പുറത്തായാൽ ഓസീസ് ഫോളോ ഓൺ വഴങ്ങും. എന്നാൽ വിജയം ഉറപ്പാക്കാൻ ഇന്ത്യ ഓസീസിനെ ഫോളോ ഓൾ ചെയ്യിച്ചേക്കില്ല. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങി അതിവേഗം സ്കോർ ചെയ്ത ശേഷം ഓസീസിനെ രണ്ടാം ഇന്നിങ്സിൽ പെട്ടെന്നു പുറത്താക്കി മൽസരം ജയിക്കാനാകും ഇന്ത്യയുടെ ശ്രമം.
2. സമനില: ഓസീസിനു വിജയത്തിനുള്ള സാധ്യത വിരളമാണെന്നിരിക്കെ 2 ദിവസം പിടിച്ചുനിന്നു മൽസരം സമനിലയിലാക്കുക എന്നതാകും ഓസീസ് തന്ത്രം. എന്നാൽ ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടമായ ഓസീസിന് ഇനി എത്രകണ്ടു പിടിച്ചുനിൽക്കാനാകുമെന്നു കണ്ടറിയണം. രണ്ടാം ഇന്നിങ്സിൽ കരുതലോടെ ബാറ്റുചെയ്തു കളി സമനിലയിലാക്കാൻ ഓസീസ് ശ്രമിക്കും. മൽസരത്തിൽ ഓസീസ് വിജയിക്കാൻ അദ്ഭുതങ്ങൾ സംഭവിക്കണം.
പന്ത് മറ്റൊരു ഗിൽക്രിസ്റ്റ്
∙ റിക്കി പോണ്ടിങ്: മറ്റൊരു ആദം ഗിൽക്രിസ്റ്റ് ആണു ഋഷഭ് പന്ത്. പന്തിന്റെ കളി കാണുമ്പോൾ അതു വ്യക്തമാണ്. നല്ല പന്തുകൾ തിരഞ്ഞെടുത്ത് ആക്രമിക്കുന്ന ശൈലിക്കാരനാണു പന്ത്. ഐപിഎൽ ഡൽഹി ടീമിൽ പന്തിനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പന്തിന് 21 വയസ്സേയുള്ളൂ. ഇതിനകം 2 സെഞ്ചുറി നേടിക്കഴിഞ്ഞു. ടെസ്റ്റ് ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഇനി വരാനിരിക്കുന്നതു പന്തിന്റെ കാലമാണ്.
സ്കോർ ബോർഡ്
ഇന്ത്യ
ഇന്ത്യ ഒന്നാം ഇന്നിങ്സ്: 622/7 ഡിക്ലയേഡ്
ഓസ്ട്രേലിയ
ഒന്നാം ഇന്നിങ്സ്:
ഹാരിസ് ബി ജഡേജ– 79
ഖവാജ സി പൂജാര ബി കുൽദീപ്– 27
ലബുഷെയ്ൻ സി രഹാനെ ബി ഷമി– 38
മാർഷ് സി രഹാനെ ബി ജഡേജ– 8
ഹെഡ് സി ആൻഡ് ബി കുൽദീപ്– 20
ഹാൻഡ്സ്കോംബ് ബാറ്റിങ്– 28
പെയ്ൻ ബി കുൽദീപ്– 5
കമ്മിൻസ് ബാറ്റിങ്– 25
എക്സ്ട്രാസ്– 6
ആകെ 83.3 ഓവറിൽ 6 വിക്കറ്റിന് 236
വിക്കറ്റ് വീഴ്ച: 72-1, 128-2, 144-3, 152-4, 192-5, 198-6.
ബോളിങ്: ഷമി 16-1-54-1,ബുമ്ര 16-4-43-0, ജഡേജ 27.3-9-62-2, കുൽദീപ് 24-6-71-3.