താരതമ്യത്തിനില്ല; പക്ഷേ ഇത് ഒന്നാന്തരം പേസ് യൂണിറ്റ്: സച്ചിൻ സംസാരിക്കുന്നു

ഓസ്ട്രേലിയയ്ക്കുള്ള ഇന്ത്യയുടെ ഒന്നാം ഉത്തരമായിരുന്നു സച്ചിൻ തെൻഡുൽക്കർ. അന്ന് ഓസീസ് ലോക ക്രിക്കറ്റിലെ പ്രതാപശാലികളായിരുന്നു. ഇപ്പോൾ കളി നേരെ തിരിഞ്ഞിരിക്കുന്നു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രബലമായ ടീമായി മാറി. 

∙ ഇന്ത്യയുടെ പ്രകടനം 

ഇന്ത്യ ഉജ്വലം, പൂജാര അത്യുജ്വലം എന്നു പറയാം. ബോളർമാരെ ക്ഷീണിപ്പിച്ച് ഒരു ഇന്നിങ്സ് കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്ന് പൂജാര കാണിച്ചു തരുന്നു. ഓസ്ട്രേലിയൻ ബാറ്റിങ് നേർവിപരീതമാണ്. ഇന്ത്യൻ ബോളർമാർക്കു മുന്നിൽ അവർ കീഴടങ്ങിയിരിക്കുന്നു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലാത്ത ഓസ്ട്രേലിയൻ ബാറ്റിങ് ശരാശരി മാത്രമാണ്. 

∙ പേസ് യൂണിറ്റ് 

ഒരു വർഷമായി ഈ പേസ് ബോളർമാർ നമുക്കുണ്ട്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും കരുത്തരായ എതിരാളികളായിരുന്നു. വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ദുർബലരും. ഇന്ത്യൻ ബോളർമാരുടെ മികവു കുറച്ചു കാണുകയല്ല. പക്ഷേ ഓസീസ് ബാറ്റിങ് നിര കുറച്ചു കൂടി നന്നായിരുന്നെങ്കിൽ ഇന്ത്യൻ ബോളർമാർ തന്നെ ആ വെല്ലുവിളി ആസ്വദിച്ചേനെ.

∙ ജസ്പ്രീത് ബുമ്ര 

ബുമ്രയെ ആദ്യം കാണുമ്പോൾ എല്ലാവരെയും പോലെ ആ പ്രത്യേക ആക്‌ഷനാണ് ഞാൻ ശ്രദ്ധിച്ചത്. ബുമ്രയുടെ പന്തുകൾ അതിശക്തിയിലാണ് ബാറ്റിൽ വന്നിടിക്കുന്നത് എന്നതും നിരീക്ഷിച്ചു. മുംബൈ ഇന്ത്യൻസിൽ ഒന്നിച്ചു കളിച്ചപ്പോഴാണ് ബുമ്ര എന്ന കളിക്കാരന്റെ മറ്റു ഗുണങ്ങൾ ഞാൻ ശ്രദ്ധിച്ചത്– സ്വന്തം ബോളിങിൽ നല്ല മാറ്റങ്ങൾ വരുത്താനുള്ള ക്ഷമയും പ്രായോഗികതയും ബുമ്രയ്ക്കുണ്ട്. 

ഒരു പേസ് ബോളർക്കു വേണ്ട എല്ലാ ആയുധങ്ങളും ബുമ്രയ്ക്കുണ്ട്– ഇൻസ്വിങർ, ഔട്ട്സ്വിങർ, യോർക്കർ, റിവേഴ്സ് സ്വിങ് എന്നിങ്ങനെ. പിന്നെ ബുദ്ധിപരമായി എറിയുന്ന സ്ലോ ബോളുകളും. ഇതിനൊപ്പം ഒട്ടും പിടിതരാത്ത ആക്‌ഷനും കൂടിയാകുമ്പോൾ ബുമ്ര അപകടകാരിയാകുന്നു. പോൾ ആഡംസ്, മഖായ എൻടിനി, ലസിത് മലിംഗ എന്നിവരെപ്പോലെ പ്രത്യേക ആക്‌ഷനാണ് ബുമ്രയുടേത്. 

∙ വിജയം എന്ന പ്രചോദനം 

ബുമ്രയെ ഇന്ത്യൻ ക്രിക്കറ്റ് എങ്ങനെ മാനേജ് ചെയ്യണം എന്നത് കണക്കു കൂട്ടി പറയാനാവില്ല. കളി തീർത്തു കളയുന്ന ബോളറാണ് ബുമ്ര. അങ്ങനെയൊരാളെ ഒരു ക്യാപ്റ്റനും കാത്തുവയ്ക്കില്ല. കൂടാതെ വിജയങ്ങളിൽ ഊർജം കണ്ടെത്തുന്നയാളുമാണ് ബുമ്ര. 

∙ താരതമ്യത്തിനില്ല 

ഏറ്റവും മികച്ച ഇന്ത്യൻ പേസ് യൂണിറ്റ് എന്ന താരതമ്യത്തിനില്ല. ശ്രീനാഥ്, പ്രസാദ്, അഗാർക്കർ, അനിൽ കുംബ്ലെ, സഹീർ ഖാൻ, ആശിഷ് നെഹ്റ, ഹർഭജൻ സിങ് തുടങ്ങിയവർ പന്തെറിഞ്ഞ ബാറ്റിങ് നിരകളെക്കൂടി നമ്മൾ ഓർക്കണം. 

(അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ‘ദ് വീക്ക്’ വാരികയിൽ)