sections
MORE

ടെസ്റ്റ് പരമ്പര ലോകകപ്പിനെക്കാളും മേലെ; ഫലിച്ചത് ഒരു വര്‍ഷത്തെ അധ്വാനം: വിരാട് കോഹ്‍ലി

Virat-Kohli
SHARE

സിഡ്നി∙ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ മഴ കൂടി കളിച്ചപ്പോൾ സമനിലയായെങ്കിലും പരമ്പര 2–1ന് സ്വന്തമാക്കി രാജകീയമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ നിൽക്കുന്നത്. ജയത്തോടെ ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടവും കൂടിയായി ഇത്. ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്ന ഇന്ത്യക്കാരനും ഏഷ്യക്കാരനും ആയി ക്യാപ്റ്റൻ വിരാട് കോഹ്‍ലി. നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ പെർത്തിൽ നേടിയ സെഞ്ചുറിയുൾപ്പെടെ ആകെ 282 റൺസ് നേടിയാണ് വിരാട് ടീം ഇന്ത്യയെ നയിച്ചത്.

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എന്റെ ടീമിനെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു സംസ്കാരം ഉണ്ടാക്കിയെടുക്കാനാണു ജോലി ചെയ്തത്. ഇക്കാലത്തെ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണിത്– ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോഹ്‍ലി പറഞ്ഞു.

ടീം ഇന്ത്യയുടെ കാര്യത്തിൽ ഇതൊരു ചവിട്ടുപടിയാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം വളരെ ചെറുതാണ്. വിശ്വാസമാണു ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതുപോലുള്ള കളിക്കാരുടെ നായകനാകാൻ സാധിക്കുന്നതു തന്നെ ഒരു അംഗീകാരമാണ്. അവരാണു നായകനെ മികച്ചതാക്കുന്നത്. തീർച്ചയായും ആസ്വദിക്കേണ്ട ഒരു നിമിഷമാണ് ഇതെന്നും വിരാട് കോ‍ഹ്‍ലി പ്രതികരിച്ചു.

പരമ്പരയിൽ അഡ്‍ലെയ്ഡ്, മെൽബൺ ടെസ്റ്റുകളിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പെർത്തിലെ ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചു. അവസാനത്തേതും നിർണായകവുമായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ തകര്‍പ്പൻ പ്രകടനം ആരാധകരിൽ വീണ്ടുമൊരു ജയമെന്ന മോഹം കൂടി നിറച്ചതാണ്. പക്ഷേ മഴ കൂടി ഓസ്ട്രേലിയയ്ക്കായി ‘കനിഞ്ഞപ്പോൾ’ആ ജയം ഒരു സമനിലയായി മാറി. നാലാം ടെസ്റ്റിന്റെ അവസാന രണ്ടു ദിവസങ്ങളിൽ മഴയായിരുന്നു ഇരു ടീമുകളേക്കാളും കളിച്ചത്.

2011 ൽ‌ എംഎസ് ധോണിയുടെ കീഴിൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 1983ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ലോകചാംപ്യന്‍മാരായതിനു വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യ വീണ്ടും 2011ല്‍ കിരീട ജേതാക്കളായത്. ഏതാണു മികച്ചതെന്നു മാധ്യമങ്ങൾ ചോദിച്ചപ്പോൾ സിഡ്നിയിൽ കോഹ്‍ലിയുടെ പ്രതികരണം ഇങ്ങനെ– എന്റെ ഏറ്റവും മികച്ച നേട്ടം ഈ ടെസ്റ്റ് പരമ്പരയാണ്. ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ ടീമിലെ യുവതാരമായിരുന്നു ഞാൻ. അന്നു പല താരങ്ങളും വൈകാരികമായി പ്രതികരിക്കുന്നത് എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

71 വര്‍ഷത്തിനിടെ 11 ശ്രമങ്ങൾക്കു ശേഷമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. കോഹ്‍ലിയുടെ നേതൃത്വത്തിൽ ശ്രീലങ്കയിലും വെസ്റ്റ് ഇൻഡീസിലും ഇന്ത്യ നേരത്തേ ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA