തിരുവനന്തപുരം∙ കേരള ടസ്കേഴ്സിന്റെ അകാല വിയോഗത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരപ്പൊലിമ അന്യമായിപ്പോയ കേരളത്തിന് ഈ സീസണിൽ ആതിഥേയരാകാനുള്ള ഭാഗ്യം ലഭിക്കുമോ? റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇക്കുറി ഐപിഎൽ മാമാങ്കത്തിനു വേദിയാകുന്ന മൈതാനങ്ങളിലൊന്ന് കേരളത്തിൽനിന്നാകും. ബിസിസിഐ തയാറാക്കിയ 20 ഐപിഎൽ വേദികളുടെ പട്ടികയിൽ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയവും ഇടംപിടിച്ച സാഹചര്യത്തിലാണിത്. അവസാന റൗണ്ടിൽ അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ മലയാളികൾക്ക് ഇക്കുറി തിരുവനന്തപുരത്തുപോയി ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങൾ കാണാം.
ടീമുകളുടെ താൽപര്യത്തിലുപരി ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾക്കനുസരിച്ച് ഇത്തവണ വേദി നിശ്ചയിക്കാനുള്ള തീരുമാനമാണ് കേരളത്തിനും വേദി ലഭിക്കാൻ സാധ്യതയൊരുക്കിയത്. തിരഞ്ഞെടുപ്പിനെ ബാധിക്കാത്തവിധം ഇക്കുറി ഐപിഎൽ മൽസരങ്ങൾക്കു ‘ന്യൂട്രൽ’ വേദികൾ കണ്ടെത്താനാണ് നിലവിൽ ബിസിസിഐയുടെ തീരുമാനം. ഇതുപ്രകാരമാണ് തിരുവനന്തപുരം ഉൾപ്പെടുന്ന മൈതാനങ്ങളുടെ പട്ടിക ബിസിസിഐ തയാറാക്കിയിരിക്കുന്നത്.
കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഉടലെടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടാക്കാൻ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തെയും പരിഗണിച്ചിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ കപ്പിനും ചുണ്ടിനുമിടയിൽ വേദി ഭാഗ്യം തിരുവനന്തപുരത്തിനു നഷ്ടമാകുകയായിരുന്നു.