ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു ‘വൻമതിൽ’ രാഹുൽ ദ്രാവിഡിന്റെ ജന്മദിനമാണ് ഇന്ന്. പോരാട്ടത്തിന്റെ ക്രീസുകളിൽ എന്നും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ട ദ്രാവിഡിന്, ഇന്ന് 46 വയസ് പൂർത്തിയാകുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ജന്റിൽമാന്റെ ജന്മനാളിൽ, അദ്ദേഹത്തിന്റെ പഴയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം! സ്വകാര്യ ടെലിവിഷൻ ചാനലിലെ ചാറ്റ് ഷോയിൽ സ്ത്രീവിരുദ്ധപരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ശ്രദ്ധേയരായ ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും വിലക്കിന്റെ വക്കിലെത്തി നിൽക്കവെയാണ്, ദ്രാവിഡിന്റെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
പണ്ട് ദ്രാവിഡ് നൽകിയ അഭിമുഖത്തിന്റെ ഈ വിഡിയോ ഹാർദിക് കാണണമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തെ കണ്ടു പഠിക്കണമെന്നുമുള്ള വാചകത്തോടെയാണ് വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്. എംടിവിയിൽ പണ്ട് സംപ്രേക്ഷണം ചെയ്ത എം.ടി. ബക്റ എന്ന പരിപാടിയുടെ വിഡിയോയാണിത്. താരങ്ങളെ രസകരമായി പറ്റിക്കുന്ന പരിപാടിയാണിത്.
ഈ പരിപാടിയുടെ ഒരു എപ്പിസോഡിൽ ബോളിവുഡ് നടി സയാലി ഭഗത് അവതാരകയുടെ വേഷത്തിലെത്തി ദ്രാവിഡിനെ കബളപ്പിച്ചിരുന്നു. സിംഗപ്പൂരില്‍ നിന്ന് വന്ന മാധ്യമപ്രവര്‍ത്തകായണെന്നും 15 മിനിറ്റ് സംസാരിക്കണമെന്നും സയാലി ആവശ്യപ്പെടുന്നു. രാഹുൽ അനുവദിക്കുകയും ചെയ്തു. അഭിമുഖത്തിന് ശേഷമാണ് ട്വിസ്റ്റ്. സയാലി രാഹുലിന്റെ സോഫയിലേക്ക് കയറി ഇരുന്ന് തന്റെ മനസിൽ രാഹുലിനോടുള്ള പ്രണയം വെളിപ്പെടുത്തുന്നു. വിവാഹം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
എന്തു സംഭവിക്കാവുന്ന ഈ നിമിഷത്തിൽ മനഃസാന്നിധ്യം കൈവിടാതെയുള്ള ദ്രാവിഡിന്റെ പ്രതികരണമാണ് ‘ക്ലാസ്’. സംഗതി കൈവിട്ടുപോയെന്ന് തോന്നിയതോടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ രാഹുൽ ശ്രമിക്കുന്നുണ്ട്. ഇതോടെ അവതാരകയുടെ അച്ഛനാണെന്ന് പറഞ്ഞ് ഒരാൾ കയറി വരുന്നു. അദ്ദേഹവും നിർബന്ധിച്ചതോടെ രാഹുൽ ശരിക്കും സമർദ്ദത്തിലായി. തന്റെ മകളെ വിവാഹം കഴിക്കൂ എന്ന് അച്ഛനും ദ്രാവിഡിനോട് ആവശ്യപ്പെടുന്നു.
സാക്ഷാൽ ഷോയ്ബ് അക്തറിന്റെയും ബ്രെറ്റ് ലീയുടെയും അതിവേഗ പന്തുകൾക്കു മുന്നിൽ കുലുങ്ങാതെ സധൈര്യം നിന്ന ദ്രാവിഡിനുണ്ടോ, കുലുക്കം. ആരോടും ദേഷ്യപ്പെടാതെ തികച്ചും ശാന്തമായി കാര്യങ്ങൾ ധരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. 20 വയസ് മാത്രമുള്ള മകൾക്ക് വിവാഹം നടത്താൻ അല്ല ശ്രമിക്കേണ്ടത്, അവൾക്ക് ഉന്നത വിദ്യാഭ്യാസം നൽകൂ എന്ന് ദ്രാവിഡ് ഉപദേശിക്കുന്നു. സമർദ്ദത്തിലൊന്നും വഴങ്ങാതെ കൂളായി രാഹുൽ നിന്നതോടെ ഇത് വെറും ടിവി പരിപാടിയാണെന്ന് അവതാരക വെളിപ്പെടുത്തുന്നു. 'എം.ടി.വി ബക്‌റ' എന്ന പരിപാടി ആണെന്നറിയുന്നതോടെ ദ്രാവിഡ് ചിരിക്കുന്നതും ചമ്മല്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
തീർത്തും പ്രകോപനകരമായ സംഗതികൾ അരങ്ങേറിയിട്ടും അസാമാന്യ നിയന്ത്രണത്തോടെ, ഒട്ടുമേ ക്ഷോഭിക്കാതെ ദ്രാവിഡ് ഈ രംഗം കൈകാര്യം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നത്. ഒരു ചാറ്റ് ഷോയിൽ പോയിരുന്നു വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ് സമകാലീന ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു യുവതാരങ്ങൾ ചീത്തവിളി കേൾക്കുമ്പോൾ, അവിടെയും എങ്ങനെ പെരുമാറണമെന്ന പാഠവുമായി ദ്രാവിഡ് തന്നെ വരുന്നു.