സിഡ്നി ∙ മകളുടെ പിറവി സെഞ്ചുറി പ്രകടനവുമായി ആഘോഷിച്ച ‘ഹിറ്റ്മാൻ’ രോഹിത് ശർമയുടെയും ഉറച്ച പിന്തുണ നൽകിയ മഹേന്ദ്രസിങ് ധോണിയുടെയും ഐതിഹാസിക പോരാട്ടം വിഫലമാക്കി സിഡ്നി ഏകദിനത്തിൽ ഇന്ത്യയ്ക്കു തോൽവി. ടെസ്റ്റ് പരമ്പര വിജയം ലോകകപ്പ് കിരീടനേട്ടം പോലെ ആഘോഷിച്ച ഇന്ത്യയെ, 34 റൺസിനു തോൽപ്പിച്ചാണ് ഓസീസിന്റെ ‘ഷോക്ക് ട്രീറ്റ്മെന്റ്’. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് രോഹിത്തിന്റെ തകർപ്പൻ സെഞ്ചുറിയും (129 പന്തിൽ 133), മഹേന്ദ്രസിങ് ധോണിയുടെ അർധസെഞ്ചുറിയും (96 പന്തിൽ 51) ഒരു ഘട്ടത്തിൽ പ്രതീക്ഷ നൽകിയതാണ്. എന്നാൽ, ജൈ റിച്ചാർഡ്സൻ–ജേസൺ ബെഹ്റൻഡ്രോഫ് സഖ്യത്തിന്റെ ഉജ്വല ബോളിങ് പ്രകടനമാണ് മൽസരം ആതിഥേയർക്ക് അനുകൂലമാക്കിയത്. ഇതോടെ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഓസീസ് വിജയം 34 റൺസിന്. മൂന്നു മൽസരങ്ങടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തുകയും ചെയ്തു.
ഓസീസിനായി റിച്ചാർഡ്സൻ 10 ഓവറിൽ 26 റൺസ് വഴങ്ങി നാലും അരങ്ങേറ്റ മൽസരം കളിച്ച ബെഹ്റെൻഡ്രോഫ് 10 ഓവറിൽ 39 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. മാർക്കസ് സ്റ്റോയ്നിസും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ, നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ പീറ്റർ സിഡിലിനാണ് കുൽദീപ് യാദവിന്റെ വിക്കറ്റ്. റിച്ചാർഡ്സനാണു കളിയിലെ കേമൻ. പരമ്പരയിലെ രണ്ടാം മൽസരം ചൊവ്വാഴ്ച നടക്കും. ഏകദിന ലോകകപ്പിനായി തയാറെടുക്കുന്ന ഇന്ത്യയ്ക്കു മുന്നിൽ, ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഒരുപിടി ചോദ്യങ്ങൾ ബാക്കിവച്ചാണ് സിഡ്നി ഏകദിനത്തിനു തിരശീല വീഴുന്നത്. അതേസമയം, വിവിധ ഫോർമാറ്റുകളിലായി രാജ്യാന്തര ക്രിക്കറ്റഇൽ ഓസ്ട്രേലിയയുടെ 1000–ാമത്തെ വിജയമാണിത്.
∙ വിനയായത് മുൻനിരയുടെ പരാജയം
289 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ മുൻനിരയെ തകർത്തു തരിപ്പണമാക്കിയാണ് റിച്ചാർഡ്സൻ – ബെഹ്റൻഡ്രോഫ് സഖ്യം മൽസരം ഇന്ത്യയിൽനിന്ന് തട്ടിയെടുത്തത്. നാല് ഓവറിൽ നാലു റൺസ് ചേർക്കുമ്പോഴേയ്ക്കും ശിഖർ ധവാൻ (പൂജ്യം), വിരാട് കോഹ്‍ലി (മൂന്ന്), അമ്പാട്ടി റായുഡു (പൂജ്യം) എന്നിവരാണ് പവലിയനിൽ മടങ്ങിയെത്തിയത്. അവിടെനിന്ന് പോരാട്ടം ഏറ്റെടുത്ത രോഹിത്–ധോണി സഖ്യം അവിശ്വസനീയമാംവിധം ഇന്ത്യയെ മൽസരത്തിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.
ക്ഷമാപൂർവം കെട്ടിപ്പടുത്ത ഇന്നിങ്സിലൂടെ നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത സഖ്യം, മൽസരത്തിലെ ഇന്ത്യൻ സാധ്യതകളെ ഊതിക്കത്തിച്ചു. എന്നാൽ, സ്കോർ 141ൽ നിൽക്കെ അംപയറിന്റെ തെറ്റായ തീരുമാനത്തിൽ ധോണി എൽബിയിൽ കുരുങ്ങി പുറത്തായതാണ് മൽസരത്തിൽ വഴിത്തിരിവായത്. ഏകദിനത്തിലെ 68–ാം അർധസെഞ്ചുറി നേടിയ ധോണി 96 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 51 റൺസെടുത്തു. റിവ്യൂ ഒന്നും ബാക്കിയില്ലാതിരുന്നതിനാൽ, അംപയറിന്റെ തീരുമാനം ശിരസ്സാ വഹിച്ച് ധോണി മൈതാനം വിട്ടു.
പിന്നീട് രോഹിത് ശർമ ഒറ്റയാൾ പോരാട്ടത്തിലൂടെ ഓസീസ് ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 129 പന്തിൽ 10 ബൗണ്ടറിയും ആറു സിക്സും സഹിതം 133 റൺസുമായി സ്റ്റോയ്നിസിന്റെ പന്തിൽ മാക്സ്‍വെല്ലിന് ക്യാച്ച് സമ്മാനിച്ച് രോഹിത് കൂടാരം കയറിയതോടെ ഇന്ത്യ മൽസരം കൈവിടുകയും ചെയ്തു. അവസാന ഓവറുകളിൽ വമ്പൻ അടികളിലൂടെ സ്കോറുയർത്തിയ ഭുവനേശ്വർ കുമാറാണ് ഇന്ത്യയുടെ പരാജയ ഭാരം കുറച്ചത്. ഭുവി 23 പന്തിൽ നാലു ബൗണ്ടറികളോടെ 29 റൺസെസെടുത്ത് പുറത്താകാതെ നിന്നു. മുഹമ്മദ് ഷമി ഒരു റണ്ണുമായി അവസാന പന്തിൽ പുറത്തായി. ദിനേഷ് കാർത്തിക് (21 പന്തിൽ 12), രവീന്ദ്ര ജഡേജ (13 പന്തിൽ എട്ട്), കുൽദീപ് യാദവ് (ആറു പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
∙ റെക്കോർഡ് ബുക്കിൽ രോഹിത്, ധോണി
ഇന്ത്യൻ ഇന്നിങ്സിനെ കരകയറ്റുന്നതിനിടെ ചില നാഴികക്കല്ലുകളും രോഹിത്തും ധോണിയും പിന്നിട്ടു. ഇന്ത്യയ്ക്കായി ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കുന്ന അഞ്ചാമത്തെ താരമായി ധോണി മാറിയതാണ് അതിലൊന്ന്. ഏകദിനത്തിൽ ധോണി 10,000 റൺസ് നേരത്തെ തന്നെ പിന്നിട്ടതാണെങ്കിലും അതിൽ ലോക ഇലവൻ ഉൾപ്പെടെയുള്ള ടീമുകൾക്കായി നേടിയ റൺസും ഉൾപ്പെട്ടിരുന്നു. ഇക്കുറി ഇന്ത്യയ്ക്കായി മാത്രം ധോണി നേടിയ റൺസ് 10,000 കടന്നു.
ഇന്ത്യ–ഓസ്ട്രേലിയ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് ശർമ മാറിയതാണ് മറ്റൊന്ന്. 1622 റൺസുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ആഡം ഗിൽക്രിസ്റ്റിനെയാണ് രോഹിത് മറികടന്നത്. സച്ചിൻ തെൻഡുൽക്കർ (3077), റിക്കി പോണ്ടിങ് (2164) എന്നിവരാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്.
ഓസീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായും രോഹിത് മാറി. ഓസീസിനെതിരെ രോഹിതിന്റെ ഏഴാം സെഞ്ചുറിയാണിത്. ആറു സെഞ്ചുറി നേടിയിട്ടുള്ള വിൻഡീസ് താരം ഡെസ്മണ്ട് ഹെയിൻസിനെയാണ് രോഹിത് മറികടന്നത്. ഇനി മുന്നിലുള്ളത് ഒൻപതു സെഞ്ചുറികൾ നേടിയ സച്ചിൻ മാത്രം. അഞ്ചു സെഞ്ചുറിയുമായി കോഹ്‍ലി നാലാം സ്ഥാനത്തുണ്ട്.
∙ മൂന്ന് അർധസെഞ്ചുറി, മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ട്
നേരത്തെ, മൂന്ന് അർധസെഞ്ചുറികളും മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളും നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ 289 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഉസ്മാൻ ഖവാജ (81 പന്തിൽ 59), ഷോൺ മാർഷ് (70 പന്തിൽ 54), പീറ്റർ ഹാൻഡ്സ്കോംബ് (61 പന്തിൽ 73) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. മാർക്കസ് സ്റ്റോയ്നിസ് 43 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
41 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ ഓസീസിന് മൂന്നാം വിക്കറ്റിൽ ഖവാജ–മാർഷ് സഖ്യവും (92), നാലാം വിക്കറ്റിൽ ഹാൻഡ്സ്കോംബ്–മാർഷ് സഖ്യവും (53), അഞ്ചാം വിക്കറ്റിൽ ഹാൻഡ്സ്കോംബ്–സ്റ്റോയ്നിസ് സഖ്യവും (68) പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ആരോൺ ഫിഞ്ച് (11 പന്തിൽ ആറ്), അലക്സ് കാറെ (31 പന്തിൽ 24), മാർക്കസ് സ്റ്റോയ്നിസ് (പുറത്താകാതെ 47), ഗ്ലെൻ മാക്സ്‍വെൽ (പുറത്താകാതെ 11) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനം.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റു വീഴ്ത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച പേസ് ബോളർ ഭുവനേശ്വർ കുമാർ, ഏകദിനത്തിൽ 100 വിക്കറ്റ് പൂർത്തിയാക്കി. മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ചാണ് 100 വിക്കറ്റ് ക്ലബ്ബിലേക്ക് ഭുവിയുടെ രാജകീയ പ്രവേശം.