sections
MORE

കേരളത്തിന് പിന്തുണയുമായി ഇന്ന് സിഡ്നിയിലെ ഗാലറിയിൽ ചെണ്ടമേളം

sydney-malayalees
SHARE

സിഡ്നി∙ പ്രളയക്കെടുതികളിൽ നിന്നു കരകയറുന്ന കേരളത്തിനു പിന്തുണയുമായി സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നു ചെണ്ടമേളമുയരും. ഇന്ത്യ– ഓസ്ട്രേലിയ ആദ്യ ഏകദിനം തുടങ്ങുന്നതിനു മുൻപ് ചെണ്ടമേളത്തിനു പുറമേ കേരളത്തിന്റെ കലകൾ അവതരിപ്പിക്കാനുള്ള അവസരം, പ്രളയം–പുനർനിർമാണം ഇവയെക്കുറിച്ചു ജനങ്ങളോടും മാധ്യമങ്ങളോടും സംവദിക്കാനുള്ള അവസരം തുടങ്ങിയവയ്ക്കെല്ലാം അവസരം ഒരുക്കുന്നത് ക്രിക്കറ്റ് ഓസ്ട്രേലിയയാണ്. 

സിഡ്നിയിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ക്രിക്കറ്റ് ഓസ്ട്രേലിയ ബിസിനസ് മാനേജർ ലൂയിസ് ജെഫിനെ സമീപിച്ചത് ഒരു ബാറ്റിനു വേണ്ടിയായിരുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ നിർമിക്കുന്ന വീടുകളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന കാർണിവലിൽ ലേലം ചെയ്യാൻ ഓസീസ് താരങ്ങളുടെ കയ്യൊപ്പോടു കൂടിയ ഒരു ബാറ്റ് ആയിരുന്നു ആവശ്യം.

പ്രളയത്തെപ്പറ്റിയും പുനർനിർമാണത്തെപ്പറ്റിയും  കേട്ട ലൂയിസ്, ലേലവസ്തുക്കളുടെ കാര്യം ഉറപ്പാക്കിയ ശേഷമുന്നയിച്ച ചോദ്യം അസോസിയേഷൻ പ്രതിനിധികളെ അൽഭുതപ്പെടുത്തി. എന്തുകൊണ്ട്  സിഡ്‌നിയിൽ ഏകദിന മത്സരം  നടക്കുമ്പോൾ കേരളത്തിന്റെ പുനർനിർമാണത്തെപ്പറ്റി ലോകത്തോട് പറഞ്ഞുകൂടാ ?

അതോടെ 500 മലയാളികൾക്ക് ഒരുമിച്ചു പവലിയനിലിരുന്നു കളി കാണാനുള്ള അവസരമൊരുങ്ങി. പ്ലക്കാർഡ്, ബാനർ തുടങ്ങിയവുമായി ഗ്രൗണ്ടിലെത്താൻ നിർദ്ദേശിച്ചതു ലൂയിസ് തന്നെ. ടിക്കറ്റുകൾ മുഴുവൻ അതിവേഗം വിറ്റുതീർന്നു. ഇന്ന് അവർ ഗാലറിയിലിരുന്ന് ഒരുമിച്ചു ലോകത്തോടെ പറയും,  കേരളത്തിന്റെ അതിജീവനത്തിന്റെ കഥ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA