സിഡ്നി∙ പന്തു ചുരണ്ടൽ വിവാദത്തിൽ പണി തെറിച്ച ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ മടങ്ങിവരവ് വൈകും. വിലക്കിനെത്തുടർന്ന് രാജ്യാന്തര മൽസരങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന സ്മിത്തിന്റെ കൈമുട്ടിലെ പരുക്ക് ബംഗ്ലദേശ് പ്രീമിയർ ലീഗ് (ബിപിഎൽ) മൽസരത്തിനിടെയാണു വഷളായത്. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന താരത്തിന് ഒന്നരമാസത്തിലധികം വിശ്രമം വേണ്ടിവരുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്നലെ സ്ഥിരീകരിച്ചു.
ബിപിഎൽ ടീം കോമില വിക്ടോറിയൻസിന്റെ ക്യാപ്റ്റനായ സ്മിത്ത് പരുക്കുള്ള കൈയുമായി 2 മൽസരങ്ങളിൽ കളിച്ചു. കൈമുട്ടിൽ വലിയ പ്ലാസ്റ്റർ ഒട്ടിച്ചാണ് കളിക്കിറങ്ങിയത്. എന്നാൽ, തുടർന്നു കളിക്കാൻ കഴിയാതെ വന്നതോടെ സ്മിത്ത് ഓസ്ട്രേലിയയ്ക്കു മടങ്ങി.
വിദഗ്ധ പരിശോധനയിൽ കൈമുട്ടിലെ പരുക്ക് വഷളായതാണ് എന്നു വ്യക്തമായി. 15നു ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന സ്മിത്തിന് 6 ആഴ്ചക്കാലം ചികിൽസയുടെ ഭാഗമായി വിശ്രമം വേണ്ടി വരും. തുടർന്ന് കായികക്ഷമത വീണ്ടെടുക്കുന്നതിനു കൂടുതൽ സമയമെടുക്കും. വിലക്ക് കാലാവധി കഴിഞ്ഞാലും സ്മിത്തിന്റെ മടങ്ങിവരവ് എപ്പോഴുണ്ടാകുമെന്ന് പറയാൻ വയ്യാത്ത സ്ഥിതിയാണ്.