sections
MORE

മൂന്നാം ടെസ്റ്റിലും പാക്കിസ്ഥാൻ തോറ്റു; റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്ക രണ്ടാമത്

south-africa-players-celebrate
SHARE

ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും പാക്കിസ്ഥാന് ദയനീയ തോൽവി. ജൊഹാനാസ്ബർ‌ഗിൽ നടന്ന ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ 107 റൺസിനു തകർത്ത ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ 381 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാക്കിസ്ഥാൻ, 273 റൺസിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഡുവാനി ഒളീവർ, കഗീസോ റബാഡ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. 65 റൺസെടുത്ത ആസാദ് ഷഫീഖാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഷതാബ് ഖാൻ 47 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിൽ തുടർച്ചയായ നാലാം പരമ്പരയിലാണ് പാക്കിസ്ഥാൻ എല്ലാ ടെസ്റ്റുകളും തോൽക്കുന്നത്.

സ്കോർ: ദക്ഷിണാഫ്രിക്ക – 262 & 303, പാക്കിസ്ഥാൻ – 185 & 273

രണ്ടാം ഇന്നിങ്സിൽ ഉജ്വല സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്കാണ് കളിയിലെ കേമൻ. മൽസരത്തിലാകെ 147 റൺസ് നേടിയ ഡികോക്ക്, ഏഴു ക്യാച്ചുകളും സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ ഉജ്വല ബോളിങ് പ്രകടനവുമായി പാക്കിസ്ഥാനെ തകർത്തെറിഞ്ഞ ഡുവാനി ഒളീവർ പരമ്പരയുടെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു മൽസരങ്ങളിൽനിന്ന് 24 വിക്കറ്റാണ് ഒളീവറിന്റെ സമ്പാദ്യം.

പരമ്പര തൂത്തുവാരിയ പ്രകടനത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് റാങ്കിങ്ങിൽ കുതിച്ചുകയറി രണ്ടാമതെത്തി. ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളെ പിന്നിലാക്കിയ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇനി ഇന്ത്യ മാത്രമേയുള്ളൂ. 116 റേറ്റിങ് പോയിന്റുള്ള ഇന്ത്യയ്ക്കു പിന്നിൽ 110 പോയിന്റുമായാണ് ദക്ഷിണാഫിക്ക് രണ്ടാമതെത്തിയത്. പാക്കിസ്ഥാനാകട്ടെ, ശ്രീലങ്കയ്ക്കു പിന്നിൽ ഏഴാം സ്ഥാനത്തേക്കു പതിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA