ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു തകർപ്പൻ ജയം. വിരാട് കോഹ്‌ലി (104), എം.എസ്. ധോണി (54 പന്തിൽ പുറത്താകാതെ 55), ദിനേഷ് കാർത്തിക് (14 പന്തിൽ പുറത്താകാതെ 25) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. സ്കോർ– ഓസ്ട്രേലിയ 50 ഓവറിൽ 9 വിക്കറ്റിന് 298; ഇന്ത്യ 49.2 ഓവറിൽ 4 വിക്കറ്റിന് 299. മൂന്നു മൽസരങ്ങളുടെ പരമ്പര ഇതോടെ തുല്യനിലയിലായി (1–1). മെൽബണിൽ വെള്ളിയാഴ്ച നടക്കുന്ന മൽസരത്തിലെ വിജയികൾക്ക് പരമ്പര സ്വന്തമാകും.
അഡ്‌ലെയ്ഡ്∙ ഭാഗ്യവേദിയുമായുള്ള ആത്മബന്ധം വിരാട് കോഹ്‌ലി കൈവിട്ടില്ല! അഡ്‌ലെയ്ഡ് സ്റ്റേഡിയത്തിലെ റെക്കോർഡ് ശേഖരത്തിലേക്ക് ഒരു സെഞ്ചുറി കൂടി ചേർത്തുവച്ച കോഹ്‌ലി ഒരിക്കൽക്കൂടി റൺചേസിലെ വിശ്വരൂപം പുറത്തെടുത്തു. ഓസീസ് പേസർമാരെ കരുതലോടെ നേരിട്ട കോഹ്‌ലി കെട്ടിപ്പടുത്ത അടിത്തറയിൽ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുക എന്ന ദൗത്യം എം.എസ്. ധോണിയും ഭംഗിയാക്കി.
ഫോം നഷ്ടത്തിനും മെല്ലെപ്പോക്ക് ഇന്നിങ്സുകൾക്കും സഡൻ ബ്രേക്കിട്ട ഉജ്വല ഇന്നിങ്സ്! മധ്യനിരയിൽ ദിനേഷ് കാർത്തികിന്റെ മനസ്സാന്നിധ്യം കൂടിയായപ്പോൾ അഡ്‌ലെയ്ഡ് ഏകദിനത്തിലെ വിജയം ഇന്ത്യയ്ക്കൊപ്പം. ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിലും ഇന്ത്യ ഇവിടെ ജയിച്ചിരുന്നു.
ബെഹ്റെൻഡ്രോഫ് എറിഞ്ഞ അവസാന ഓവറിൽ ഏഴു റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്സ്ടിച്ച ധോണി രണ്ടാം പന്തിലെ സിംഗിളോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ബെസ്റ്റ് ഫിനിഷർ എന്ന വിശേഷണത്തിന് യോജിച്ച പ്രകടനമാണ് മുൻ ഇന്ത്യൻ നായകൻ ഇന്നലെ പുറത്തെടുത്തത്.
∙ ക്ലാസ് കോഹ്‌ലി
പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച ശിഖർ ധവാനെ (28 പന്തിൽ 32) ബഹ്റെൻഡ്രോഫ് മടക്കിയതോടെ എട്ടാം ഓവറിൽ ക്രീസിലെത്തിയ കോഹ്‌ലിയെ 44–ാം ഓവറിലാണ് ഓസീസിനു പുറത്താക്കാനായത്. എന്നാൽ അതിനോടകം ഏകദിനത്തിലെ 39–ാം സെഞ്ചുറിയോടെ ഓസീസിന്റെ പതനത്തിനു കോഹ്‌ലി വഴിമരുന്നിട്ടിരുന്നു. 112 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 104 റൺസ് നേടിയ കോഹ്‌ലി മൂന്ന് അർധ സെഞ്ചുറി കൂട്ടുകെട്ടുകളിലും പങ്കാളിയായി.
നാലാം വിക്കറ്റിൽ ധോണിക്കൊപ്പം 82, മൂന്നാം വിക്കറ്റിൽ റായുഡുവിനൊപ്പം 59, രണ്ടാം വിക്കറ്റിൽ രോഹിതിനൊപ്പം 54. കളിയിലെ താരവും ഉജ്വല സെഞ്ചുറിയോടെ ടീമിനെ മൂന്നിൽനിന്നു നയിച്ച കോഹ‌്‍ലി തന്നെ. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ വേദിയിൽ കോഹ്‌ലിക്ക് ഇതിനപ്പുറം എന്തുവേണം!
∙ ക്ലാസ് ഭുവി
സിഡ്നി ഏകദിനത്തിൽ ഓസീസ് ബാറ്റ്സ്മാൻമാർ അടിച്ചു പഞ്ചറാക്കിവിട്ടതിന് ഉഗ്രൻ മറുമരുന്നുമായാണ് ഭുവനേശ്വർ കുമാർ കളിക്കിറങ്ങിയത്. ആദ്യ 5 ഓവറിൽ ഭുവി വിട്ടു നൽകിയത് 9 റൺസ് മാത്രം. ഇതോടൊപ്പം കിടിലൻ ഇൻ സ്വിങ്ങറിലൂടെ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റും ഭുവി തെറിപ്പിച്ചു.
സ്കോർ ബോർഡ്
ഓസ്ട്രേലിയ
അലക്സ് കാരി സി ശിഖർ ധവാൻ ബി മുഹമ്മദ് ഷമി– 18, ഫിഞ്ച് ബി ഭുവനേശ്വർ – 6, ഉസ്മാൻ ഖവാജ റണ്ണൗട്ട് – 21, മാർഷ് സി ജഡേജ ബി കുമാർ – 131, ഹാൻഡ്സ്കോംബ് സ്റ്റംപ്ഡ് ധോണി ബി ജഡേജ– 20, സ്റ്റോയ്ൻസ് സി ധോണി ബി ഷമി– 29, ഗ്ലെൻ മാക്സ്‌വെൽ സി കാർത്തിക് ബി ഭുവനേശ്വർ കുമാർ – 48, ജേ റിച്ചഡ്സൺ സി ധവാൻ ബി ഷമി– 2, നേഥൻ ലയൺ നോട്ടൗട്ട്– 12, പീറ്റർ സിഡിൽ സി വിരാട് കോഹ്‍ലി ബി ഭുവനേശ്വർകുമാർ – 0, ജയ്സൻ ബഹ്റെൻഡ്രോഫ് നോട്ടൗട്ട്– 1
എക്സ്ട്രാസ്– 10
ആകെ 50 ഓവറിൽ ഒൻപതിന് 298
വിക്കറ്റ് വീഴ്ച: 1–20, 2–26, 3–82, 4–134, 5–189, 6–283, 7– 283, 8–286, 9–286
ബോളിങ്: ഭുവനേശ്വർ കുമാർ 10–0–45–4, മുഹമ്മദ് ഷമി 10–0–58–3, മുഹമ്മദ് സിറാജ് 10–0–76–0, കുൽദീപ് യാദവ് 10–0–66–0, രവീന്ദ്ര ജഡേജ 10–1–49–1
ഇന്ത്യ
രോഹിത് ശർമ സി പീറ്റർ ഹാൻഡ്കോംബ് ബി മാർക്കസ് സ്റ്റോയിനിസ് – 43, ശിഖർ ധവാൻ സി ഉസ്മാൻ ഖവാജി ബി ജാസൻ ബഹ്റെൻഡ്രോഫ്– 32, വിരാട് കോഹ്‍ലി സി ഗ്ലെൻ മാക്സ്‍വെൽ ബി ജേ റിച്ചഡ്സൺ – 104, അമ്പാട്ടി റായുഡു സി മാർക്കസ് സ്റ്റോയ്നിസ് ബി ഗ്ലെൻ മാക്സ്‍വെൽ – 24, ധോണി നോട്ടൗട്ട്– 55, ദിനേഷ് കാർത്തിക് നോട്ടൗട്ട്– 25
എക്സ്ട്രാസ്– 16
ആകെ 49.2 ഓവറിൽ നാലിന് 299
വിക്കറ്റ് വീഴ്ച: 1–47, 2–101, 3–160, 4–242
ബോളിങ്: ജാസൻ ബഹ്റെൻഡ്രോഫ് 8.2–1–52–1, ജേ റിച്ചഡ്സൺ 10–0–59–1, പീറ്റർ സിഡിൽ 8–0–58–0, നേഥൻ ലയൺ 10–0–59–0, മാർക്കസ് സ്റ്റോയ്നിസ് 9–0–46–1, ഗ്ലെൻ മാക്സ്വെൽ 4–0–16–1