sections
MORE

ചേസിങ് മാസ്റ്റർ, ഓവർസീസ് ഹീറോ, ക്യാപ്റ്റൻ സ്റ്റാർ...; എങ്ങോട്ടാണീ പോക്ക്, കോഹ്‍ലീ!

virat-kohli-boxing-day-test-win
SHARE

കോഹ്‌ലിക്കു ദ്രാവിഡിന്റെ ക്ഷമയുണ്ട്. സേവാഗിന്റെ പൊട്ടിത്തെറിയുണ്ട്. സച്ചിന്റെ റേ‍ഞ്ചുണ്ട്. പിന്നെ കോഹ്‌ലിയുടേതായ എന്തെല്ലാമോ ഉണ്ട്- മാർട്ടിൻ ക്രോ (മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ)

ക്രോ പറഞ്ഞതു സത്യം ; ഒറ്റ അച്ചിൽ വാർത്തെടുത്ത ക്രിക്കറ്ററല്ല കോഹ്‌ലി. ക്രോ ജീവിതത്തോടു വിടപറഞ്ഞിട്ട് മൂന്നു വർഷം കഴിയുമ്പോൾ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ഇന്ത്യൻ താരം. ഏതു ഫോർമാറ്റിലും, ഏതു പിച്ചിലും, ഏതു സാഹചര്യങ്ങളിലും കോഹ്‌ലി കിങാണ്. അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിൽ തന്റെ 39–ാം സെഞ്ചുറി കൂടി നേടിയതോടെ കോഹ്‌ലി പിടിവിട്ടു കുതിക്കുകയാണ്. എങ്ങോട്ടാണ് കോഹ്‌ലിയുടെ പോക്ക്?

ചേസിങ് മാസ്റ്റർ

മുന്നിലൊരു ലക്ഷ്യമുണ്ടെങ്കിൽ കോഹ്‌ലിക്കു വീര്യം കൂടും. എന്തും വെട്ടിപ്പിടിക്കാനുള്ള സഹജമായ വീര്യം കോഹ്‍ലിയെ റൺ ചേസിങിൽ ഏറ്റവും വീര്യമുള്ള ബാറ്റ്സ്മാനാക്കുന്നു. 50 ഓവറിൽ തീരേണ്ട മൽസരം ആവശ്യമെങ്കിൽ 40 ഓവറിനു താഴെ തീർക്കാനും കോഹ്‌ലിക്കറിയാം.  2012ൽ ശ്രീലങ്കയ്ക്കെതിരെ ഹൊബാർത്തിൽ 36.4 ഓവറിൽ 321 റൺസ് കോഹ്‍ലിയുടെ സെഞ്ചുറിയിൽ (86 പന്തിൽ 133) അടിച്ചെടുത്തത് അതിനു തെളിവ്.

മൂന്നു റൺ ചേസിങ് റെക്കോർഡുകൾ:

1 റൺചേസിങിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (24) 

2 റൺചേസിങിൽ ഏറ്റവും കൂടുതൽ റൺസെടുത്തവരിൽ രണ്ടാമത് (127 ഇന്നിങ്സ്–6729 റൺസ്). സച്ചിൻ ഒന്നാമത് (232–8720) 

3 വിജയകരമായ റൺ ചേസിങിൽ ഏറ്റവും മികച്ച രണ്ടാമത്തെ ശരാശരി (99.04). ധോണിക്കു പിന്നിൽ‌ (99.85)

ഓവർസീസ് ഹീറോ 

ക്രിക്കറ്റ് ഭൂമിയിലെ ഏതു പിച്ചും കോഹ്‌ലിക്കു സമം. നാട്ടിലെ പിച്ചുകളിൽ കളിക്കുന്ന അതേ ലാഘവത്തോടെ ഓവർസീസ് (ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത്) പിച്ചുകളിലും കോഹ്‌ലി റൺസ് അടിച്ചെടുക്കും. സിംഹത്തെ അതിന്റെ മടയിൽ ചെന്നു പിടിക്കുന്നതാണ് കോഹ്‌ലിക്കിഷ്ടം.

മൂന്നു ഓവർസീസ് റെക്കോർഡുകൾ:

1 സച്ചിൻ തെൻഡുൽക്കർക്കു (29) ശേഷം ഏറ്റവും കൂടുതൽ ഓവർസീസ് സെഞ്ചുറികൾ (22)
2 ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഓവർസീസ് ടെസ്റ്റ് റൺസ് (1138)
3 ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരം (6). സച്ചിനൊപ്പം

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്

ഇന്നിങ്സിന്റെ ആക്സിലറേറ്റർ ബാറ്റിൽ വച്ചു പിടിപ്പിച്ചയാളാണ് കോഹ്‌ലി. ഒരൊറ്റ ഓവറിൽ കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും കോഹ്‌ലിക്കറിയാം. കോഹ്‌ലിയുടെ കരിയറിലും ആ ‘തിടുക്ക’ത്തിന്റെ തുടിപ്പുകളുണ്ട്. ഏറ്റവും കൂടുതൽ ആയിരം റൺസുകൾ പിന്നിടുന്നതിൽ പ്രത്യേക മികവ്. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല മാത്രമാണ് ഇക്കാര്യത്തിൽ കോഹ്‌ലിക്കു വെല്ലുവിളിയായുള്ളത്.

മൂന്നു അതിവേഗ  റെക്കോർഡുകൾ:

1 ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറി (52 പന്തിൽ, ഓസ്ട്രേലിയക്കെതിരെ ജയ്പുരിൽ, 2013)
2 ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 1000, 5000, 6000, 7000, റൺസ് പിന്നിട്ട ഇന്ത്യൻ താരം
3 ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000,9000,10000 റൺസ് പിന്നിട്ടതിന്റെ ലോക റെക്കോർഡ്

ക്യാപ്റ്റൻ  സ്റ്റാർ

ക്യാപ്റ്റനായാൽ കളി പോകുന്നവരുടെ കൂട്ടത്തിൽ കോഹ്‍‌ലിയെ കൂട്ടേണ്ട! മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് കോഹ്‌ലി. മുൻഗാമിയായ ധോണിക്കുണ്ടായിരുന്ന അതേ ഗുണം.
ടീം ജയിക്കുമ്പോൾ കോഹ്‌ലി തന്നെ അതിന്റെ അമരത്തുണ്ടാകും– ഇപ്പോൾ കഴിഞ്ഞ അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനം പോലെ!

മൂന്നു ക്യാപ്റ്റൻസി റെക്കോർഡുകൾ:

1 ടെസ്റ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ പരമ്പര വിജയങ്ങൾ (9). റിക്കി പോണ്ടിങിനൊപ്പം.
2 ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ ടെസ്റ്റ് ഇരട്ട സെഞ്ചുറികൾ (6)
3 ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം കുറിച്ച ആദ്യ ഏഷ്യൻ ക്യാപ്റ്റൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA