സിഡ്നിയിലും അഡ്‌ലെയ്ഡിലും ‘വാട്ടർ ബോയ്’, ചാഹൽ; മെൽബണിൽ ചരിത്രം തിരുത്തി!

മെൽബൺ∙ സിഡ്നിയിൽ നടന്ന ഒന്നാം ഏകദിനത്തിലും അ‍ഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യയുടെ വാട്ടർ ബോയ് ആയിരുന്നു യുസ്‌വേന്ദ്ര ചാഹൽ. കൈക്കുഴ സ്പിന്‍ ദ്വയത്തിലെ രണ്ടാമൻ കുൽദീപ് യാദവിനു വേണ്ടി ആദ്യ രണ്ടു മൽസരങ്ങളിലും വഴിമാറിക്കൊടുക്കേണ്ടി വന്നവൻ. ബാറ്റിങ്ങിൽ രവീന്ദ്ര ജഡേജയ്ക്കുള്ള മേൽക്കൈയുടെ മറവിൽ ടീമിൽ പന്ത്രണ്ടാമനായി മാറിയ താരം. എന്നാൽ, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മൽസരത്തിൽ അപ്രതീക്ഷിതമായി ലഭിച്ച അവസരം ചാഹൽ ശരിക്കങ്ങ് വിനിയോഗിച്ചു. ഏകദിനത്തിൽ തന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത ചാഹൽ, ഓസീസ് മണ്ണിൽ ഏകദിനത്തിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിന്റെ റെക്കോർഡ് കയ്യാളുന്ന ഇന്ത്യയുടെ തന്നെ അജിത് അഗാർക്കറിന് ഒപ്പമെത്തുകയും ചെയ്തു.

രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവ് പതിവിലേറെ റൺ‌സ് വഴങ്ങിയതോടെയാണ് മൂന്നാം മൽസരത്തിൽ ചാഹലിന് അവസരം ലഭിച്ചത്. താരതമ്യേന നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്കുള്ള മടങ്ങിവരവ് ഇരട്ട വിക്കറ്റുകളോടെയാണ് ചാഹൽ ആഘോഷിച്ചത്. ഭുവനേശ്വർ കുമാർ തുടക്കത്തിൽ ഏൽപ്പിച്ച ഇരട്ട ആഘാതത്തിനു ശേഷം ഓസീസ് തിരിച്ചുവരുമ്പോഴായിരുന്നു ചാഹലിന്റെ അവതാരം.

ആദ്യ രണ്ട് ഏകദിനത്തിലും സംഭവിച്ചതിനു സമാനമായി ഓപ്പണർമാർ മടങ്ങിയശേഷം മാർഷ്–ഖവാജ സഖ്യം ഇക്കുറിയും അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഓസീസിനായി രക്ഷകവേഷം കെട്ടുന്നു. ആദ്യ രണ്ട് ഏകദിനത്തിലും തുടക്കത്തിലെ തകർച്ചയ്ക്കുശേഷം മികച്ച സ്കോറിലേക്കെത്താൻ ഓസീസിനെ പ്രാപ്തമാക്കിയ ഈ കൂട്ടുകെട്ട് അപകടകരമായി വളരുമ്പോഴാണ് ചാഹൽ ഇരട്ടപ്രഹരവുമായി എത്തിയത്.

ആക്രമണോത്സുക ബോളിങ്ങിനു പേരുകേട്ട ചാഹലിന്റെ രണ്ടാം പന്തിൽത്തന്നെ മാർഷ് പുറത്ത്. ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച മാർഷിനെ കബളിപ്പിച്ച് ചാഹലിന്റെ വൈഡ് ബോൾ. പന്തിൽ ബാറ്റുവയ്ക്കാനാകാതെ പതറിയ മാർഷ് തിരികെ ക്രീസിൽ എത്തുമ്പോഴേയ്ക്കും ധോണി സ്റ്റംപ് ഇളക്കിയിരുന്നു. അതിനുശേഷമുള്ള മൂന്നാം പന്തിൽ ഖവാജയുടെ പ്രതിരോധവും തകർന്നു. സ്വന്തം പന്തിൽ ഖവാജയെ പിടികൂടി ചാഹൽ ഓസീസിന്റെ നട്ടെല്ലു തകർത്തു. പിന്നീടു കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേട്ടം ആവർത്തിച്ച ചാഹൽ, മൽസരം പൂർത്തിയാകുമ്പോഴേയ്ക്കും സ്വന്തം പേരിൽ ചേർത്തത് ആറു വിക്കറ്റ്. മാർക്കസ് സ്റ്റോയ്നിസ്, ജേ റിച്ചാർഡ്സൻ, ആദം സാംപ, പീറ്റർ ഹാൻഡ്സ്കോംബ് എന്നിവരും ചാഹലിന്റെ പന്തിൽ കൂടാരം കയറി.

ഓസീസ് മണ്ണിൽ ഏകദിനത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് ചാഹലിന്റേത്. ഇതേ ഗ്രൗണ്ടിൽ 2004ൽ 42 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാർക്കറിന്റെ പേരിലുള്ള റെക്കോർഡിനൊപ്പമെത്തി ചാഹലും. ഓസീസ് മണ്ണിൽ ആറു ഏകദിനത്തിൽ ആറു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ സ്പിന്നറുമായി ചാഹൽ. സാക്ഷാൽ ഷെയ്ൻ വോണിനു പോലും സാധിക്കാത്ത നേട്ടം. ഏകദിനത്തിൽ ഇന്ത്യക്കാരന്റെ ആറാമത്തെ മികച്ച ബോളിങ് പ്രകടനം കൂടിയാണ് ചാഹലിന്റേത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരവുമായി ചാഹൽ. ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്.