ചരിത്രമെഴുതി കോഹ്‌ലി; ഐസിസി പുരസ്കാരത്തിൽ അപൂർവ ‘ട്രിപ്പിൾ’

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിലെ ഉന്നതങ്ങളിൽ വിരാട് കോഹ്‌ലി കസേര വലിച്ചിട്ടിച്ചിരിക്കുന്നു– ഒന്നല്ല, അഞ്ചെണ്ണം! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക പുരസ്കാരങ്ങൾ ഇന്നലെ ദുബായിയിൽ പ്രഖ്യാപിച്ചതോടെ പിറന്നത് ചരിത്രം. ഇതിഹാസ താരം സച്ചിൻ തെൻ‌ഡുൽക്കർക്കു വരെ അപ്രാപ്യമായ കാര്യം കോഹ്‌ലി കൈവരിച്ചു–ഐസിസിയുടെ മൂന്ന് പ്രധാന പുരസ്കാരങ്ങളും നേടുന്ന ആദ്യ താരം. 2018ലെ മികച്ച ക്രിക്കറ്റർക്കുള്ള സർ ഗാരിസോബേഴ്സ് ട്രോഫി തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കിയ കോഹ്‌ലി ടെസ്റ്റ്, ഏകദിന താരത്തിനുമുള്ള പുരസ്കാരവും സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ 2018ൽ ഇന്ത്യൻ ക്രിക്കറ്റിനെ അത്യുന്നതങ്ങളിലേക്കു നയിച്ചതിന്റെ പ്രതിഫലവും കോഹ്‌ലിയെ തേടിയെത്തി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ. ഇന്ത്യൻ അണ്ടർ–19 ടീമിന്റെ ലോകകപ്പ് നേട്ടമാണ് ‘ഫാൻസ് മൊമന്റ് ഓഫ് ദ് ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 

ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കാഗിസോ റബാദയെയാണ് മികച്ച ക്രിക്കറ്റർ, ടെസ്റ്റ് താരം എന്നിവയിൽ കോഹ്‌ലി പിന്തള്ളിയത്. മികച്ച ഏകദിന താരത്തിനുള്ള മൽസരത്തിൽ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെയും. ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ വർഷം ടെസ്റ്റ്, ഏകദിന ടീമുകളിലും ഇന്ത്യൻ ആധിപത്യം തന്നെ. ടെസ്റ്റ് ടീമിൽ ക്യാപ്റ്റൻ കോഹ്‌ലിക്കു പുറമെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, പേസ് ബോളർ ജസ്പ്രീത് ബുമ്ര എന്നിവരാണുള്ളത്. ഏകദിന ടീമിൽ കോഹ്‌ലി, രോഹിത് ശർമ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇടം പിടിച്ചത്. 

ഓസ്ട്രേലിയൻ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വച്ച ഋഷഭ് തന്നെയാണ് എമേർജിങ് ക്രിക്കറ്റർക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.

ശ്രീലങ്കയുടെ കുമാർ ധർമസേനയാണ് മികച്ച അംപയർ. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിനാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം. 

ഐസിസി ടെസ്റ്റ് ടീം: 

ടോം ലാതം (ന്യൂസീലൻഡ്, ദിമുത് കരുണരത്നെ (ശ്രീലങ്ക), കെയ്ൻ വില്യംസൺ (ന്യൂസീലൻഡ്), വിരാട് കോഹ്‌ലി (ക്യാപ്റ്റൻ–ഇന്ത്യ), ഹെൻറി നിക്കോൾസ് (ന്യൂസീലൻഡ്), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ–ഇന്ത്യ), ജേസൺ ഹോൾഡർ (വെസ്റ്റ് ഇൻഡീസ്), കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക), നേതൻ ലയൺ (ഓസ്ട്രേലിയ), ജസ്പ്രീത് ബുമ്ര (ഇന്ത്യ),മുഹമ്മദ് അബ്ബാസ് (പാക്കിസ്ഥാൻ)

ഐസിസി ഏകദിന ടീം: 

രോഹിത് ശർമ (ഇന്ത്യ), ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്), വിരാട് കോഹ്‌ലി (ക്യാപ്റ്റൻ–ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്), റോസ് ടെയ്‌ലർ (ന്യൂസീലൻഡ്), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ–ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), മുസ്തഫിസുർ റഹ്മാൻ (ബംഗ്ലദേശ്), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), കുൽദീപ് യാദവ് (ഇന്ത്യ), ജസ്പ്രീത് ബുമ്ര (ഇന്ത്യ).