വിദർഭ കോച്ചിനെ സൂക്ഷിക്കണം; കേരള കാര്യത്തിൽ അദ്ദേഹം പണ്ഡിതനാണ്!

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ കേരളത്തിനു വിദർഭയുടെ 11 പേരെ മാത്രം നേരിട്ടാൽ മതിയാകില്ല. വിദർഭയെ പൂജ്യത്തിൽ നിന്നു ചാംപ്യന്മാരാക്കിയ ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന പരിശീലകനെക്കൂടി കരുതിയിരിക്കണം. കാരണം, ഡേവ് വാട്മോറിനു മുൻപ് കേരള ടീമിന്റെ മുൻ പരിശീലകനായിരുന്നു പണ്ഡിറ്റ്. നിലവിലുള്ള ഭൂരിഭാഗം താരങ്ങളെയും വളർത്തിക്കൊണ്ടുവന്നയാൾ. അവരുടെ മികവും പോരായ്മയും നന്നായറിയാവുന്നയാൾ.

മുംബൈക്കാരനും മുൻ ഇന്ത്യൻ താരവുമായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റിനെ കേരള ക്രിക്കറ്റിനെ ദേശീയനിലവാരത്തിലെത്തിക്കാനുള്ള ചുമതലയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 2014ലാണ് എത്തിക്കുന്നത്. ആദ്യവർഷം ഭാവിതാരങ്ങളെ വളർത്തിക്കൊണ്ടുവരാനുള്ള സെന്റർ ഓഫ് എക്സലൻസ് ഡയറക്ടറായാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇപ്പോൾ കേരളത്തിന്റെ നട്ടെല്ലായ പല താരങ്ങളെയും വളർത്തിക്കൊണ്ടുവന്നത് അദ്ദേഹമായിരുന്നു.

തൊട്ടടുത്ത വർഷം അദ്ദേഹം ടീം പരിശീലകനായി. രഞ്ജിയിൽ ടീമിന് വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും വിജയ് ഹസാരെ ട്രോഫി ഉൾപ്പടെയുള്ള ടൂർണമെന്റുകളി‍ൽ കേരളം മികച്ച നേട്ടം കൊയ്തത് അദ്ദേഹത്തിന്റെ കീഴിലായിരുന്നു. കേരള ക്രിക്കറ്റിന്റെ കുതിപ്പിൽ അദ്ദേഹത്തിനും നിർണായക പങ്കുണ്ടെന്ന് കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു.

കരാർ കഴിഞ്ഞ് പണ്ഡിറ്റ് തിരിച്ചുപോയത് മുംബൈയുടെ പരിശീലകനായിട്ടായിരുന്നു. ആ വർഷം മുംബൈ ചാംപ്യന്മാരായി. കഴിഞ്ഞ വർഷം പണ്ഡിറ്റ് വിദർഭയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തു. 19 വർഷം മുംബൈയ്ക്കു വേണ്ടി കളിച്ച വസീം ജാഫറിനെയും അദ്ദേഹം ഒപ്പം കൂട്ടി. ചുമതലയേറ്റ വർഷം തന്നെ വിദർഭയെ ചാംപ്യന്മാരാക്കിയാണ് കരുത്തു തെളിയിച്ചത്. കഴിഞ്ഞ വർഷം ക്വാർട്ടറിൽ കേരളത്തെ തോൽപ്പിക്കാൻ വിദർഭയ്ക്കു തന്ത്രങ്ങളൊരുക്കിയതും പണ്ഡിറ്റ് തന്നെ. ആ തന്ത്രങ്ങൾക്കു കൂടി മറുതന്ത്രങ്ങളൊരുക്കിയാവും കേരളം സെമിഫൈനലിനിറങ്ങുക.