മുംബൈ∙ ന്യൂസീലൻഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും മൂന്നു മൽസരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി കളിക്കില്ല. ജോലിഭാരം പരിഗണിച്ച് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്. ഈ മൽസരങ്ങളിൽ രോഹിത് ശർമയാകും ഇന്ത്യൻ നായകൻ. അതേസമയം, കോഹ്‍ലിക്കു പകരക്കാരനുണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. നേപ്പിയറിൽ നടന്ന ഒന്നാം ഏകദിനത്തിൽ കോഹ്‍ലിയുടെ നേതൃത്വത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് ക്യാപ്റ്റനു വിശ്രമം അനുവദിച്ചുകൊണ്ടുള്ള ബിസിസിഐ അറിയിപ്പ് എത്തിയത്.
‘കഴിഞ്ഞ കുറച്ചു മാസങ്ങളായി വിരാട് കോഹ്‍ലിക്കു മേലുള്ള ജോലിഭാരം കണക്കിലെടുത്തും ഓസ്ട്രേലിയയ്ക്ക് എതിരെ നാട്ടിൽ നടക്കാനിരിക്കുന്ന പരമ്പര പരിഗണിച്ചും അദ്ദേഹത്തിന് വിശ്രമം അനുവദിക്കാൻ സീനിയർ സിലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെന്റും തീരുമാനിച്ചിരിക്കുന്നു’ – ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു. ന്യൂസീലൻഡ് പര്യടനത്തിനു പിന്നാലെ ഫെബ്രുവരി 24 മുതലാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹാമിൽട്ടൺ, വെല്ലിങ്ടൺ എന്നിവിടങ്ങളിലാണ് അവസാനത്തെ രണ്ട് ഏകദിനങ്ങൾ നടക്കുന്നത്. ജനുവരി 31, ഫെബ്രുവരി മൂന്ന് ദിവസങ്ങളിലാണ് ഈ മൽസരങ്ങൾ. അതിനുശേഷം ഫെബ്രുവരി ആറ്, ഫെബ്രുവരി എട്ട്, ഫെബ്രുവരി 10 എന്നീ ദിവസങ്ങളിലായി ട്വന്റി20 പരമ്പരയും അരങ്ങേറും.
ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലും കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. യുഎഇയിൽ നടന്ന ഏഷ്യാകപ്പിലും കോഹ്‍ലി ടീമിനൊപ്പമുണ്ടായിരുന്നില്ല. അന്നെല്ലാം രോഹിത് ശർമ തന്നെയാണ് ഇന്ത്യയെ നയിച്ചത്.