ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി കളിയാക്കി; മാപ്പു ചോദിച്ച് പാക്ക് നായകൻ

ഡർബൻ∙ ദക്ഷിണാഫ്രിക്കൻ താരം ആൻഡിൽ ഫെലൂക്‌വായോയ്ക്കെതിരെ വംശീയച്ചുവയുള്ള പരാമർശം നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ സർഫ്രാസ് അഹമ്മദ് വിവാദക്കുരുക്കിൽ. ഡർബനിൽ തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക–പാക്കിസ്ഥാൻ രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. ദക്ഷിണാഫ്രിക്കൻ ടീമിലെ കറുത്ത വർഗക്കാരനായ ഫെലൂക്‌വായോയെ നിറത്തിന്റെ പേരിൽ അഭിസംബോധന ചെയ്താണ് അഹമ്മദ് വിവാദത്തിൽപ്പെട്ടത്. ക്രിക്കറ്റ് ലോകം ഒന്നാകെ വിമർശനവുമായി രംഗത്തെത്തിയതോടെ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് സർഫ്രാസ് അഹമ്മദ്.

മൽസരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യവെ 37–ാം ഓവറിലായിരുന്നു സംഭവം. മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഉയർത്തിയത് 204 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ 80 റൺസെടുക്കുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ ആതിഥേയർ തുടർ‌ച്ചയായ രണ്ടാം മൽസരത്തിലും തോൽവിയിലേക്കു നീങ്ങുമ്പോഴാണ് രക്ഷകരായി റാസി വാൻഡർ ഡൂസനും ഫെലൂക്‌വായോയും എത്തിയത്. പിരിയാത്ത ആറാം വിക്കറ്റിൽ 127 റൺസ് ചേർത്ത സഖ്യം ദക്ഷിണാഫ്രിക്കയെ പരമ്പരയിൽ ഒപ്പമെത്തിക്കുകയും ചെയ്തു. ഇരുവരും അർധസെഞ്ചുറിയും നേടി.

കൈപ്പിടിയിലൊതുങ്ങിയെന്നു കരുതിയ വിജയം ഇരുവരും ചേർന്ന് തട്ടിയെടുക്കുന്നത് കണ്ടപ്പോഴാണ് പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പർ കൂടിയായ സർഫ്രാസ് അഹമ്മദിനു നിയന്ത്രണം നഷ്ടമായത്. 37–ാം ഓവർ ബോൾ ചെയ്ത ഷഹീൻ അഫ്രീദിയുടെ ഒരു പന്ത് ഇൻസൈഡ് എഡ്ജിൽ തട്ടി പുറകിലേക്ക് പാഞ്ഞു. ദക്ഷിണാഫ്രിക്കൻ താരങ്ങൾ സിംഗിളിനോട്. ഇതിനു പിന്നാലെയാണ് പാക് നായകന്റെ വാക് പ്രയോഗമെത്തിയത്.

‘കറുത്ത മനുഷ്യാ.. നിന്റെ എവിടെയാണിരിക്കുന്നത്? നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാൻ അവർ എന്താണ് പ്രാർഥിച്ചത്?’ – ഇതായിരുന്നു സർഫ്രാസിന്റെ വാക്കുകൾ. ഉറുദുവിലായിരുന്നു അധിക്ഷേപം. ഭാഷ അറിയാത്തതിനാൽ ഫെലൂക്‌വായോ പ്രതികരിച്ചില്ല.

എന്നാൽ സ്റ്റംപ് മൈക്ക് വാക്കുകൾ കൃത്യമായി പിടിച്ചെടുത്തു. സർഫ്രാസ് എന്താണ് പറഞ്ഞതെന്ന് കമന്ററി ബോക്സിൽ മൈക്ക് ഹയ്സ്മാൻ മുൻ പാക്കിസഥാൻ താരം കൂടിയായ റമീസ് രാജയോട് ആരാഞ്ഞെങ്കിലും, ‘വലിയ വാചകമായതിനാൽ പരിഭാഷപ്പെടുത്താൻ ബുദ്ധിമുട്ടാണ്’ എന്നായിരുന്നു മറുപടി.

എന്നാൽ, സംഭവം പുറത്തായതോടെ പാക് താരത്തിെനതിരെ വൻപ്രതിഷേധം അലയടിച്ചു. പാക് താരങ്ങൾ പോലും സർഫ്രാസിനെതിരെ രംഗത്തെത്തി. മുൻ താരം ഷോയ്ബ് അക്തറും രൂക്ഷവിമർശനമുയർത്തി. ഇതിനെല്ലാം പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഈ പരാമർശം തള്ളിക്കളഞ്ഞു.

ഇതോടെ പ്രതിരോധത്തിലായ സർഫ്രാസ് ട്വിറ്ററിലൂടെയാണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സർഫ്രാസ് കുറിച്ചു. ഭാവിയിൽ മൈതാനത്ത് മാന്യമായി പെരുമാറാനും എതിരാളികളെ ബഹുമാനിക്കാനും താൻ ശ്രദ്ധിക്കുമെന്നും താരം ട്വിറ്ററിൽ കുറിച്ചു.