രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം ആദ്യ ഇന്നിങ്സിൽ 106 റൺസിനു പുറത്ത്. രഞ്ജി കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഉമേഷ് യാദവ് 12 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി 7 വിക്കറ്റെടുത്തു. വിദർഭ അഞ്ചു വിക്കറ്റിന് 175 റൺസെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ ഫായിസ് ഫസൽ 75 റൺസോടെ ടോപ്സ്കോററായി. 34 റൺസ് നേടിയ വസിം ജാഫർ സീസണിൽ 1000 റൺസ് തികച്ചു. കേരളത്തിനു വേണ്ടി സന്ദീപ് വാരിയരും നിധീഷും 2 വിക്കറ്റ് വീതം വീഴ്ത്തി. ബേസിൽ തമ്പി ഒരു വിക്കറ്റും. ടോസ് വിദർഭയ്ക്കായിരുന്നു.
കൃഷ്ണഗിരി (വയനാട്) ∙ രാവിലത്തെ മഞ്ഞിൽ വിദർഭയുടെ ബാക്കി വിക്കറ്റുകളും കേരളം കൊയ്യുമോ ? വിദർഭ പേസർ ഉമേഷ് യാദവിന്റെ ദയയില്ലാത്ത ഏറിനു മുൻപിൽ തകർന്നടിഞ്ഞ കേരളത്തിന്റെ ആദ്യ സെഷനിലെ പ്രകടനം നിർണായകമാവും. ഒന്നാം ഇന്നിങ്സിൽ 65 റൺസ് ലീഡ് വഴങ്ങിയെങ്കിലും തിരിച്ചുവരവിനു കേരളത്തിനു സാധ്യത നിലനിൽക്കുന്നു. റൺസൊന്നുമെടുക്കാതെ ആദിത്യ സർവാതെയും ഗണേഷ് സതീഷുമാണു ക്രീസിൽ.
∙ വെൽഡൺ ഉമേഷ്
ആദ്യസെഷനുകളിൽ പേസർമാരെ തുണയ്ക്കുമെന്നുറപ്പുള്ള പിച്ചിൽ ടോസ് വിദർഭയ്ക്കു നിർണായകമായി. വിക്കറ്റ് വീഴുന്നതിനു പഞ്ഞമില്ലാതായപ്പോൾ ഒരു ഘട്ടത്തിൽ കേരളം 100 പോലും കടക്കില്ലെന്ന് തോന്നലുണ്ടായി. സ്കോർ മൂന്നക്കം എത്തിച്ചതിന് ഏഴാമനായിറങ്ങി അടിച്ചുകളിച്ച വിഷ്ണു വിനോദിനോട് (50 പന്തിൽ പുറത്താകാതെ 37) വേണം കേരളം നന്ദി പറയാൻ. കേരളനിരയിൽ 6 പേർ രണ്ടക്കം കടക്കാതെ പുറത്തായി. മുൻനിര ബാറ്റ്സ്മാന്മാരിൽ ക്യാപ്റ്റൻ സച്ചിൻ ബേബി (22) മാത്രമേ പൊരുതാനെങ്കിലും ശ്രമിച്ചുള്ളൂ.
∙ ഒറ്റയ്ക്ക് വിഷ്ണു വിനോദ്
ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ (8), സഞ്ജു സാംസണു പകരക്കാരനായെത്തിയ അരുൺ കാർത്തിക് (4), ജലജ് സക്സേന (7) തുടങ്ങി വിലപ്പെട്ട വിക്കറ്റുകളാണ് ഉമേഷ് പിഴുതെടുത്തത്. ക്വാർട്ടറിൽ ഗുജറാത്തിനെതിരെ അർധസെഞ്ചുറി നേടിയ സിജോമോൻ ജോസഫിനെയും മധ്യനിരയിലെ കരുത്തൻ വിനൂപ് മനോഹരനെയും അക്കൗണ്ട് തുറക്കുന്നതിനു മുൻപേ പറഞ്ഞയയ്ക്കുകയും ചെയ്തു. 3 വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസർ രജനീഷ് ഗുർബാനി ഉമേഷിനു പിന്തുണ നൽകി. വിദർഭക്കാരുടെ ചീറിപ്പായുന്ന പന്തുകൾ സമർഥമായി നേരിട്ട വിഷ്ണു വിനോദിനു കൂട്ടായത് എം.ഡി. നിധീഷ് മാത്രം. ഇരുവരും ചേർന്നു നേടിയ 25 റൺസാണ് കേരളത്തിന്റെ ഒന്നാം ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. 28.4 ഓവറിൽ വെറും 106 റൺസിന് എല്ലാവരും ഡ്രസിങ് റൂമിൽ തിരിച്ചെത്തി.
∙ 1000 തികച്ച് വസിം
വിദർഭയുടെ സ്കോർ 33 ൽ നിൽക്കുമ്പോൾ ഓപ്പണർ സഞ്ജയ് രാമസ്വാമിയെ നിധീഷ് ക്ലീൻ ബോൾഡാക്കി. പിന്നീടെത്തിയ വസിം ജാഫർ ഫായിസ് ഫസലിനൊപ്പം ചേർന്ന് ടോട്ടൽ ഉയർത്തി. 80 റൺസിന്റെ കൂട്ടുകെട്ട്. വിദർഭ ഒരു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന ശക്തമായ നിലയിലെത്തിയപ്പോൾ വസിം ജാഫറിനെ (52 പന്തിൽ 34) നിധീഷ് സ്ലിപ്പിൽ അരുൺ കാർത്തിക്കിന്റെ കൈയിലെത്തിച്ചു.
അപ്പോഴേക്കും വസിം ഈ സീസണിൽ 1000 റൺസ് പൂർത്തിയാക്കിയിരുന്നു. 42– ാം ഓവറിൽ ഫായിസ് ഫസലിനെ സന്ദീപ് വാരിയർ പുറത്താക്കുമ്പോൾ വിദർഭയുടെ സ്കോർ 170. പിന്നീട് ഒരു റൺസ് മാത്രം കൂട്ടിച്ചേർക്കുന്നതിനിടെ നൈറ്റ് വാച്ച്മാനായെത്തിയ ഗുർബാനിയുടെയും ടായ്ഡയുടെയും വിക്കറ്റുകൾ വീണു. വിദർഭ 5ന് 171.