മൗണ്ട് മോൻഗനൂയി∙ ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ തകർപ്പൻ സ്റ്റംപിങ്. ന്യൂസീലൻഡിന്റെ വെറ്ററൻ താരം റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്ങിന്റെ വിഡിയോ ട്വിറ്ററിലും വൈറലായി. 25 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 22 റൺസുമായി ടെയ്‌ലർ നിലയുറപ്പിച്ചു വരുമ്പോഴായിരുന്നു ഇടിമിന്നൽ പോലെ ധോണിയുടെ നീക്കം സ്റ്റംപിളക്കിയത്.
ഇന്ത്യ ഉയർത്തിയ 325 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലൻഡ് 17 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സെടുത്തു നിൽക്കെയാണ് ധോണി കിവീസിനു മേൽ ഇടിത്തീയായി പതിച്ചത്. 18–ാം ഓവർ ബോൾ ചെയ്യാനെത്തിയത് കേദാർ ജാദവ്. ക്രീസിൽ റോസ് ടെയ്‌ലറും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ടോം ലാഥവും. സ്റ്റംപിനു കണക്കാക്കി ജാദവ് എറിഞ്ഞ പന്ത് ടെയ്‌ലറിന്റെ പ്രതിരോധം തകർത്ത് ബാറ്റിനും കാലിനും ഇടയിലൂടെ ധോണിയുടെ കൈകളിലേക്ക്. മിന്നൽ വേഗത്തിൽ ധോണി സ്റ്റംപിളക്കി. ധോണിയും ചാഹലും അപ്പീൽ ചെയ്തതോടെ തീരുമാനം തേർഡ് അംപയറിന്.
സ്ലോ മോഷനിൽ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം എല്ലാവർക്കും മനസ്സിലായത്. ജാദവിന്റെ പന്ത് പ്രതിരോധിക്കാനുള്ള ആയാസത്തിനിടെ ടെയ്‌ലറിന്റെ കാൽപ്പാദം ഒരു സെക്കൻഡ് വായുവിലുയർന്നു. കൃത്യമായി ഈ സമയത്താണ് ധോണി സ്റ്റംപിളക്കിയത്. ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കിയശേഷം തേർഡ് അംപയറിന്റെ തീരുമാനമെത്തി; ടെയ്‌ലർ ഔട്ട്! രാജ്യാന്തര ക്രിക്കറ്റിൽ ഒരുപക്ഷേ ധോണിക്കു മാത്രം സാധ്യമാകുന്ന ഐറ്റം!
ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കു മുൻപ് ന്യൂസീലൻഡ് ശ്രീലങ്കയെ നേരിട്ടപ്പോൾ മൂന്നു മൽസരങ്ങളിൽ ടെയ്‌ലറിന്റെ സ്കോറുകൾ ഇങ്ങനെ: 54, 90, 137!
റൺ ചേസിങ്ങിൽ ടോം ലാഥത്തിനൊപ്പം ടെയ്‌ലർ പടുത്തുയർത്തിയിട്ടുള്ള കൂട്ടുകെട്ടുകൾ ഇങ്ങനെ: 71, 2, 30, 200, 79, 26, 178, 187. ഈ വിക്കറ്റിന്റെ വിലയറിയാൻ ഇതിലും വലിയ ഉദാഹരണം വേണോ?