sections
MORE

‘നവമതിലി’ൽ തട്ടി കർണാടക വീണു; സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലിൽ, വിദർഭയെ നേരിടും

Cheteshwar-Pujara
SHARE

ബെംഗളൂരു∙ കർണാടകയുടെ ബോളിങ് ആക്രമണത്തിനു മുന്നിൽ ‘തകർക്കാനാകാത്ത ഉറപ്പു’മായ അവതരിച്ച ‘നവമതിൽ’ ചേതേശ്വർ പൂജാരയുടെ തകർപ്പൻ സെഞ്ചുറിമികവിൽ (പുറത്താകാതെ 131) സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലിൽ. 279 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത സൗരാഷ്ട്ര, 91.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിജയം അഞ്ചു വിക്കറ്റിന്. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയാണ് സൗരാഷ്ട്രയുടെ എതിരാളി. ആദ്യമായി സെമിയിലെത്തിയ കേരളത്തെ രണ്ടു ദിവസം മാത്രം നീണ്ടുനിന്ന മൽസരത്തിൽ തകർത്തെറിഞ്ഞാണ് വിദർഭയുടെ വരവ്.

സ്കോർ: സൗരാഷ്ട്ര 236 & 282/5, കർണാടക – 275 & 239

സെഞ്ചുറി നേടി പുറത്താകാതെ നിന്ന ചേതേശ്വർ പൂജാരയും സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ പുറത്തായ ഷെൽഡൺ ജാക്സനുമാണ് സൗരാഷ്ട്രയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. നാലാം വിക്കറ്റിൽ പൂജാര–ജാക്സൻ സഖ്യം 214 റൺസ് കൂട്ടിച്ചേർത്തു. 266 പന്തിൽ 75 ബൗണ്ടറി സഹിതമാണ് പൂജാര 131 റൺസെടുത്തത്. ജാക്സൻ 217 പന്തിൽ 15 ബൗണ്ടറി നേടി. ജാക്സൻ പുറത്തായശേഷം ക്രീസിലെത്തിയ വാസവദ (35 പന്തിൽ 12) വിജയത്തിനു അഞ്ച് റൺസ് അകലെ മടങ്ങിയെങ്കിലും പ്രേരക് മങ്കാദിനെ (പുറത്താകാതെ 7) സാക്ഷിനിർത്തി പൂജാര സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചു. ഓപ്പണർമാരായ ഹാർവിക് ദേശായി (ഒൻപത്), സ്നെൽ പട്ടേൽ (പൂജ്യം), വിശ്വരാജ്സിങ് ജഡേജ (പൂജ്യം) എന്നിവരാണ് സൗരാഷ്ട്ര നിരയിൽ പുറത്തായ മറ്റുള്ളവർ. കർണാടകയ്ക്കായി വിനയ് കുമാർ മൂന്നും റോണിത് മോറെ, അഭിമന്യു മിഥുൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനഃരാരംഭിച്ച സൗരാഷ്ട്രയെ ആദ്യ സെഷനിൽത്തന്നെ പൂജാര വിജയത്തിലെത്തിച്ചു. 90 റൺസുമായി ബാറ്റിങ് ആരംഭിച്ച ജാക്സൺ സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ വിനയ് കുമാറിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒന്നാം ഇന്നിങ്സിൽ 36 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് സൗരാഷ്ട്രയുടെ തിരിച്ചുവരവ്.

മൽസരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരായ കർണാടക ഒന്നാം ഇന്നിങ്സിൽ 275 റൺസിന് പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ മനീഷ് പാണ്ഡെ (67), ശ്രേയസ് ഗോപാൽ (87), ശരത് (പുറത്താകാതെ 83) എന്നിവരാണ് കർണാടകയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സൗരാഷ്ട്രയ്ക്കായി ജയ്‌ദേവ് ഉനദ്കട് നാലും മക്വാന മൂന്നും വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്കായി ഓപ്പണർ സ്നെൽ പട്ടേൽ അർധസെഞ്ചുറി (85) നേടിയെങ്കിലും ആറു വിക്കറ്റ് വീഴ്ത്തിയ റോണിത് മോറെ കർണാടകയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചു. ചേതേശ്വർ പൂജാര (45), ഷെൽഡൺ ജാക്സൺ (46), വാസവദ (30) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറർമാർ.

എന്നാൽ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടവുമായി ധർമേന്ദ്രസിങ് ജഡേജ അവതരിച്ചതോടെ കർണാടക 239 റൺസിനു പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് ഗോപാൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി (61) നേടി. മായങ്ക് അഗർവാൾ (46), അഭിമന്യൂ മിഥുൻ (പുറത്താകാതെ 37) എന്നിവരാണ് ഭേദപ്പെട്ട സംഭാവന നൽകിയ മറ്റുള്ളവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA