പാർട് ടൈം സ്പിന്നുമായി ചേസിന് 8 വിക്കറ്റ്; ഇംഗ്ലണ്ടിന് 381 റൺസിന്റെ കൂറ്റൻ തോൽവി

ബ്രി‍ഡ്ജ്ടൗൺ∙ ബാറ്റിങ്ങിലും ബോളിങ്ങിലും ഇംഗ്ലണ്ടിന്റെ താരനിരയെ ബഹുദൂരം പിന്നിലാക്കി ബ്രിഡ്ജ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ ജയം. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി കളം നിറഞ്ഞ വിൻഡീസ്, 381 റൺസിനാണ് ഒന്നാം ടെസ്റ്റിൽ വിജയം കൈപ്പിടിയിലൊതുക്കിയത്. 628 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്സിൽ 246 റൺസിന് എല്ലാവരും പുറത്തായി. റൺ അടിസ്ഥാനത്തിൽ സ്വന്തം നാട്ടിൽ വിൻഡീസിന്റെ ഏറ്റവും വലിയ വിജയമാണിത്. ടെസ്റ്റ് ചരിത്രത്തിൽ വലിയ മൂന്നാമത്തെ വിജയവും. വിൻഡീസിനായി തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് കളിയിലെ കേമൻ. ഹോൾഡർ രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് 1–0ന് മുന്നിലെത്തി.

സ്കോർ: വെസ്റ്റ് ഇൻഡീസ് – 289 & 415/6d, ഇംഗ്ലണ്ട് – 77 & 246

628 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് അപ്രതീക്ഷിത കോണിൽനിന്നെത്തിയ പ്രഹരത്തിലാണ് അടിപതറിയത്. ഒന്നാം ഇന്നിങ്സിൽ ബോളിങ്ങിന് അവസരം പോലും ലഭിക്കാതിരുന്ന പാർട്ട് ടൈം ഓഫ് സ്പിന്നർ റോസ്റ്റൺ ചേസാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലിഷ് നിരയെ കടപുഴക്കിയത്. 21.4 ഓവർ ബോൾ ചെയ്ത ചേസ് 60 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് എട്ടു വിക്കറ്റ്! ടെസ്റ്റ് കരിയറിൽ ചേസിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം. ഇംഗ്ലണ്ടിന്റെ അവസാന ഏഴു വിക്കറ്റുകൾ വെറും 79 റൺസിനിടെയാണ് ചേസ് ഒറ്റയ്ക്കു സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ ചേസ് അർധസെഞ്ചുറിയും നേടിയിരുന്നു.

അർധസെഞ്ചുറി നേടിയ ഓപ്പണർ റോറി ബേൺസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 133 പന്തിൽ 15 ബൗണ്ടറി സഹിതം 84 റൺസെടുത്ത ബേൺസിനെ പുറത്താക്കിയതും ചേസ് തന്നെ. ക്യാപ്റ്റൻ ജോ റൂട്ട് (22), ബെൻ സ്റ്റോക്സ് (34), ജോസ് ബട്‌ലർ (26), മോയിൻ അലി (പൂജ്യം), ബെൻ ഫോക്സ് (അഞ്ച്), സാം കറൻ (17), ആദിൽ റഷീദ് (ഒന്ന്) എന്നിവരാണ് ചേസിന്റെ ഓഫ് സ്പിന്നിൽ കറങ്ങിവീണ മറ്റുള്ളവർ. ജയിംസ് ആൻഡേഴ്സൻ നാലു റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, ടെസ്റ്റിലെ കന്നി ഇരട്ട ശതകം നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറിന്റെയും മൂന്നാം ടെസ്റ്റ് സെഞ്ചുറി കുറിച്ച മധ്യനിര താരം ഷെയ്ൻ ഡൗറിച്ചിന്റെയും മികവിലാണ് ഇംഗ്ലണ്ടിനു മുന്നിൽ വിൻഡീസ് 628 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. ഹോൾഡർ 229 പന്തിൽ 23 ബൗണ്ടറിയും എട്ടു സിക്സും സഹിതം 202 റൺസോടെയും ഡൗറിച്ച് 224 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 116 റൺസോടെയും പുറത്താകാതെനിന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ ഹോൾഡർ–ഡൗറിച്ച് സഖ്യം 295  റൺസ് കൂട്ടിച്ചേർത്തു.

പിരിയാത്ത കൂട്ടുകെട്ടിനൊടുവിൽ ഹോൾഡർ–ഡൗറിച്ച് സഖ്യം കൂട്ടിച്ചേർത്ത 295 റൺസ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്.  ഇതിനു പുറമെ, ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് (എട്ട്) നേടുന്ന വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ തുടങ്ങിയ റെക്കോർഡുകളും ഹോൾഡറിനു സ്വന്തം.

ഒന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 289 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് 77 റൺസിന് എല്ലാവരും പുറത്തായിരുന്നു. 11 ഓവറിൽ 17 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കെമർ റോഷാണ് ഇംഗ്ലണ്ടിനെ മുച്ചൂടും മുടിച്ചത്. ഈ മൈതാനത്തെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറാണിത്. ജാസൺ ഹോൾഡർ (2), അൾസാരി ജോസഫ് (2), ഷാനോൺ ഗബ്രിയേൽ (1) എന്നിവർ ശേഷിച്ച വിക്കറ്റുകൾ പങ്കു വച്ചു. 17 റൺസെടുത്ത കീറ്റോൺ ജെന്നിങ്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.