വിദർഭയുടെ ഉന്മേഷമാണ് ഉമേഷ് യാദവ്. ഈ സീസൺ രഞ്ജിയിൽ രണ്ടേ രണ്ടു മൽസരങ്ങൾ മാത്രം. ഉത്താരഖണ്ഡിനെതിരെ ക്വാർട്ടറിൽ 9 വിക്കറ്റ്. വയനാട് കൃഷ്ണഗിരിയിലെ സെമിയിൽ കേരളത്തിനെതിരെ 12 വിക്കറ്റ് ! ഖനിത്തൊഴിലാളിയുടെ മകനായ ഉമേഷിന്റെ പന്തുകൾക്കു തീച്ചൂടാണ്. പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി, ജീവിതത്തിന്റെ കനൽ വഴികൾ താണ്ടി ഇന്ത്യൻ ടീം വരെയെത്തിയ ഉമേഷ് മനോരമയോടു സംസാരിക്കുന്നു.
∙ വണ്ടർ വിക്കറ്റ്
കൃഷ്ണഗിരിയിൽ കേരളം മികച്ച എതിരാളികളായിരുന്നു. ഞാനൊറ്റയ്ക്കാണ് വിദർഭയെ ഫൈനലിലെത്തിച്ചത് എന്നൊന്നും കരുതുന്നില്ല. കൃഷ്ണഗിരിയിലെ പിച്ച് നല്ല പിന്തുണയാണു നൽകിയത്. 2 ടീമിലെ പേസ് ബോളർമാർക്കും അതിന്റെ ഗുണം കിട്ടിയിട്ടുണ്ട്.
∙ വളരുന്ന കരുത്ത്
കേരളത്തിനു നല്ല കുറെ കളിക്കാരുണ്ട്. ആഭ്യന്തര ക്രിക്കറ്റർമാർ മാത്രമല്ല, പരിചയസമ്പന്നരായ രാജ്യാന്തര താരങ്ങളുമുണ്ട്. ഇപ്പോഴത്തെ ടീം ഏറെ സന്തുലിതമാണ്. ബോളർമാർ അപാരഫോമിലാണ്. ബാറ്റിങ് നിരയും ശക്തം. ആഭ്യന്തര ക്രിക്കറ്റിലെ കരുത്തന്മാരായി കേരളം വളരുന്നു. മിസോറാം പോലുള്ള ടീമുകളും പ്രതീക്ഷ നൽകുന്നുണ്ട്.
∙ കപ്പെടുക്കുമോ ഇന്ത്യ?
നിലവിൽ ഇന്ത്യൻ ടീമിന്റെ ഭാഗമല്ലാത്തതിനാൽ ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ആധികാരികമായി പറയാനാകില്ല. ലോകോത്തര പേസ് നിരയുള്ള ടീമാണ് നമ്മുടേത്. ലോകകപ്പിൽ ഏറ്റവും സഹായിക്കുന്ന ഘടകമാകുമത്.
∙ ബാറ്റിങ് മാത്രമല്ല
ഐപിഎൽ ബാറ്റ്സ്മാന്മാരുടെ മാത്രം കളിയാണെന്നു പറയാനുമാകില്ല. ചില കളികളിൽ ബാറ്റ്സ്മാന്മാർ പെർഫോം ചെയ്യുന്നുണ്ടെങ്കിലും ബോളർമാർക്കും സാധ്യതകളേറെയാണ്. 10- 12 റൺസ് മാത്രം വിട്ടുകൊടുത്ത് 3-4 വിക്കറ്റുകളെടുക്കുന്ന എത്രയോ ബോളർമാർ അവിടെയുമുണ്ട്.
∙ വഴിയിൽ തങ്ങാതിരിക്കട്ടെ
ഭാവി ആർക്കും മുൻകൂട്ടി കാണാനാകില്ലല്ലോ. രഞ്ജി ഫൈനലിൽ നന്നായി കളിക്കുക, ചാംപ്യൻഷിപ് നിലനിർത്തുക എന്നതു മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. എപ്പോഴും ക്രിക്കറ്റിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കും.