സെഡൻ പാർക്കിൽ ഇന്ത്യയ്ക്ക് ‘സഡൻ ഡെത്ത്’; 212 പന്ത് ബാക്കി, എട്ടു വിക്കറ്റ് തോൽവി!

ഹാമൽട്ടൻ∙ പിച്ച് തിരിച്ചറിഞ്ഞുള്ള വിവേകമല്ല, വിജയങ്ങൾ നൽകിയ വികാരമാണ് ഇന്ത്യൻ ബാറ്റിങ്ങിൽ നിഴലിച്ചത്. പന്ത് സ്വിങ് ചെയ്യുന്ന പിച്ചിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനു പകരം മുൻ മൽസങ്ങളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ മതിമറന്നു. ഫലം, സമീപകാലത്തു രാജ്യാന്തര ക്രിക്കറ്റിൽ പുലർത്തിയ ആധിപത്യം മുഴുവൻ ചോദ്യം ചെയ്യുന്ന തരത്തിൽ തോറ്റു. പൊരുതിത്തോറ്റു എന്നതു പോയിട്ട് പൊരുതാൻ ശ്രമിച്ചു എന്നു പോലും വിലയിരുത്താൻ കഴിയാത്ത തോൽവി. 200–ാം ഏകദിനത്തിൽ വൻവിജയം സ്വപ്നം കണ്ടിറങ്ങിയ നായകൻ രോഹിത് ശർമയ്ക്ക് നിരാശയുടെ ദിവസം.

തോൽവി കളിയുടെ ഭാഗമാണെങ്കിലും ഈ പോരാട്ടരീതി ഒട്ടും ആശ്വാസം നൽകുന്നില്ലെന്ന വിമർശനം ഉയരുന്നു. താൽക്കാലിക നായകന്റെ കുപ്പായം വീണ്ടുമണിഞ്ഞ രോഹിത് ശർമയും തോൽവിക്കു ന്യായം കണ്ടെത്താനാവാതെ വിഷമിച്ചു. ‘‘ ഇതു സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. കളികളിൽ ഇത്തരം നിമിഷങ്ങളുമുണ്ടാവും. സ്വയം പഴിക്കാനേ കഴിയൂ.’’

·നിലംതൊടാതെ

പന്ത് സ്വിങ് ചെയ്യുമെന്നറിഞ്ഞു തന്നെയാണ് ന്യൂസീലൻഡ് ബോളിങ് തിരഞ്ഞെടുത്തത്. എന്നാൽ അതു മനസ്സിലാക്കാതെ ഇന്ത്യ ബാറ്റു വീശി. നാലോവർ മെയ്ഡൻ പായിച്ച ട്രെന്റ് ബോൾട്ട് അഞ്ചു വിക്കറ്റുമായി ആഞ്ഞടിച്ചപ്പോൾ 26 റൺസിനു 3 വിക്കറ്റ് നേടി ഗ്രാൻഹോമും മികച്ച പിന്തുണ നൽകി. തുടർച്ചയായി 10 ഓവറും ബോൾട്ട് എറിഞ്ഞുതീർത്തു. 6 ഓവറിൽ 21 റൺസെത്തിയപ്പോൾ 13 റൺസുമായി ധവാൻ മടങ്ങി. രോഹിത് ശർമ(7), അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗിൽ(9), അമ്പാട്ടി റായുഡു(0), ദിനേഷ് കാർത്തിക്(0), കേദാർ ജാദവ്(1) എന്നിവർ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 35 റൺസ് മാത്രം. 33 റൺസിൽ മാത്രം ഇന്ത്യയ്ക്കു നഷ്ടമായതു 3 വിക്കറ്റുകൾ. പിന്നീട് ഹാർദിക് പാണ്ഡ്യ(16), കുൽദീപ് യാദവ്(15), യുസ്‌വേന്ദ്ര ചാഹൽ(18) എന്നിവർ രണ്ടക്കത്തിലെത്തിയതു കൊണ്ട് ഇന്ത്യയ്ക്ക് 92 റൺസിലെങ്കിലും എത്താൻ കഴിഞ്ഞു. എട്ടിന് 55ൽ നിന്ന് ഒൻപതാം വിക്കറ്റിൽ കുൽദീപ്– ചാഹൽ സഖ്യം നേടിയ 25 റൺസ് വൻസ്കോറിലേക്ക് ഇന്ത്യയെ നയിച്ചില്ലെങ്കിലും പേരുകേട്ട ബാറ്റ്സ്മാൻമാരെ നാണിപ്പിച്ചിട്ടുണ്ടാവും !

·അനായാസം കിവീസ്

ആവേശം അതേ പടി കിവീസ് ബാറ്റ്സ്മാൻ തുടർന്നു. 4 പന്തുകളിൽ രണ്ടു ഫോറും ഒരു സിക്സറുമായി 14 റൺസെടുത്ത് ഗപ്റ്റിൽ, 42 പന്തുകളിൽ 30 റൺസെടുത്ത നിക്കോൾസ്, 18 പന്തുകളിൽ 11 റൺസെടുത്ത് വില്യംസൺ, 25 പന്തുകളിൽ 37 റൺസെടുത്ത് ടെയ്‌ലർ എന്നിവർ അനായാസം ന്യൂസീലൻഡിനെ വിജയത്തിലേക്കു നയിച്ചു. അതും 14.4 ഓവറിൽ !

ചെറിയ സ്കോർ

ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ 54 റൺസ് . 2000ൽ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു ഈ നാണക്കേട്. ഷാർജയിൽ ആദ്യം ബാറ്റു ചെയ്ത് 5 വിക്കറ്റിന് 299 റൺസെടുത്ത ലങ്കയ്ക്കെതിരെ ഇന്ത്യ 26.3 ഓവറിൽ 54ന് പുറത്തായി. ഗാംഗുലി, സച്ചിൻ, യുവരാജ്, കാംബ്ലി തുടങ്ങിയവരെല്ലാം ഉണ്ടായിരുന്ന ടീമിൽ രണ്ടക്കത്തിലെത്തിയത് 11 റൺസെടുത്ത റോബിൻ സിങ് മാത്രം.

ന്യൂസീലൻഡ് വിജയത്തിയത് 212 പന്തുകൾ ബാക്കി നിർത്തിയാണ്. പന്തുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ ഏറ്റവും മോശം തോൽവി.

സ്കോർ ബോർഡ്

ഇന്ത്യ: രോഹിത് ശർമ സി ആൻഡ് ബി ബോൾട്ട്– 7, ശിഖർ ധവാൻ എൽബി ബി ബോൾട്ട്– 13, ശുബ്മാൻ ഗിൽ ആൻഡ് ബി ബോൾട്ട്– 9, അമ്പാട്ടി റായുഡു സി ഗപ്റ്റിൽ ബി ഗ്രാൻഹോം– 0, ദിനേഷ് കാർത്തിസ് സി ടോം ലാതം ബി ഗ്രാൻഹോം–0, കേദാർ ജാദവ് എൽബി ബി ബോൾട്ട്– 1, ഹാർദിക് പാണ്ഡ്യ സി ലാതം ബി ബോൾട്ട്– 16, ഭുവനേശ്വർ ബി ഗ്രാൻഹോം–1,

കുൽദീപ് സി ഗ്രാൻഹോം ബി ആസിൽ– 15, ചാഹൽ നോട്ടൗട്ട്– 18, ഖലീൽ അഹമ്മദ് ബി ജിമ്മി നീഷം– 5, എക്സ്ട്രാസ്– 7

ആകെ 30.5 ഓവറിൽ 92 ഓൾഔട്ട്

വിക്കറ്റുവീഴ്ച: 1–21, 2–23, 3–33, 4–33, 5–33, 6–35, 7–40, 8–55, 9–80, 10–92

ബോളിങ്: മാറ്റ് ഹെൻ‌റി 8–2–30–0, ട്രെന്റ് ബോൾട്ട് 10–4–21–5, ഗ്രാൻഹോം 10–2–26–3, ടോഡ് ആസിൽ 2–0–9–1, ജിമ്മി നീഷം 0.5–0–5–1

ന്യൂസീലൻഡ്: ഗപ്റ്റിൽ സി ഹാർദിക് ബി ഭുവനേശ്വർ– 14, ഹെൻ‌റി നിക്കോൾസ് നോട്ടൗട്ട്– 30, വില്യംസൺ സി ദിനേഷ് കാർത്തിക് ബി ഭുവനേശ്വർ– 11, റോസ് ടെയ്‌ലർ നോട്ടൗട്ട്– 37, എക്സ്ട്രാസ്– 2

ആകെ 14.4 ഓവറിൽ രണ്ടിന് 93

വിക്കറ്റുവീഴ്ച: 1–14, 2–39

ബോളിങ്: ഭുവനേശ്വർ 5–1–25–2, ഖലീൽ അഹമ്മദ് 3–0–19–0, ഹാർദിക് പാണ്ഡ്യ 3–0–15–0, യുസ്‌വേന്ദ്ര ചാഹൽ 2.4–0–32–0, കുൽദീപ് യാദവ് 1–0–2–0

∙ രോഹിത് ശർമ (ഇന്ത്യൻ നായകൻ): ഏറെക്കാലത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും മോശമായി ബാറ്റു ചെയ്യുന്നത്. ഒരിക്കലും പ്രതീക്ഷിച്ചില്ല. എങ്കിലും ന്യൂസീലൻഡ് ബോളർമാർക്ക് വിജയത്തിന്റെ ക്രെഡിറ്റ് കൊടുത്തേ മതിയാകൂ. അത്രയും ഉജ്വലമായാണ് അവർ ബോൾ ചെയ്തത്. ഇന്ത്യൻ ബാറ്റ്സ്മാൻമാർ മോശം ഷോട്ട് കളിച്ച് അവരെ സഹായിക്കുകയും ചെയ്തു.

∙ കെയ്ൻ വില്യംസൺ (ന്യൂസീലൻഡ് ക്യാപ്റ്റൻ): പിച്ച് ഇങ്ങനെ പെരുമാറുമെന്ന് ഞങ്ങളും കരുതിയില്ല. അതു നന്നായി മുതലെടുത്ത ബോളർമാർക്കാണ് ക്രെഡിറ്റ്. പന്ത് സ്വിങ് ചെയ്യുന്നു എന്നു മനസ്സിലായതോടെ ബോൾട്ടും കൂട്ടരും ഉൽസാഹപൂർവം ഇന്ത്യയെ എറി‍ഞ്ഞു വീഴ്ത്തി..