മർദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ശ്രീശാന്ത്; പെരുമാറ്റം മോശമായിപ്പോയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ൽ കുറ്റസമ്മതം നടത്തിയത് ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീംകോടതിയിൽ. വാതുവയ്പുകേസിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹർജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ‌. ജസ്റ്റിസ് അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹർജി പരിഗണിച്ചത്.

ആജീവനാന്ത വിലക്ക് അഞ്ചു വർഷത്തെ വിലക്കാക്കി കുറയ്ക്കാൻ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെക്കുറിച്ച് ചില പരാമർശങ്ങളും കോടതി നടത്തി. ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ശ്രീശാന്ത് കൂടുതൽ പണം കയ്യിൽ കരുതിയത് എന്തിനായിരുന്നുവെന്നും വാദമധ്യേ കോടതി ചോദിച്ചു. ഇത് അനാഥാലയത്തിനു നൽകാനാണെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി. അധിക രേഖകൾക്കു മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.

2013ലെ ഐപിഎൽ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് ഉൾപ്പെടെയുള്ളവരെ ബിസിസിഐ വിലക്കിയത്. വിലക്ക് ഏർപ്പെടുത്തിയ നടപടി ക്രൂരമാണെന്നും ഇംഗ്ലിഷ് കൗണ്ടി മൽസരങ്ങളിൽപ്പോലും കളിക്കാനാകുന്നില്ലെന്നും ശ്രീശാന്ത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വാതുവയ്പ് വിവാദത്തിൽ ഡൽഹി പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിട്ടില്ല. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾബെഞ്ച് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐയുടെ അപ്പീൽ അംഗീകരിച്ച് ഡിവിഷൻ ബെഞ്ച് വിലക്ക് നിലനിർത്തുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയിലെത്തിയത്.