പേസ് ബോളിങ്ങിനെ കലയാക്കിയ ‘സ്റ്റെയ്ൻ ഗൺ’; തുടർച്ചയായി 6 വർഷം ഒന്നാമൻ!
കാൽ വച്ച രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച രാജാവിനെപ്പോലെ ‘രാജ്യമേതായാലും ഗ്രൗണ്ട് കണ്ടീഷൻസ് എന്തൊക്കെയായാലും സ്റ്റെയ്ന് ഒരേ സ്വിങാ’ എന്നു പറയാതെ പറഞ്ഞ ജൈത്രയാത്ര. വേഗവും ഇൻസ്വിങ്– ഔട്ട്സ്വിങ് കോമ്പോയും സമന്വയിപ്പിച്ച അപൂർവത, ബാറ്റ്സ്മാൻമാരുടെ ‘ചോരകണ്ട്’ അറപ്പുമാറിയ ‘സ്റ്റെയ്ൻ ഗൺ’.
കാൽ വച്ച രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച രാജാവിനെപ്പോലെ ‘രാജ്യമേതായാലും ഗ്രൗണ്ട് കണ്ടീഷൻസ് എന്തൊക്കെയായാലും സ്റ്റെയ്ന് ഒരേ സ്വിങാ’ എന്നു പറയാതെ പറഞ്ഞ ജൈത്രയാത്ര. വേഗവും ഇൻസ്വിങ്– ഔട്ട്സ്വിങ് കോമ്പോയും സമന്വയിപ്പിച്ച അപൂർവത, ബാറ്റ്സ്മാൻമാരുടെ ‘ചോരകണ്ട്’ അറപ്പുമാറിയ ‘സ്റ്റെയ്ൻ ഗൺ’.
കാൽ വച്ച രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച രാജാവിനെപ്പോലെ ‘രാജ്യമേതായാലും ഗ്രൗണ്ട് കണ്ടീഷൻസ് എന്തൊക്കെയായാലും സ്റ്റെയ്ന് ഒരേ സ്വിങാ’ എന്നു പറയാതെ പറഞ്ഞ ജൈത്രയാത്ര. വേഗവും ഇൻസ്വിങ്– ഔട്ട്സ്വിങ് കോമ്പോയും സമന്വയിപ്പിച്ച അപൂർവത, ബാറ്റ്സ്മാൻമാരുടെ ‘ചോരകണ്ട്’ അറപ്പുമാറിയ ‘സ്റ്റെയ്ൻ ഗൺ’.
‘നിസ്സംശയം പറയാം, എന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും മികച്ച ബോളറാണ് അദ്ദേഹം. ഒരു തവണ പോലും ഒരു മോശം പന്ത് അദ്ദേഹം എറിഞ്ഞതായി ഞാൻ ഓർക്കുന്നില്ല. വിശ്രമജീവിതത്തിന്റെ മധുരം നുണയാൻ താങ്കളെ ഞാൻ ക്ഷണിക്കുന്നു’, ലോകം കണ്ട എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളായ ഡെയ്ൽ സ്റ്റെയ്ന്റെ വിരമിക്കൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്.
അതായിരുന്നു ഡെയ്ൽ സ്റ്റെയ്ൻ. തൊട്ടതെല്ലാം പൊന്നാക്കിയ, സ്വിങ് കൊണ്ടും പേസ് കൊണ്ടും സ്ഥിരത കൊണ്ടും ലോകക്രിക്കറ്റിലെ എല്ലാ പിച്ചുകളും തന്റേതാക്കി മാറ്റിയ ഡെയ്ൽ വില്യം സ്റ്റെയ്ൻ എന്ന മുപ്പത്തിയെട്ടുകാരൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഒപ്പം അവസാനിച്ചത് പേസ് ബോളിങ്ങിന്റെ ഒരു സുവർണ അധ്യായം കൂടിയാണ്.
∙ ആരംഭം, രാജകീയം
2004 ഡിസംബർ 17. ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലിഷ് ഓപ്പണർ മാർകസ് ട്രെസ്കോത്തിക്കിന്റെ മിഡിൽ സ്റ്റംപ് വായുവിൽ സമ്മർസാൾട്ട് അടിക്കുന്നതു കണ്ടു കോരിത്തരിച്ച ക്രിക്കറ്റ് പ്രേമികൾ ആ ബോളറെ അന്വേഷിച്ചു. ഇരുപത്തിയൊന്നുകാരനായ ഒരു ചെമ്പൻമുടിക്കാരൻ തന്റെ രാജ്യാന്തര മത്സരത്തിലെ അരങ്ങേറ്റം ആഘോഷിച്ചതാണെന്നറിഞ്ഞപ്പോൾ കൗതുകമായി. പിന്നീടങ്ങോട്ടു റെക്കോർഡുകളുടെയും അവിസ്മരണീയ സ്പെല്ലുകളുടെയും ഘോഷയാത്രയായിരുന്നു ആ ചെമ്പൻമുടിക്കാരൻ കാണികൾക്ക് സമ്മാനിച്ചത്.
കാൽ വച്ച രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച രാജാവിനെപ്പോലെ ‘രാജ്യമേതായാലും ഗ്രൗണ്ട് കണ്ടീഷൻസ് എന്തൊക്കെയായാലും സ്റ്റെയ്ന് ഒരേ സ്വിങാ’ എന്നു പറയാതെ പറഞ്ഞ ജൈത്രയാത്ര. വേഗവും ഇൻസ്വിങ്– ഔട്ട്സ്വിങ് കോമ്പോയും സമന്വയിപ്പിച്ച അപൂർവത, ബാറ്റ്സ്മാൻമാരുടെ ‘ചോരകണ്ട്’ അറപ്പുമാറിയ ‘സ്റ്റെയ്ൻ ഗൺ’. ഇങ്ങനെ എഴുതിയാലും പറഞ്ഞാലും തീരാത്തത്ര വിശേഷണങ്ങൾക്കുടമായിയിരുന്നു ഒരു കാലത്ത് ഡെയ്ൽ സ്റ്റെയ്ൻ എന്ന ഇതിഹാസം.
തന്റെ പ്രതാപകാലത്ത് മുട്ടിടിക്കാതെ സ്റ്റെയ്നിനെ നേരിട്ട ബാറ്റ്സ്മാൻമാർ ചുരുക്കം. പരുക്കുകൾ വലച്ചില്ലായിരുന്നെങ്കിൽ ജയിംസ് ആൻഡേഴ്സനേക്കാൾ എത്രയോ മുൻപേ ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ തികച്ച്, ആ നേട്ടം കൈവരിക്കുന്ന ആദ്യ ഫാസ്റ്റ് ബോളർ ആകേണ്ടിയിരുന്ന താരം. ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരത്തിൽ അധികം പന്തുകൾ എറിഞ്ഞ ബോളർമാരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് സ്റ്റെയ്നിനു സ്വന്തം. വഖാർ യൂനിസ്, മാൽക്കം മാർഷൽ തുടങ്ങിയ ഇതിഹാസ താരങ്ങൾ വരെ പട്ടികയിൽ സ്റ്റെയ്നിനു പിന്നിലാണെന്ന് ഓർക്കുക.
∙ ആ മൂന്നു പന്തുകൾ
‘മൂന്നു പന്തുകളാണു മത്സരത്തിൽ നിങ്ങളുടെ ഭാവി നിർണയിക്കുന്നത്. അതു ചിലപ്പോൾ നിങ്ങളുടെ സ്പെല്ലിലെ ആദ്യ 3 പന്തുകളാകാം. അല്ലെങ്കിൽ അവസാനത്തേത് ’– തുടർച്ചയായി 6 വർഷം (2010 മുതൽ 2015വരെ ) ടെസ്റ്റ് ബോളർമാരുടെ റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തിയതിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ സ്റ്റെയ്ൻ നൽകിയ മറുപടി ഇതായിരുന്നു. തന്റെ കരിയറിൽ ഉടനീളം ആ 3 പന്തുകൾ സ്റ്റെയ്ന്റെ കയ്യിൽ ഭദ്രമായിരുന്നു, 2016ൽ പരുക്കിന്റെ പിടിയിൽ അകപ്പെടുന്നതു വരെ. അതിനുശേഷം ആ 3 പന്തുകൾ അയാളുടെ കയ്യിൽ നിന്നു നഷ്ടപ്പെടുന്ന കാഴ്ച വേദനയോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. അത് ആദ്യം മനസ്സിലാക്കിയതും സ്റ്റെയ്ൻ തന്നെയായിരുന്നു.
രാജ്യാന്തര മത്സരങ്ങളിൽ നിന്നു പതിയെ പിൻമാറിയ അദ്ദേഹം വൈകാതെ ദക്ഷിണാഫ്രിക്കൻ ജഴ്സി അഴിച്ചു. പിന്നീട് ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ സജീവമാകാനായിരുന്നു ശ്രമം. കഴിഞ്ഞ ഐപിഎൽ സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി കളിച്ച സ്റ്റെയ്ൻ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സുരേഷ് റെയ്നയുടെ ഓഫ് സ്റ്റംപ് കീപ്പറുടെ കൈകളിൽ എത്തിച്ചപ്പോൾ ‘ആ മൂന്ന് പന്തുകൾ’ അയാൾക്ക് തിരിച്ചുകിട്ടിയെന്ന് ആരാധകർ വിശ്വസിച്ചു. പക്ഷേ, വൈകാതെ പരുക്ക് വീണ്ടും വില്ലനായി, പിന്നീടൊരു തിരിച്ചുവരവിനുള്ള സാധ്യത പോലും ഇല്ലാതെയായി.
∙ സ്റ്റെയ്നും ആൻഡേഴ്സനും
ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലെ ജിമ്മി ആൻഡേഴ്സന്റെ പ്രകടനത്തെ വാഴ്ത്തി ആദ്യം രംഗത്തെത്തിയത് സ്റ്റെയ്നായിരുന്നു. ‘ഒരു ഇതിഹാസ താരത്തെ മറ്റൊരു ഇതിഹാസം വാഴ്ത്തുന്നു’ എന്നായിരുന്നു ആരാധകർ ഇതിനോടു പ്രതികരിച്ചത്. ക്രിക്കറ്റിൽ പല സമാനതകളും അവകാശപ്പെടാനുള്ള താരങ്ങളായിരുന്നു ഇരുവരും. പന്ത് ഇരു വശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവായിരുന്നു ഇരുവരുടെയും പ്രധാന സവിശേഷത.
ആൻഡേഴ്സൻ പന്ത് സ്വിങ് ചെയ്യിക്കാൻ ഉപയോഗിച്ചത് തന്റെ ആക്‌ഷനും വിരലുകളുമായിരുന്നെങ്കിൽ സ്റ്റെയ്ന്റെ സ്വിങ് നിയന്ത്രിച്ചത് അയാളുടെ റിസ്റ്റ് പൊസിഷനായിരുന്നു. ആൻഡേഴ്സന്റെ ആക്രമണം പലപ്പോഴും ഗുഡ് ലെങ്ത്ത് പന്തുകളിൽ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ യോർക്കറും ബൗൺസറും യഥേഷ്ടം പാഞ്ഞ കൈകളായിരുന്നു സ്റ്റെയ്നിന്റേത്.
തുടക്കകാലത്ത് അൽപസ്വൽപം വിമർശനങ്ങൾ കേട്ടിരുന്ന ആക്‌ഷനായിരുന്നു സ്റ്റെയ്നിന്റേത്. എങ്കിലും പിന്നീട് സ്റ്റെയ്നിനെ പോലെ പന്തെറിയാൻ ശ്രമിക്കൂ എന്നായിരുന്നു ക്രിക്കറ്റ് പരിശീലകർ തങ്ങളുടെ കുട്ടികളെ ഉപദേശിച്ചത്.
∙ ആ 3 പ്രകടനങ്ങൾ
കരിയറിൽ കോരിത്തരിപ്പിച്ച ഒരുകൂട്ടം പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ചരിത്രത്തിൽ സ്റ്റെയ്നിന്റെ പേരിനൊപ്പം കൂട്ടിവായിക്കുന്ന മറക്കാനാകാത്ത 3 മാസ്മരിക പ്രകടനങ്ങൾ ഇവയാണ്.
1– 2008 ഡിസംബർ, ഓസ്ട്രേലിയയ്‌ക്കെതിരെ
മെൽബണിൽ നടന്ന ദക്ഷിണാഫ്രിക്ക– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും 5 വിക്കറ്റ് നേട്ടം (5–87, 5–67) കൈവരിച്ച സ്റ്റെയ്ന്റെ മികവിലായിരുന്നു മത്സരം 9 വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യ ഇന്നിങ്സിൽ 76 റൺസുമായി ബാറ്റുകൊണ്ടും സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കൻ വിജയം ഉറപ്പിച്ചു.
2– 2010 ഫെബ്രുവരി, ഇന്ത്യയ്‌ക്കെതിരെ
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 558– 6 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 233 റൺസിന് കൂടാരം കയറിയപ്പോൾ ദക്ഷിണാഫ്രിക്കൻ ബോളിങ്ങിനെ മുന്നിൽ നിന്നു നയിച്ചത് സ്റ്റെയ്ന്റെ അവിശ്വസനീയ സ്പെൽ ആയിരുന്നു (7–51). രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് കൂടി കൂട്ടിച്ചേർത്ത് 10 വിക്കറ്റ് നേട്ടവുമായാണ് അന്ന് സ്റ്റെയ്ൻ കളം വിട്ടത്.
3– 2013 ഫെബ്രുവരി, പാക്കിസ്ഥാനെതിരെ
സ്വന്തം തട്ടകത്തിൽ പാക്കിസ്ഥാനെ വൈറ്റ് വാഷ്(3–0) ചെയ്തു വിട്ട ആ പരമ്പരയിലെ ദക്ഷിണാഫ്രിക്കൻ തേരോട്ടം മുന്നിൽ നിന്നു നയിച്ചതും മറ്റാരുമല്ല. അന്ന് ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 49 റൺസിന്റെ നാണക്കേട് പേറി ഓൾ ഔട്ടായ പാക്കിസ്ഥാൻ ടീമിനെ ആ പടുകുഴിയിലേക്ക് തള്ളിവിട്ടത് 8 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റെയ്ൻ മാജിക്കായിരുന്നു.
ഈ മൂന്നു പ്രകടനങ്ങളുടെയും പ്രത്യേകത ഇവയ്ക്കു വേദിയായ ഗ്രൗണ്ടുകൾ കൂടിയാണ്. പേസ് ബോളർമാരെ അളവറ്റ് തുണയ്ക്കുന്ന (എന്നാൽ സ്വിങ്ങിന് കാര്യമായ പിന്തുണ നൽകാത്ത) എംസിജിയിൽ ആയിരുന്നു ആദ്യത്തെ വണ്ടർ സ്പെൽ. രണ്ടാമത്തേതാകട്ടെ സ്പിന്നിന് പേരുകേട്ട ഇന്ത്യൻ പിച്ചിലും. ഇന്ത്യയിൽ ആദ്യ രണ്ട് ദിവസം മാത്രമാണ് പേസ് ബോളർമാർക്ക് അൽപമെങ്കിലും പിന്തുണ ലഭിക്കുകയെന്നിരിക്കെ മൂന്നാം ദിനം സ്റ്റെയ്ൻ നടത്തിയ സംഹാരതാണ്ഡവം ഇന്ത്യൻ ബോളർമാരെപ്പോലും അതിശയിപ്പിച്ചു.
പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയത് സ്വന്തം മണ്ണിലാണെങ്കിലും പേരുകേട്ട പാക്ക് ബോളിങ് അറ്റാക്ക് നിഷ്പ്രഭമായിപ്പോയ മത്സരത്തിലാണ് സ്റ്റെയ്ൻ വിസ്മയമായി മാറിയതെന്നു മറന്നുകൂടാ. ഇങ്ങനെ പന്തെടുത്താൽ വിക്കറ്റ് വീഴ്ത്താതെ താഴെവയ്ക്കാതിരുന്ന ഒരു കാലം സ്റ്റെയ്നിനു മാത്രം അവകാശപ്പെടാവുന്നതാണ്.
∙ വാൽക്കഷ്ണം
ഉയർച്ചയും താഴ്ച്ചയും ഏതൊരു കായിക താരത്തിന്റെയും കരിയറിൽ ഒഴിച്ചുകൂടാനാകാത്ത അനിവാര്യതയാണ്. എന്നാൽ കരിയറിൽ പരുക്ക് പിടികൂടുന്നതിനു മുൻപ് ഒരിക്കൽ പോലും ഫോം ഔട്ട് എന്താണെന്നു സ്റ്റെയ്ൻ അറിഞ്ഞിട്ടില്ല. പക്ഷേ, ഒരിക്കൽ പരുക്കിന്റെ പാതാളക്കയത്തിലേക്ക് വീണ ശേഷം പിന്നീട് തിരിച്ചുവരാനും അയാൾക്ക് സാധിച്ചിട്ടില്ല. ഡെയ്ൽ സ്റ്റെയ്ൻ, ഇനി നിങ്ങൾക്ക് അൽപം വിശ്രമിക്കാം. ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ നിങ്ങളുടെ പേരും കൊത്തിവയ്ക്കപ്പെടും, ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച പേസ് ബോളർ എന്ന തലക്കെട്ടിനു താഴെ...
English Summary: A Tribute to Dale Steyn who Retired from All forms of Cricket