ഈ സീസണിലെ കണ്ടെത്തലുകളായ താരങ്ങളെ വച്ച് ഒരു ടീം; കപ്പടിക്കാൻ കരുത്തുണ്ട്!
ഐപിഎൽ 14–ാം സീസണിന്റെ പൂരം കൊടിയിറങ്ങി, ടീം ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പിലേക്കു കടക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച ഈ സീസൺ സമ്മാനിച്ച കൊച്ചുമിടുക്കൻമാരെക്കുറിച്ചാണ്. ഒരു സമാന്തര ഇന്ത്യൻ ടീം ഇറക്കാവുന്നതിൽ അധികം യുവതാരങ്ങളെയാണ് ഇത്തവണയും ഐപിഎൽ സമ്മാനിച്ചത്. ഇംഗ്ലണ്ടിലും ശ്രീലങ്കയിലും
ഐപിഎൽ 14–ാം സീസണിന്റെ പൂരം കൊടിയിറങ്ങി, ടീം ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പിലേക്കു കടക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച ഈ സീസൺ സമ്മാനിച്ച കൊച്ചുമിടുക്കൻമാരെക്കുറിച്ചാണ്. ഒരു സമാന്തര ഇന്ത്യൻ ടീം ഇറക്കാവുന്നതിൽ അധികം യുവതാരങ്ങളെയാണ് ഇത്തവണയും ഐപിഎൽ സമ്മാനിച്ചത്. ഇംഗ്ലണ്ടിലും ശ്രീലങ്കയിലും
ഐപിഎൽ 14–ാം സീസണിന്റെ പൂരം കൊടിയിറങ്ങി, ടീം ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പിലേക്കു കടക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച ഈ സീസൺ സമ്മാനിച്ച കൊച്ചുമിടുക്കൻമാരെക്കുറിച്ചാണ്. ഒരു സമാന്തര ഇന്ത്യൻ ടീം ഇറക്കാവുന്നതിൽ അധികം യുവതാരങ്ങളെയാണ് ഇത്തവണയും ഐപിഎൽ സമ്മാനിച്ചത്. ഇംഗ്ലണ്ടിലും ശ്രീലങ്കയിലും
ഐപിഎൽ 14–ാം സീസണിന്റെ പൂരം കൊടിയിറങ്ങി, ടീം ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പിലേക്കു കടക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച ഈ സീസൺ സമ്മാനിച്ച കൊച്ചുമിടുക്കൻമാരെക്കുറിച്ചാണ്. ഒരു സമാന്തര ഇന്ത്യൻ ടീം ഇറക്കാവുന്നതിൽ അധികം യുവതാരങ്ങളെയാണ് ഇത്തവണയും ഐപിഎൽ സമ്മാനിച്ചത്. ഇംഗ്ലണ്ടിലും ശ്രീലങ്കയിലും ഒരേ സമയം പരമ്പര കളിച്ച ടീം ഇന്ത്യ, ഇനിയും ആ പതിവു തുടരാൻ തീരുമാനിച്ചാൽ ബി ടീമിനു പിന്നാലെ ഒരു സി ടീം കൂടി ചിലപ്പോൾ കളിക്കാൻ ഇറങ്ങും.
ഈ സീസണിൽ നിന്നു കണ്ടെടുത്ത താരങ്ങളെ മാത്രം വച്ച് ഒരു ടീം ഇറക്കിയാൽ പോലും രാജ്യാന്തര മത്സരങ്ങൾ ജയിക്കാൻ സാധിക്കുമെന്ന് വിശ്വാസം നൽകുന്ന തരത്തിലാണ് ഓരോ യുവതാരത്തിന്റെയും ഈ സീസണിലെ പ്രകടനം.
∙ ഋതുരാജ് ഗെയ്ക്‌വാദ്
ഷെയ്ൻ വാട്സൺ, ബ്രണ്ടൻ മെക്കല്ലം, ഡ്വൈൻ സ്മിത്ത്, മാത്യു ഹൈഡൻ, സ്റ്റീഫൻ ഫ്ലമിങ്, മൈക്ക് ഹസി, തുടങ്ങി ലോകോത്തര താരങ്ങൾ ഭദ്രമാക്കിവച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് സ്ലോട്ട് ഒരു ഇരുപത്തിനാലുകാരന്റെ കയ്യിലേക്ക് ഏൽപിക്കുമ്പോൾ സിഎസ്കെ മാനേജ്മെന്റിന് ഒരൽപം പരിഭ്രമമുണ്ടായിരുന്നു. ആദ്യ ചില മത്സരങ്ങളിലെ ദയനീയ പ്രകടനം കൂടിയായപ്പോൾ ‘ഋതുരാജിന് സ്പാർക്ക് പോരാ’ എന്ന് ചെന്നൈ ടീം വിധിയെഴുതി. എന്നാൽ ഐപിഎലിന്റെ രണ്ടാം പകുതിയിൽ മറ്റൊരു ഋതുരാജിനെയാണ് കാണാനായത്.
ഓപ്പണിങ്ങിൽ ഫാഫ് ഡുപ്ലെസിക്കൊപ്പം സ്ഥിരതയാർന്ന ബാറ്റിങ്. തുടരെ അർധ സെഞ്ചുറികൾ. എണ്ണം പറഞ്ഞ സെഞ്ചുറി. ക്ലാസിക് ബാറ്റിങ്ങിന്റെ മനോഹര മാതൃക. ഒടുവിൽ 635 റൺസുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയോടെ മടക്കം. യുവതാരങ്ങളെ വച്ച് ഒരു സമാന്തര ടീം ഉണ്ടാക്കിയാൽ അതിൽ ഓപ്പണറായി ഋതുവിനെയല്ലാതെ മറ്റാരെ പ്രതിഷ്ഠിക്കും?
∙ വെങ്കടേഷ് അയ്യർ
‘ആരെടാ ഇവൻ’ ഒറ്റനോട്ടത്തിൽ ഇങ്ങനെ തോന്നിക്കുന്ന പ്രകൃതമാണ് കൊൽക്കത്തയുടെ സൂപ്പർ കൂൾ ഓപ്പണർ വെങ്കടേഷ് അയ്യരുടേത്. ടക് ഇൻ ചെയ്യാത്ത, ഫുൾ സ്ലീവ് ജഴ്സിയുമണിഞ്ഞ് അലസതയോടെ ബാറ്റിങ്ങിനെത്തുന്ന വെങ്കിയെ കണ്ടാൽ ഫുട്ബോൾ കളിക്കാൻ താൽപര്യമുള്ള പയ്യനെ നിർബന്ധിച്ച് ക്രിക്കറ്റ് കളിക്കാൻ അയച്ചതുപോലെ തോന്നും. പക്ഷേ, ബാറ്റിങ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അടിയുടെ പൂരമാണ്. ഇടയ്ക്കിടെ ഓഫ് സൈഡിലേക്ക് ചില ക്ലാസിക് ഡ്രൈവുകളും ബാക്ക് വേഡ് സ്ക്വയറിനു മീതെ പറക്കുന്ന ചില ഷോട് ആം പുള്ളുകളും കൂടി ചേരുമ്പോൾ സംഗതി ഉഷാർ.
ഐപിഎൽ രണ്ടാം പാദത്തിൽ കൊൽക്കത്തയുടെ തലവര മാറ്റിയെഴുതിയ വെങ്കിടേഷാകും ഋതുവിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഒരു മീഡിയം പേസർ ആയതിനാൽ ബോളിങ്ങിലും ഒരു കൈ സഹായത്തിന് വെങ്കി ഉപകരിക്കും
∙ ദേവ്ദത്ത് പടിക്കൽ
പടിക്കലിന്റെ മിടുക്ക് കഴിഞ്ഞ സീസണിൽ തന്നെ ക്രിക്കറ്റ് ലോകം കണ്ടതാണ്. സീനിയർ ടീമിലേക്ക് വരാൻ ഇനിയും ഇഷ്ടംപോലെ സമയമുള്ളതിനാൽ സമാന്തര ടീമിലെ വൺ ഡൗൺ ബാറ്റ്സ്മാനായി പടിക്കലിനെ ഇറക്കാം. ഓപ്പണിങ്ങാണ് പടിക്കലിന്റെ ഇഷ്ട പൊസിഷനെങ്കിലും സമാന്തര ടീമിലെ സീനിയർ താരമായതിനാൽ വൺ ഡൗണിലായിരിക്കും പടിക്കൽ കൂടുതൽ ശോഭിക്കുക.
∙ രാഹുൽ ത്രിപാഠി
ടീമിനു വേണ്ടി ഇത്രകണ്ട് കഷ്ടപ്പെട്ടിട്ടും പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത പേരാണ് രാഹുൽ ത്രിപാഠിയുടേത്. രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനും ഫൈനലിനും ഇടയിൽ നിന്നത് ത്രിപാഠിയായിരുന്നു. രണ്ടു പന്തിൽ 6 റൺസ് വേണ്ടപ്പോൾ ട്വന്റി20 സ്പെഷലിസ്റ്റ് ആർ. അശ്വിനെ സിക്സറിനു പറത്തി കൊൽക്കത്തയ്ക്ക് ഫൈനലിലേക്കുള്ള വഴി തുറന്ന ഇന്നിങ്സ് മാത്രം മതി ത്രിപാഠിയുടെ മികവ് മനസ്സിലാക്കാൻ. 30ഉം 40 ഉം റൺസുമായി എല്ലാ മത്സരത്തിലും ത്രിപാഠി കൊൽക്കത്തയുടെ മധ്യനിര കാത്തു.
ഫീൽഡിങ്ങിൽ അപാര കമ്മിറ്റ്മെന്റ്. ഫൈനലിൽ പരുക്കു കാരണം തന്റെ സ്ഥിരം പൊസിഷനിൽ ഇറങ്ങാൻ ത്രിപാഠിക്കു സാധിച്ചില്ല. ഒരു പക്ഷേ, ടു ഡൗണിൽ ത്രിപാഠി വന്നിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി മാറിയേനെ. ടീം ചീട്ടുകൊട്ടാരം പോലെ വീണപ്പോൾ പരുക്കേറ്റ കാലുമായി ബാറ്റിങ്ങിനിറങ്ങിയ ത്രിപാഠി, ഔട്ട് ആയി പോകുമ്പോൾ സാക്ഷാൽ എം.എസ്. ധോണിയായിരുന്നു പുറകെ വന്ന് ആശ്വസിപ്പിച്ചത്.
∙ കെ.എസ്. ഭരത്
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അടിയുലഞ്ഞ മധ്യനിര കെട്ടിനിർത്തിയത് കെ.എസ്. ഭരത് എന്ന ആന്ധ്രാ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ബാറ്റിലായിരുന്നു. രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ സീനിയർ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്നതിനിടെയാണ് ഭരത് ആർസിബിയിൽ എത്തുന്നത്. ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചപ്പോൾ വൃദ്ധിമാൻ സാഹയ്ക്കും ഋഷഭ് പന്തിനും പിന്നിലായി ഉയർന്നുകേട്ട പേര് ഭരതിന്റേതായിരുന്നു.
പക്ഷേ, അന്നത് തഴയപ്പെട്ടു. എന്നാൽ ഐപിഎലിലെ കളിമികവിലൂടെ ഭരത് വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്തി. ആവേശ് ഖാനെ അവസാന പന്തിൽ സിക്സ് അടിച്ച് ക്രിക്കറ്റ് ലോകത്തെ ആവേശക്കൊടുമുടിയിൽ എത്തിച്ച ഭരത് തന്നെയായിരിക്കും സമാന്തര ടീമിന്റെ വിക്കറ്റ് സൂക്ഷിപ്പുകാരൻ.
∙ മഹിപാൽ ലാംറോർ
ഈ സീസണിൽ എടുത്തുപറയത്തക്ക ഇന്നിങ്സുകളൊന്നും കളിച്ചിട്ടില്ലെങ്കിലും മഹിപാൽ ലാംറോർ എന്ന രാജസ്ഥാൻ റോയൽസ് താരം യുവതാരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത് തന്റെ ആരെയും കൂസാത്ത ബാറ്റിങ് ശൈലിയിലൂടെയായിരുന്നു. വെസ്റ്റിൻഡീസ് താരങ്ങളുടേതിനു സമാനമായ ബാറ്റിങ് ശൈലിയാണ് ലാംറോറിന്റേത്. മധ്യനിരയിൽ ചെറിയ വെടിക്കെട്ടു നടത്താൻ കെൽപുള്ള ഇടംകയ്യൻ ബാറ്റ്സ്മാൻ.
വലിയ ഇന്നിങ്സുകൾ കളിച്ചില്ലെങ്കിലും കളിയുടെ ഗതി തിരിക്കുന്ന കുഞ്ഞൻ ഇന്നിങ്സുകൾ ലാംറോറിന്റെ ബാറ്റിൽ നിന്നു പ്രതീക്ഷിക്കാം. ഇടം കയ്യൻ സ്പിന്നർ കൂടിയായ ഈ ഇരുപത്തിയൊന്നുകാരൻ ടീമിനൊരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
∙ അബ്ദുൽ സമദ്
ലാംറോറിന്റെ ഒരു വലംകയ്യൻ പതിപ്പാണ് അബ്ദുൽ സമദ് എന്ന ഹൈദരാബാദ് താരം. ഏത് ലോകോത്തര ബോളറേയും നിർദാക്ഷിണ്യം ബൗണ്ടറി പറത്താൻ കഴിയുമെന്നു കഴിഞ്ഞ സീസൺ മുതൽ സമദ് തെളിയിച്ചുവരികയാണ്. മധ്യനിരയിൽ അത്യാവശ്യ സമയത്ത് റൺ റേറ്റ് ഉയർത്താൻ സാധിക്കുമെന്നതാണ് സമദിന്റെ ഗുണം. സ്പിൻ ബോളർ എന്ന നിലയിലും ടീമിന് ഉപയോഗപ്പെടുത്താവുന്ന താരം.
∙ രവി ബിഷ്ണോയ്
ഇന്ത്യൻ അണ്ടർ19 ടീമിലെ മാച്ച് വിന്നർ പരിവേഷത്തോടെ ഐപിഎലിൽ അരങ്ങേറിയ താരമാണ് പഞ്ചാബ് കിങ്സിന്റെ രവി ബിഷ്ണോയ്. അൽപം വശപ്പിശക് തോന്നുന്ന ബോളിങ് ആക്‌ഷൻ ആണെങ്കിലും തന്റെ ലൈനിലും ലെങ്ത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ബിഷ്ണോയ് തയാറല്ല. കാച്ചിക്കുറുക്കിയ ഗൂഗ്ലികളാണ് പഞ്ചാബ് താരത്തിന്റെ മറ്റൊരു പ്രത്യേക. റൺ വിട്ടുനൽകാതെ പന്തെറിയുന്നതിലും മിടുക്കൻ.
∙ അർഷ്ദീപ് സിങ്
മുഹമ്മദ് ഷമി നയിക്കുന്ന പഞ്ചാബ് ബോളിങ് നിരയിൽ മറ്റൊരാൾ ‘മെയ്ൻ’ ആവാനോ? അസംഭവ്യമെന്നു തോന്നുന്ന സംഭവത്തെ ‘ഇതൊക്കെ എന്ത്’ എന്ന മട്ടിൽ നടത്തിക്കാണിച്ച താരമാണ് അർഷ്ദീപ് സിങ് എന്ന ഇടംകയ്യൻ ബോളർ. ആവശ്യത്തിനു വേഗവും കൃത്യമാർന്ന ലൈനും ലെങ്ത്തും– അതാണ് അർഷ്ദീപിന്റെ രീതി.
ഡെത്ത് ഓവറുകളിൽ കണങ്കാൽ തുളയ്ക്കുന്ന യോർക്കറുകളും ബാറ്റ്സ്മാനെ പറ്റിക്കുന്ന സ്ലോ ബോളുകളും കൂടി ചേരുമ്പോൾ അർഷ്ദീപ് ഒരു പെർഫക്ട് ട്വന്റി20 ബോളറാകുന്നു. സമാന്തര ടീമിന്റെ ബോളിങ് അറ്റാക്ക് നയിക്കാൻ എന്തുകൊണ്ടും യോഗ്യൻ.
∙ ആവേശ് ഖാൻ
ഒരൽപം അമിതാവേശം ഒഴിച്ചുനിർത്തിയാൽ നാളെ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കുന്ന താരമാണ് ആവേശ് ഖാൻ. ഡൽഹി ക്യാപിറ്റൽസിന്റെ ഗോ ടു ബോളർ. കഗീസോ റബാഡയും എൻറിച്ച് നോർട്യയും ചേരുന്ന ഡൽഹി ബോളിങ് നിരയിൽ പക്ഷേ, ഒരു വിക്കറ്റ് അത്യാവശ്യം വന്നാൽ ക്യാപ്റ്റൻ പന്ത് ആദ്യം സമീപിക്കുക ആവേശ് ഖാനെയാണ്. മികച്ച വേഗവും കൃത്യതയാർന്ന യോർക്കറുകളുമാണ് ആവേശിന്റെ ആയുധങ്ങൾ. ഡെത്ത് ഓവറുകളിൽ തിളങ്ങാൻ സാധിക്കുന്ന താരം.
∙ ഹർഷൽ പട്ടേൽ
ഒരു സീസണിൽ 32 വിക്കറ്റുകൾ എന്ന ഡ്വെയ്ൻ ബ്രാവോയുടെ ഒരിക്കലും തകർക്കപ്പെടില്ലെന്നു ഉറച്ചു വിശ്വസിച്ച റെക്കോർഡിന് ഒപ്പമെത്തിയ ആർസിബി താരം ഹർഷൽ പട്ടേലില്ലാതെ ടീം പൂർത്തിയാകില്ല. ബ്രാവോയുടെ വജ്രായുധമായ സ്ലോ ബോളുകൾ തന്നെയാണ് ഹർഷലിന്റെയും പ്രധാന ആയുധം. ബാറ്റ്സ്മാനെ കുഴക്കുന്ന സ്ലോ ബോളുകളും അപ്രതീക്ഷിത ബൗൺസറുകളുമായി മത്സരത്തിന്റെ ഗതി തിരിക്കാൻ ഹർഷലിനു സാധിക്കുമെന്ന് ഈ സീസണിൽ ഒന്നിലേറെ തവണ കണ്ടതാണ്. ബോളിങ്ങിനു ദുഷ്പേരു കേൾക്കാറുള്ള ആർസിബി നിരയിൽ ഹർഷലിന്റെ വരവ് ഉണ്ടാക്കിയ മാറ്റം ചെറുതല്ല.
∙ പുറകെയുണ്ട് ഞങ്ങൾ
ഒരു ഓവറിൽ 3 റൺസ് പ്രതിരോധിച്ച കാർത്തിക് ത്യാഗിയും മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് തടയുന്ന ചേതൻ സാകരിയയും വേഗം കൊണ്ട് ഞെട്ടിച്ച ഉമ്രാൻ മാലിക്കുമെല്ലാം ഈ ടീമിൽ ഇടംപിടിക്കാൻ അർഹർ തന്നെ. ഒരു മത്സരത്തിൽപോലും അവസരം ലഭിക്കാതിരുന്ന ചെന്നൈ താരം സായ് കിഷോറും പഞ്ചാബിന്റെ മധ്യനിരയിലെ പ്രതീക്ഷയായ ഷാറൂഖ് ഖാനുമുൾപ്പെടെ നിരവധി പേർ അവസരം കാത്ത് തൊട്ടുപിന്നാലെയുണ്ട്. പണക്കൊഴുപ്പിന്റെ കളിയെന്നു പരിഹസിക്കപ്പെടുമ്പോഴും ഭാവി താരങ്ങൾക്ക് അവസരം നൽകുന്നതിൽ ഐപിഎലിന്റെ പങ്ക് കണ്ടില്ലെന്നു വയ്ക്കാൻ സാധിക്കില്ല.
English Summary: IPL 2021 Team of Young Talents