Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ക്യാപ്റ്റൻ വിരാട് കോലി, ചേതേശ്വർ പൂജാര എന്നിവരെ ഒരേ ഓവറിൽ ഡക്കിനു പുറത്താക്കി ‘നടുവൊടിച്ച’ ന്യൂസീലൻഡിന്, ഓപ്പണർ മയാങ്ക് അഗർവാളിന്റെ സെഞ്ചുറിച്ചിറകിലേറി ഇന്ത്യയുടെ തിരിച്ചടി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, അഗർവാളിന്റെ സെഞ്ചുറിക്കരുത്തിൽ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 70 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ്. അഗർവാൾ 120 റൺസോടെയും വൃദ്ധിമാൻ സാഹ 25 റൺസോടെയും ക്രീസിൽ. ടെസ്റ്റിൽ മയാങ്കിന്റെ നാലാം സെഞ്ചുറിയാണിത്. ഇന്ത്യൻ ഇന്നിങ്സിലെ മൂന്നാം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മയാങ്ക് – സാഹ സഖ്യം പിരിയാത്ത അഞ്ചാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ടെസ്റ്റ് മത്സരത്തിലാണ് കർണാടകക്കാരൻ മയാങ്ക് അഗർവാൾ സെഞ്ചുറിയുമായി തിളങ്ങിയത്. 196 പന്തിൽ 13 ഫോറും മൂന്നു സിക്സും സഹിതമാണ് അഗർവാൾ സെഞ്ചുറിയിലെത്തിയത്. ഇതുവരെ 246 പന്തുകൾ നേരിട്ട മയാങ്ക്, 14 ഫോറും നാലു സിക്സും സഹിതമാണ് 120 റൺസെടുത്തത്. 53 പന്തുകൾ നേരിട്ട വൃദ്ധിമാൻ സാഹ, മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസുമെടുത്തു.

ADVERTISEMENT

ഓപ്പണർ ശുഭ്മൻ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇന്ത്യയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളും അജാസ് പട്ടേൽ സ്വന്തമാക്കി. എട്ടാം വയസ്സിൽ കുടുംബാംഗങ്ങൾക്കൊപ്പം മുംബൈയിൽനിന്ന് ന്യൂസീലൻഡിലേക്ക് കുടിയേറിയ വ്യക്തിയാണ് അജാസ് പട്ടേൽ.

∙ ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ തവണ ‍ഡക്കായ ഇന്ത്യൻ ക്യാപ്റ്റൻമാർ

4 ബിഷൻ സിങ് ബേദി, 1976
4 കപിൽ ദേവ്, 1983
4 മഹേന്ദ്രസിങ് ധോണി, 2011
4 വിരാട് കോലി, 2021*

∙ ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ ഡക്കുകൾ

ADVERTISEMENT

13 സ്റ്റീഫൻ ഫ്ലെമിങ്
10 ഗ്രെയിം സ്മിത്ത്
10 വിരാട് കോലി
8 ആതർട്ടൻ, ഹാൻസി ക്രോണിയ, മഹേന്ദ്രസിങ് ധോണി

∙ ആദ്യം മഴയുടെ ‘ടെസ്റ്റ്’

മഴമൂലം മത്സരം വൈകിയതോടെ ഉച്ചഭക്ഷണം നേരത്തെ ആക്കിയാണ് ടീമുകൾ കളത്തിലിറങ്ങിയത്. 14 ഇന്നിങ്സുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം നാട്ടിൽ ഇന്ത്യൻ ഓപ്പണർമാർ ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്ന കാഴ്ചയോടെയാണ് മത്സരം ആരംഭിച്ചത്. ശുഭ്മൻ ഗില്ലും മയാങ്ക് അഗർവാളും ക്ഷമയോടെ ക്രീസിൽനിന്നാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

എന്നാൽ, സ്കോർ 80ൽ നിൽക്കെ ശുഭ്മൻ ഗില്ലിനെ അജാസ് പട്ടേൽ പുറത്താക്കിയത് നിർണായകമായി. 71 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 44 റൺസെടുത്ത ഗില്ലിനെ പട്ടേൽ റോസ് ടെയ്‍ലറിന്റെ കൈകളിൽ എത്തിച്ചു. അടുത്ത ഓവറിൽ വീണ്ടും തിരിച്ചെത്തിയ പട്ടേൽ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചാണ് തിരിച്ചുകയറിയത്. 29–ാം ഓവറിലെ രണ്ടാം പന്തിൽ പൂജാരയെ ക്ലീൻ ബൗൾഡാക്കിയാണ് അജാസ് പട്ടേൽ ഈ ഓവറിലെ ആദ്യ പ്രഹരമേൽപ്പിച്ചത്. ആദ്യ പന്തിൽ പട്ടേലിനെതിരെ ഡിആർഎസ് അതിജീവിച്ച പൂജാര തൊട്ടടുത്ത പന്തിലാണ് പുറത്തായത്.

ADVERTISEMENT

ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ ക്യാപ്റ്റൻ വിരാട് കോലിയുടെ ഊഴമായിരുന്നു അടുത്തത്. പട്ടേലിന്റെ ആദ്യ മൂന്നു പന്തുകൾ വിജയകരമായി പ്രതിരോധിച്ച കോലിക്ക് അവസാന പന്തിൽ പിഴച്ചു. എൽബിയിൽ കുരുങ്ങി കോലി പുറത്ത്. അംപയറുടെ തീരുമാനം കോലി റിവ്യൂ ചെയ്തിട്ടും ഫലമുണ്ടായില്ല. പൂജാര അഞ്ച് പന്ത് നേരിട്ട് ഡക്കായതിനു പിന്നാലെ കോലി നാലു പന്തു നേരിട്ട് ഡക്കിനു പുറത്ത്. ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 80 റൺസെന്ന നിലയിൽനിന്ന് മൂന്നിന് 80 റൺസെന്ന നിലയിലേക്ക് തകരുകയും ചെയ്തു.

പിന്നീട് ക്രീസിലൊന്നിച്ച അഗർവാൾ – ശ്രേയസ് അയ്യർ സഖ്യമാണ് ഇന്ത്യയെ കൂടുതൽ പരുക്കില്ലാതെ മുന്നോട്ടു നയിച്ചത്. ഇതിനിടെ അഗർവാൾ അർധസെഞ്ചുറി പൂർത്തിയാക്കി. നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് അഗർവാൾ – അയ്യർ സഖ്യം ഇന്ത്യയെ മാന്യമായ നിലയിലെത്തിച്ചു. ഒടുവിൽ അജാസ് പട്ടേലിന്റെ പന്തിൽ ടോം ബ്ലണ്ടലിന് പിടികൊടുത്ത് മടങ്ങുമ്പോൾ അയ്യരുടെ സമ്പാദ്യം 41 പന്തിൽ മൂന്നു ഫോറുകൾ സഹിതം നേടിയ 18 റൺസ്. ഇതിനു പിന്നാലെ മയാങ്ക് സെഞ്ചുറി തികച്ചു. സാഹയ്ക്കൊപ്പം താരം ക്രീസിൽ ഉറച്ചുനിന്നതോടെ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ ആദ്യ ദിനം പൂർത്തിയാക്കി.

English Summary: India vs New Zealand, 2nd Test - Live Cricket Score