ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് പ്ലേഓഫിലെ ജീവൻമരണപ്പോരാട്ടങ്ങൾക്കു സാക്ഷിയാകുമ്പോഴും മുംബൈ ഇന്ത്യൻസിന്റെ തകർച്ച സംബന്ധിച്ച ചർച്ചകൾ നിലയ്ക്കുന്നില്ല. ട്വന്റി20 ക്രിക്കറ്റിലെ മികവിന്റെ പര്യായമായി മാറിയ, ടീം ഇന്ത്യയെ നേരിട്ടാൽ പോലും... IPL, Mumbai Indians, Cricket

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് പ്ലേഓഫിലെ ജീവൻമരണപ്പോരാട്ടങ്ങൾക്കു സാക്ഷിയാകുമ്പോഴും മുംബൈ ഇന്ത്യൻസിന്റെ തകർച്ച സംബന്ധിച്ച ചർച്ചകൾ നിലയ്ക്കുന്നില്ല. ട്വന്റി20 ക്രിക്കറ്റിലെ മികവിന്റെ പര്യായമായി മാറിയ, ടീം ഇന്ത്യയെ നേരിട്ടാൽ പോലും... IPL, Mumbai Indians, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് പ്ലേഓഫിലെ ജീവൻമരണപ്പോരാട്ടങ്ങൾക്കു സാക്ഷിയാകുമ്പോഴും മുംബൈ ഇന്ത്യൻസിന്റെ തകർച്ച സംബന്ധിച്ച ചർച്ചകൾ നിലയ്ക്കുന്നില്ല. ട്വന്റി20 ക്രിക്കറ്റിലെ മികവിന്റെ പര്യായമായി മാറിയ, ടീം ഇന്ത്യയെ നേരിട്ടാൽ പോലും... IPL, Mumbai Indians, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് പ്ലേഓഫിലെ ജീവൻമരണപ്പോരാട്ടങ്ങൾക്കു സാക്ഷിയാകുമ്പോഴും മുംബൈ ഇന്ത്യൻസിന്റെ തകർച്ച സംബന്ധിച്ച ചർച്ചകൾ നിലയ്ക്കുന്നില്ല. ട്വന്റി20 ക്രിക്കറ്റിലെ മികവിന്റെ പര്യായമായി മാറിയ, ടീം ഇന്ത്യയെ നേരിട്ടാൽ പോലും വിജയമുറപ്പെന്ന് ആരാധകർ കരുതിയ മുംബൈയാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയും ഏറ്റുവാങ്ങി മടങ്ങുന്നത്. ഐപിഎൽ കിരീടഗാഥകളുടെ ബലത്തിൽ വിരാട് കോലിയിൽ നിന്നു ദേശീയ ടീം ക്യാപ്റ്റൻസി ഏറ്റെടുത്ത രോഹിത് ശർമയും കരിയറിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ സീസൺ പിന്നിടുന്നത്. പ്രീമിയർ ലീഗിന്റെ കിരീടം അഞ്ചു വട്ടം ഉയർത്തിയ ഇന്ത്യൻസ് ഈ സീസണിൽ കിരീടവഴിയിലെ കാഴ്ചക്കാരായി ഒതുങ്ങിപ്പോയതിന്റെ കാരണങ്ങൾ തേടിച്ചെന്നാൽ ഐപിഎലും കടന്ന് ഇക്കഴിഞ്ഞ മെഗാ താരലേലത്തിലെത്തി നിൽക്കും ആ അന്വേഷണം. 

∙ വീണിതല്ലോ കിടക്കുന്നു...

ADVERTISEMENT

പ്രിമിയർ ലീഗിൽ പേരിലും പെരുമയിലും ഒപ്പത്തിനൊപ്പം നിൽക്കാൻ മത്സരിക്കുന്ന മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഇത്തവണ കൊമ്പുകോർത്തത് ആരാധകരെയും വിമർശകരെയും ഒന്നുപോലെ അമ്പരപ്പിച്ചൊരു കാര്യത്തിലാണ്. ഐപിഎൽ പോയിന്റ് ടേബിളിന്റെ താഴെത്തട്ടിലെ പ്രഥമ സ്ഥാനം ആര് ഒഴിവാക്കുമെന്നതിലായിരുന്നു രോഹിത് ശർമയുടെയും എം.എസ്.ധോണിയുടെയും (ക്യാപ്റ്റൻ ദൗത്യം ഏറ്റെടുത്തതു വൈകിയാണെങ്കിലും ടീമിന്റെ കപ്പിത്താൻ റോളിൽ തുടക്കം മുതലേ എംഎസ്ഡി തന്നെയായിരുന്നുവല്ലോ !) പോരാട്ടം. ഒടുവിൽ ആ പോരിൽ റൺ നിരക്കിലെ നേരിയ ആനുകൂല്യത്തിന്റെ പേരിൽ ചെന്നൈ രക്ഷ നേടി. ഐപിഎൽ പതിനഞ്ചാമൂഴത്തിലെ നാണക്കേടിന്റെ ‘വുഡൻ സ്പൂൺ’ അഞ്ചു കിരീടങ്ങൾക്കൊപ്പം മുംബൈയുടെ ഷോക്കേസിലും ഇടം നേടി.പത്തു ടീമുകൾ നിരക്കുന്ന ലീഗിൽ പത്താം സ്ഥാനക്കാരായി മുംബൈ പരാജയത്തിന്റെ നെല്ലിപ്പലക തൊടുമ്പോൾ അതാ ടീമിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മോശം പ്രകടനമാവുകയാണ്.

മുംബൈ ഇന്ത്യൻസ് താരങ്ങളുടെ നിരാശ

ഐപിഎലിലെ അവസാനക്കാരെന്ന ലേബൽ ആദ്യമായി അണിയുന്ന മുംബൈ സീസണിലെ 14 മത്സരങ്ങളിൽ നിന്നു വെറും 4 വിജയങ്ങളാണു സ്വന്തമാക്കിയത്. ഇക്കുറി പ്ലേഓഫ് സാധ്യതകൾ അവസാനിച്ചു ലീഗിൽ നിന്നു പുറത്തായ ആദ്യ ടീമും മുംബൈ തന്നെ. തുടർച്ചയായ 8 മത്സരങ്ങളിൽ പരാജയത്തിന്റെ കയ്പ്പുനീരണിഞ്ഞു സീസൺ തുടങ്ങിയ രോഹിതിന്റെ നീലപ്പട ഇക്കുറി ഒരു ഘട്ടത്തിലും ഐപിഎലിലെ അനിഷേധ്യശക്തികളെന്ന പ്രതാപത്തിന്റെ നിഴലിൽപ്പോലുമെത്തിയില്ല. നിലവിലെ ജേതാക്കളെന്ന ‘സ്പാർക്കു’മായെത്തിയ ചെന്നൈയ്ക്കും വിഭിന്നമല്ല കാര്യങ്ങൾ. പതിനാലിൽ 4 മാത്രം ജയിച്ചു 8 പോയിന്റുമായി മുംബൈയ്ക്കൊപ്പം സഞ്ചരിച്ച യെല്ലോ ആർമി നെറ്റ് റൺറേറ്റിന്റെ നൂൽപ്പാലമേറിയാണ് (ചെന്നൈ:-0.203, മുംബൈ: –0.506) അവസാനക്കാരെന്ന നാണക്കേടു മറികടന്നത്.

∙ മുംബൈ പതനത്തിനു പിന്നിൽ?

മുന്നിൽ നിന്നു പിന്നിലേയ്ക്കുള്ള മുംബൈയുടെ പ്രയാണത്തിനു പിന്നിലെ കാരണങ്ങൾ വിരലിൽ എണ്ണാവുന്ന ഒന്നല്ല. ഫെബ്രുവരിയിൽ നടന്ന ഐപിഎൽ താരലേലം മുതൽക്കേ മുംബൈ പഴയ മുംബൈ അല്ലാതായെന്നു പറയുന്നുണ്ടാകും ആരാധകർ. ക്യാപ്റ്റൻ രോഹിത് ശർമയെയും ജസ്പ്രീത് ബുമ്രയെയും സൂര്യകുമാർ യാദവിനെയും ഓൾറൗണ്ടർ കീറൺ പൊള്ളാർഡിനെയും നിലനിർത്തുക വഴി ഏറെക്കുറെ ഒഴിഞ്ഞ പഴ്സുമായി േലലത്തിനെത്തിയ ടീമിന്റെ പദ്ധതികൾ ഇഷാൻ കിഷന്റെ റെക്കോർഡ് വാങ്ങലിലൂടെ പിഴച്ചിടത്താണു മുംബൈയുടെ തിരിച്ചടിയുടെ തുടക്കം. 15.25 കോടി രൂപ വരെപ്പോയ തീപ്പൊരി ലേലത്തിനൊടുവിലായിരുന്നു ഇഷാനെ ടീം തിരിച്ചെടുത്തത്. അടിമുടി താരത്തിളക്കമുള്ള പഴയ സ്ക്വാഡിനൊപ്പം നിൽക്കുന്ന പേരുകളെ വിളിച്ചെടുക്കാൻ അതോടെ ടീമിനു സാധിക്കാതെ പോയി. പരുക്കു മൂലം അനിശ്ചിതകാലത്തേയ്ക്കു കളത്തിൽനിന്നു വിട്ടുനിൽക്കുന്ന ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറും വിവിധ ട്വന്റി20 ലീഗുകളിൽ തിളങ്ങിയെത്തിയ ടിം ഡേവിഡുമായിരുന്നു ഇഷാൻ കിഷൻ കഴിഞ്ഞാൽ മുംബൈയുടെ വൻ വാങ്ങലുകൾ.

ഇഷാൻ കിഷൻ
ADVERTISEMENT

ക്വിന്റൻ ഡികോക്കും ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും രാഹുൽ ചാഹറും ക്രുണാൽ പാണ്ഡ്യയും പോലെ മുംബൈയുടെ മുഖമായി മാറിയ കരുത്തൻമാരുടെ അഭാവമാണു പ്ലെയർ റീട്ടെൻഷനും ഓക്ഷനും കഴിഞ്ഞ ഇന്ത്യൻസിൽ നിഴലിച്ചത്. ആ ആശങ്ക അസ്ഥാനത്തായില്ലെന്നു കളത്തിലെ പ്രകടനങ്ങളും പിന്നാലെ തെളിയിച്ചു. പുതിയ താരങ്ങൾ പഴയവർക്കു പകരക്കാരായി ഉയരാതെ പോയതിനൊപ്പം ക്യാപ്റ്റൻ രോഹിത് ഉൾപ്പെടെയുള്ളവർ നിറംമങ്ങുക കൂടി ചെയ്തതോടെ അംബാനി സംഘത്തിന്റെ തലവരതന്നെ മാറുകയായിരുന്നു. 

∙ കളിക്കാൻ മറന്ന ഹിറ്റ്മെൻ !

മുംബൈ നിരയിൽ നിരാശപ്പെടുത്തിയവരുടെ നായക റോളിൽതന്നെയുണ്ട് ടീം ഇന്ത്യയുടെ കൂടി ക്യാപ്റ്റനായ രോഹിത് ശർമ. 14 ഇന്നിങ്സുകളിൽ നിന്നു 19.14 എന്ന ദയനീയ ശരാശരിയിൽ 268 റൺസാണ് ഇക്കുറി ഹിറ്റ്മാന്റെ സമ്പാദ്യം. ഒരുവട്ടം പോലും അർധശതകം കണ്ടെത്താനും ആ ബാറ്റിനു കഴിഞ്ഞില്ല. ഡികോക്കിനെപ്പോലൊരു മാച്ച് വിന്നിങ് പങ്കാളിയുടെ അഭാവം ഓപ്പണിങ് റോളിൽ രോഹിതിന്റെ പ്രകടനങ്ങളെയും ബാധിച്ചു. ഓപ്പണറായെത്തിയ ഇഷാൻ കിഷൻ പവർ പ്ലേ ഓവറുകളിൽ മെല്ലെപ്പോക്ക് (സ്ട്രൈക്ക് റേറ്റ് 120 മാത്രം) നടത്തിയതോടെ മുംബൈയുടെ തുടക്കങ്ങൾ പതറിയ നിലയിലായി. ഒഴുക്കോടെ നീങ്ങുന്ന ടോപ് ഓർഡറും അടിച്ചുകസറുന്ന മധ്യവും എതിരാളികളെ വിഴുങ്ങുന്ന ഫിനിഷർമാരുമായിരുന്നു പഴയ മുംബൈയുടെ ഹൈലൈറ്റ്. വിശ്വസ്ത ബാറ്റർ സൂര്യകുമാർ യാദവ് പരുക്കിന്റെ പിടിയിലായതു മിഡിൽ ഓർഡറിൽ ടീമിനു വെല്ലുവിളികൾ തീർത്തു. 

പാണ്ഡ്യ സഹോദരൻമാരും കീറൺ പൊള്ളാർഡും ചേർന്ന് എതിരാളികളെ പൊളിച്ചടുക്കിയ ഫിനിഷിങ് ദൗത്യത്തിൽ ഇക്കുറി പൊള്ളാർഡ് അമ്പേ പാളിപ്പോയതാണു മുംബൈ പ്രതീക്ഷകളെ വേരോടെ പിഴുതെറിഞ്ഞത്. 11 മത്സരങ്ങളിൽ നിന്നു വെറും നൂറിനു സമീപം നിൽക്കുന്ന സ്ട്രൈക്ക് റേറ്റിൽ 144 റൺസ് മാത്രം സ്കോർ ചെയ്ത വിൻഡീസ് ഫിനിഷർ, ലീഗ് അവസാനിക്കുമ്പോൾ പ്ലേയിങ് ഇലവനിൽ നിന്നുപോലും പുറത്തായിക്കഴിഞ്ഞു. ഹാർദിക്കിന്റെയും ക്രുണാലിന്റെയും സ്ഥാനത്ത് ഓൾറൗണ്ട് കം ഫിനിഷിങ് റോളിലേക്കു കരുതിയ ഓസീസ് താരം ഡാനിയേൽ സാംസും ടിം ഡേവിഡും തങ്ങളുടെ സ്വതസിദ്ധ താളം കണ്ടെത്താൻ ഏറെ വൈകിയതും ടീമിനു ബാധ്യതയായി.  

രോഹിത് ശർമ
ADVERTISEMENT

∙ ബോളിങ് ക്രീസിലെ വീഴ്ചകൾ

പവർ പ്ലേയിൽ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടും സ്ലോഗ് ഓവറുകളിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയും അടക്കിവാഴുന്ന ബോളിങ് കൂട്ടുകെട്ട് മുംബൈയുടെ വിജയമന്ത്രങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ 2 സീസണുകളിൽ നിന്നു 86 വിക്കറ്റ് പിഴുത, ഇരട്ട എൻജിനുള്ള ഈ പേസാക്രമണത്തിന്റെ വേർപിരിയിലിലാണു രോഹിതിന്റെ വിജയവഴി അടഞ്ഞുപോയത്.  തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ടീമിനു മുൻതൂക്കം സമ്മാനിക്കാറുള്ള ട്രെന്റ് ബോൾട്ടിന്റെ സ്ഥാനത്തു നിർലോഭം റൺ വഴങ്ങുന്ന പങ്കാളികളായിരുന്നു ഇക്കുറി ബുമ്രയ്ക്കു കൂട്ട്. റൈലി മെറിഡിത്തും ടൈമൽ മിൽസും ജയ്ദേ‌വ് ഉനദ്ഘടും ബേസിൽ തമ്പിയുമെല്ലാം ഐപിഎലിലെ നിരാശയുടെ ചരിത്രം ആവർത്തിച്ചതോടെയാണു മുംബൈയുടെ ബോളിങ് ക്രീസിൽ പരിഹരിക്കാനാവാത്ത വിധത്തിലുള്ള വിള്ളലുകൾ വീണത്. മറുവശത്തു നിന്നു വേണ്ടത്ര പിന്തുണയില്ലാത്ത സ്ഥിതി ബുമ്രയുടെ ബോളിങ് പ്രകടനത്തെയും പിന്നോട്ടടിച്ചു. 14 വിക്കറ്റുമായി സീസൺ പിന്നിടുന്ന ബുമ്രയുടെ ശേഖരത്തിലെ 10 വിക്കറ്റും അവസാന നാലു മത്സരങ്ങളിൽ നിന്നു വന്നതാണെന്ന കണക്കുകൾ താരത്തിന്റെ വിമർശകർക്കു പോലും വിഷമമുണ്ടാക്കുന്ന ഒന്നാകും.

സ്പിൻ വിഭാഗത്തിലും നായകനില്ലാത്ത നിലയ്ക്കായിരുന്നു മുംബൈ പ്രകടനങ്ങൾ. മുൻ സീസണുകളിൽ ടീമിലെ ‘എലൈറ്റ്’ സ്പിന്നറുടെ റോൾ നിർവഹിച്ച രാഹുൽ ചാഹർ സൃഷ്ടിച്ച ഇംപാക്ട് ആവർത്തിക്കുന്നതിൽ മുരുകൻ അശ്വിനും കുമാർ കാർത്തികേയയും ഋത്വിക് ഷോകീനും ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടിടത്താണു ‘ഛോട്ടാ മുംബൈ’ ആയുള്ള മുംബൈ ഇന്ത്യൻസിന്റെ പതനം പൂർണമായത്. 

ജസ്പ്രീത് ബുമ്ര

∙ തിരിച്ചുവരാൻ ഇനിയെന്ത്?

ഐപിഎലിലെ ഹെവിവെയ്റ്റ് ഇമേജിലേക്കു മുംബൈ ഇന്ത്യൻസിനു തിരിച്ചുവരാൻ ഒരു ‘മെയ്ക്ക് ഓവർ’ അനിവാര്യം. കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം എടുപ്പിക്കുക എന്ന നിലയ്ക്കാകും ടീം മാനേജ്മെന്റ് അടുത്ത സീസണിലെ താരലേലത്തെ സമീപിക്കുക. ലേലത്തിനു മുൻപേ ട്രേഡിങ് വിൻഡോ വഴി താരങ്ങളെ സ്വന്തമാക്കുന്നതിലും മുന്നിൽ നിൽക്കുന്നവരാണു മുംബൈ. നിലവിലെ ടീമിൽ നിന്നു മുംബൈ ഒഴിവാക്കാൻ സാധ്യതയുള്ള താരങ്ങളുടെ നിരയും നീണ്ടതാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ച പൊള്ളാർഡാണ് അതിൽ മുൻപിൽ. ലീഗിലെ അവസാന മത്സരങ്ങളിൽ വിൻഡീസ് താരത്തിന്റെ ദൗത്യമേറ്റെടുത്തു വിജയം കണ്ട ടിം ഡേവിഡിന്റെ സാന്നിധ്യം മുംബൈയെ ഈ വഴിക്കു ചിന്തിക്കാൻ പ്രേരിപ്പിക്കും. സിംഗപൂർ താരം വരുന്ന ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയൻ ജഴ്സിയണിയുകകൂടി ചെയ്താൽ മഹേല ജയവർധനെയും സംഘവും പൊള്ളാർഡിനു പകരം ടിം ഡേവിഡിനെ പ്രമോട്ട് ചെയ്യാൻ മടി കാണിക്കില്ല.

ഓസീസ് താരം റൈലി മെറിഡിത്തും ഇംഗ്ലിഷ് പേസർ ടൈമൽ മിൽസും ജയ്ദേ‌വ് ഉനദ്ഘട്ടും പോലുള്ള താരങ്ങളും പുറത്തേയ്ക്കുള്ള നിരയിലുൾപ്പെടുന്നവരാണ്. പതിനഞ്ചു കോടിയിലേറെ ചെലവിട്ടു ടീമിലെത്തിച്ച ഇഷാൻ കിഷനെ വീണ്ടും ലേലത്തിനയച്ചു കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാനും മുംബൈ ശ്രമിച്ചേക്കാം. കഴിഞ്ഞ താരലേലത്തിൽ ബുമ്രയ്ക്കു കൂട്ടായി ജോഫ്ര ആർച്ചറെ സ്വന്തമാക്കിയ മുംബൈയുടെ നീക്കം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. പക്ഷേ, പരുക്കു മൂലം ആർച്ചർ അടുത്ത ഇംഗ്ലിഷ് സീസണിൽ നിന്നും പിൻമാറുമെന്ന വാർത്തകൾ വന്നതോടെ താരത്തിന്റെ സാന്നിധ്യം വീണ്ടും അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഒരു സീസൺ കൂടി നഷ്ടമാകുന്ന സാഹചര്യത്തിൽ ഇംഗ്ലിഷ് പേസറെ ഒഴിവാക്കുന്ന കാര്യവും മുംബൈ ആലോചിച്ചേക്കും.

അരങ്ങേറ്റ സീസണിൽ ഉജ്വലമായി ബാറ്റ് വീശിയ യുവ താരം തിലക് വർമയും ദക്ഷിണാഫ്രിക്കയുടെ അണ്ടർ–19 ഹീറോ ഡെവാൾഡ് ബ്രെവിസും സ്പിൻ വിഭാഗത്തിൽ നിന്നു ശ്രദ്ധ നേടിയ  ഋത്വിക് ഷോകീനുമെല്ലാം ദീർഘകാലത്തേയ്ക്കു ടീമിന്റെ പദ്ധതികളാകാൻ പോന്നവരാണെന്ന ശുഭസൂചനകളും കൂടി നൽകുന്നുണ്ട് ഐപിഎലിന്റെ പതിനഞ്ചാമൂഴം.

English Summary: Plans on resurrection for Mumbai Indians team, IPL