പാക്ക് ക്രിക്കറ്റ് ടീമിന് പിന്തുണ; ഗോവയിൽ കടക്കാരനെക്കൊണ്ട് പരസ്യമായി മാപ്പു പറയിച്ചു
Mail This Article
പനജി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിന്തുണ പ്രഖ്യാപിച്ചയാളെക്കൊണ്ട് പരസ്യമായി മാപ്പു പറയിച്ച് ജനക്കൂട്ടം. അയാളെക്കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിപ്പിക്കുകയും ചെയ്തു. ഗോവയിലെ കലൻഗൂട്ടിലാണ് സംഭവം. ഇവിടെ കട നടത്തുന്ന ഒരാൾ പാക്ക് ടീമിനെ പിന്തുണയ്ക്കുന്നുവെന്നു പറയുന്ന വിഡിയോ ഒരു ട്രാവൽ വ്ലോഗറാണ് പങ്കുവച്ചത്. പാക്കിസ്ഥാൻ– ന്യൂസീലൻഡ് ക്രിക്കറ്റ് പരമ്പര നടക്കുന്ന സമയത്താണ് ഇതു ഷൂട്ട് ചെയ്തതെന്നാണ് സൂചന. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കടക്കാരനും വ്ലോഗറും തമ്മിലുള്ള സംഭാഷണമാണ് ഈ വിഡിയോയിലുള്ളത്. ‘ആരൊക്കെയാണ് കളിക്കുന്നത്’ എന്നും ‘താങ്കൾ ന്യൂസീലൻഡിനെയാണോ പിന്തുണയ്ക്കുന്നത്’ എന്നും വ്ലോഗർ ഈ ചോദിക്കുമ്പോൾ തന്റെ പിന്തുണ പാക്കിസ്ഥാനാണെന്ന് ഇയാൾ മറുപടി നൽകുന്നു. ഒപ്പം മതപരമായ പരാമർശവും നടത്തുന്നുണ്ട്.
വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാക്കളടക്കം ഒരുസംഘം വ്യാഴാഴ്ച കടക്കാരനെ ചോദ്യം ചെയ്യുകയും മാപ്പു പറയാൻ നിർബന്ധിക്കുകയുമായിരുന്നു. അതിന്റെ വിഡിയോ ചിലർ പകർത്തുകയും ചെയ്തു.
‘ഇതു പൂർണമായും കലൻഗൂട്ട് ഗ്രാമമാണ്. മതത്തിന്റെ പേരിൽ ഈ രാജ്യത്തെ വിഭജിക്കരുത്’ എന്ന് ഒരു പ്രതിഷേധക്കാരൻ കടക്കാരനോടു പറയുന്നത് വിഡിയോയിൽ കേൾക്കാം.
മുട്ടുകുത്തി ഈ രാജ്യത്തെ ജനങ്ങളോടു മാപ്പു ചോദിക്കാൻ ആൾക്കൂട്ടം കടക്കാരനോടു ആവശ്യപ്പെട്ടപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും സമ്മർദ്ദമേറിയതോടെ മുട്ടുകുത്തി കൈകൾ ചെവിയിൽ ചേർത്തുപിടിച്ച് ഇയാൾ മാപ്പു ചോദിക്കുന്നുണ്ട്. തുടർന്ന് ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കാൻ ആൾക്കൂട്ടം ഇയാളെ നിർബന്ധിക്കുന്നതും വിഡിയോയിലുണ്ട്. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
English Summary: Man forced to apologise, chant 'Bharat Mata ki jai' after video shows him supporting Pak cricket team