ADVERTISEMENT

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ദിനം സഹതാരങ്ങളോടു ചൂടായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ആദ്യ ദിവസം ഓസ്ട്രേലിയയുടെ ബാറ്റിങ്ങിനിടെ രണ്ടാം സെഷനിലായിരുന്നു രോഹിത് സഹതാരങ്ങളോടു മോശം ഭാഷയിൽ സംസാരിച്ചത്. രോഹിത്തിന്റെ വാക്കുകൾ സ്റ്റംപ് മൈക്കിൽ പതിയുകയും ചെയ്തു. രവീന്ദ്ര ജഡേജ പന്തെറിയുന്നതിനിടെ ഫീൽ‍ഡിങ് സെറ്റ് ചെയ്യുമ്പോഴായിരുന്നു രോഹിത്തിന്റെ പ്രതികരണം.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ടെസ്റ്റിലെ ഒന്നാം നമ്പർ ബോളർ ആർ. അശ്വിനെ പുറത്തിരുത്തി നാല് പേസർമാരെ ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ദിനം തുടക്കത്തിൽ ഇന്ത്യ തിളങ്ങിയെങ്കിലും സാവധാനം കളി ഓസ്ട്രേലിയ നിയന്ത്രണത്തിലാക്കിയിരുന്നു.

വെടിക്കെട്ട് സെഞ്ചറിയുമായി ട്രാവിസ് ഹെഡ് മുന്നിൽ നിന്നു നയിച്ചപ്പോ‍ൾ ഒന്നാം ദിനം ഓസ്ട്രേലിയയുടെ സ്കോർ 3ന് 327. 95 റൺസാണ് ആദ്യ ദിനം സ്റ്റീവ് സ്മിത്ത് നേടിയത്. നാലാം ഓവറിലെ 4–ാം പന്തിൽ ഓപ്പണർ ഉസ്മാൻ ഖവാജയെ (0) പുറത്താക്കിയ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കു മേൽക്കൈ നൽകിയെന്നു തോന്നിച്ചെങ്കിലും ഒരറ്റത്ത് നന്നായി കളിച്ച ഡേവിഡ് വാർണർ (43) ഓസ്ട്രേലിയയെ മുന്നോട്ടു നയിച്ചു.

ആദ്യ സെഷൻ അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, വാ‍ർണറെ പുറത്താക്കിയ ഷാർദൂൽ ഠാക്കൂർ, ഒന്നാം സെഷനിൽ ഇന്ത്യയ്ക്ക് നേരിയ ആധിപത്യം നൽകി. 2ന് 73 എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വൈകാതെ മാർനസ് ലബുഷെയ്നെയും (26) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത്– ട്രാവിസ് ഹെഡ് സഖ്യം മത്സരം പതിയെ ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലാക്കി.

3ന് 170 എന്ന നിലയിൽ രണ്ടാം സെഷൻ അവസാനിപ്പിച്ച ഓസ്ട്രേലിയ, മൂന്നാം സെഷനിൽ കൂടുതൽ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. മൂന്നാം സെഷനിൽ ഒരു ഘട്ടത്തിൽ 6നു മുകളിലായിരുന്നു ഓസ്ട്രേലിയയുടെ റൺ റേറ്റ്. ഷോർട്ട് ബോളുകളിലൂടെ ഷമിയും സിറാജും ഓസ്ട്രേലിയൻ ബാറ്റർമാരെ പരീക്ഷിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താൻ അതു പോരായിരുന്നു.

English Summary: Frustrated Rohit Sharma loses cool at teammates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com