മധ്യനിരയിലെ തീരാത്ത ആശങ്കകൾ, ഏഷ്യാ കപ്പിലും ലോകകപ്പിലും സഞ്ജു സാംസൺ ഉണ്ടാകുമോ?
“ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ക്രിക്കറ്ററാകുകയെന്നതു വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്” മലയാളി താരം സഞ്ജു സാംസണിന്റെ വാക്കുകളാണിത്.തനിക്ക് കിട്ടിയ അവസരങ്ങളും അതിലെ പ്രകടനങ്ങളും തന്നെയാണ് അയാളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് എന്നുവേണം കരുതാൻ. 2015ൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് കഴിഞ്ഞ എട്ട്
“ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ക്രിക്കറ്ററാകുകയെന്നതു വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്” മലയാളി താരം സഞ്ജു സാംസണിന്റെ വാക്കുകളാണിത്.തനിക്ക് കിട്ടിയ അവസരങ്ങളും അതിലെ പ്രകടനങ്ങളും തന്നെയാണ് അയാളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് എന്നുവേണം കരുതാൻ. 2015ൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് കഴിഞ്ഞ എട്ട്
“ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ക്രിക്കറ്ററാകുകയെന്നതു വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്” മലയാളി താരം സഞ്ജു സാംസണിന്റെ വാക്കുകളാണിത്.തനിക്ക് കിട്ടിയ അവസരങ്ങളും അതിലെ പ്രകടനങ്ങളും തന്നെയാണ് അയാളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് എന്നുവേണം കരുതാൻ. 2015ൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് കഴിഞ്ഞ എട്ട്
“ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ക്രിക്കറ്ററാകുകയെന്നതു വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്” മലയാളി താരം സഞ്ജു സാംസണിന്റെ വാക്കുകളാണിത്.തനിക്ക് കിട്ടിയ അവസരങ്ങളും അതിലെ പ്രകടനങ്ങളും തന്നെയാണ് അയാളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് എന്നുവേണം കരുതാൻ. 2015ൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏകദിനത്തിൽ 13 തവണ മാത്രമാണ് കളത്തിലിറങ്ങാനായത്. ഒരു ഇടവേളയ്ക്ക് ശേഷം തുടർച്ചയായി ദേശീയ കുപ്പായത്തിൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവിന്റെ പേര് ഇനിയും ഉറപ്പിക്കാനായിട്ടില്ല.
ഓഗസ്റ്റ് 30നാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതെങ്കിൽ ഓക്ടോബർ അഞ്ചിന് ലോകകപ്പിനും തുടക്കം കുറിക്കും. പ്രതീക്ഷകളിൽ സഞ്ജുവുണ്ടെങ്കിലും സാഹചര്യങ്ങൾ മാറിമറിഞ്ഞേക്കാം. സമീപകാലത്തെ പ്രകടനങ്ങൾ മാത്രമാകും ടീം തിരഞ്ഞെടുപ്പിൽ മാനദണ്ഡമാവുക എന്നുറപ്പിച്ച് പറയാനും സാധിക്കില്ല.
നാലാം നമ്പരിലെ തുടരുന്ന പരീക്ഷണങ്ങൾ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടത്തിനുള്ള അന്തിമ ടീമിനെ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. എന്നാൽ, നാലാം നമ്പരിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. സഞ്ജു സാംസണിനൊപ്പം സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നീ താരങ്ങളാണ് നാലാം നമ്പരിൽ ബാറ്റ് വീശാൻ മത്സരരംഗത്തുള്ളത്. പരുക്ക് ഭേദമായി ശ്രേയസും മടങ്ങിയെത്തുന്നതോടെ മധ്യനിരയിൽ പോരാട്ടം കനക്കുമെന്നുറപ്പാണ്.
നാലാം നമ്പരിലെ ഇന്ത്യയുടെ പ്രശ്നങ്ങൾ തുടങ്ങിയിട്ട് കാലം കുറെയായി. കൃത്യമായി പറഞ്ഞാൽ യുവരാജ് സിങ്ങിനു ശേഷം മധ്യനിരയിലെ ഏറെ സുപ്രധാനമായ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു പരിധിവരെ ശ്രേയസ് മികച്ച ഓപ്ഷനായിരുന്നെങ്കിലും പരുക്ക് തിരിച്ചടിയാവുകയായിരുന്നു. ട്വന്റി20യിലെ മികവ് ഏകദിനത്തിൽ പ്രതിഫലിപ്പിക്കാൻ സൂര്യകുമാറും പലപ്പോഴും പരാജയപ്പെട്ടു. താരതമ്യേന സഞ്ജു സാംസണിന് ലഭിച്ചത് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ്. ലഭിച്ച അവസരങ്ങൾ പോലെ തന്നെ താരത്തിന്റെ പ്രകടനവും സ്ഥിരതയുള്ളതായിരുന്നില്ല. എന്നാൽ സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും ശ്രേയസിനും സൂര്യകുമാറിനും മുകളിലാണ് സഞ്ജുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ശ്രേയസ്– സൂര്യകുമാർ– സഞ്ജു
ഏകദിനത്തിൽ 42 മത്സരങ്ങൾ കളിച്ച ശ്രേയസ് അയ്യർ 46.60 ശരാശരിയിൽ 1631 റൺസുകളാണ് ഇന്ത്യയ്ക്കായി നേടിയത്. സ്ട്രൈക്ക് റേറ്റ് 96.50 ആണ്. 26 മത്സരങ്ങളിലാണ് സൂര്യകുമാറിന് ഇന്ത്യൻ കുപ്പായത്തിൽ അവസരം ലഭിച്ചത്. 24.33 ശരാശരിയിലും 101.38 പ്രഹരശേഷിയിലുമായി സൂര്യകുമാർ 511 റൺസ് നേടിയിട്ടുണ്ട്. കൂട്ടത്തിൽ അൻപതിന് മുകളിൽ ശരാശരിയുള്ള ഏക താരം സഞ്ജുവാണ്.13 മത്സരങ്ങളിൽ നിന്ന് 390 റൺസ് നേടിയ സഞ്ജുവിന്റെ ശരാശരി സ്കോറിംഗ് 55.71ഉം സ്ട്രൈക്ക് റേറ്റ് 104മാണ്. കളിച്ച മത്സരങ്ങളിൽ ഒന്നിൽപോലും സെഞ്ചറി പോലും നേടാൻ സൂര്യകുമാറിനും സഞ്ജുവിനും സാധിക്കാതെ വന്നപ്പോൾ ശ്രേയസിന്റെ അക്കൗണ്ടിൽ രണ്ട് സെഞ്ചറികളും 14 അർധസെഞ്ചറികളും ഉൾപ്പെടുന്നു. സഞ്ജുവിന് മൂന്നും സൂര്യകുമാറിന് രണ്ടും തവണ സ്വന്തം സ്കോർ അൻപത് കടത്താനായി.
അവസാന പത്ത് മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാലും കേമൻ സഞ്ജുവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ നേടിയ 86 റൺസാണ് മലയാളി താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. ഏറ്റവും ഒടുവിൽ വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും അർധസെഞ്ചറി നേട്ടവുമായി രാജസ്ഥാൻ റോയൽസ് നായകൻ തിളങ്ങി. എന്നാൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഹാട്രിക് ഡക്കായിരുന്ന സൂര്യകുമാറിന് അതിന് മുൻപ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിലും ശേഷം നടന്ന വിൻഡീസിനെതിരായ പരമ്പരയിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. സൂര്യകുമാറിന് പരീക്ഷണങ്ങൾക്കുള്ള അവസരമായിരുന്നു ഈ പരമ്പരകളെല്ലാം. അതിന് ടീം മാനേജ്മെന്റിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നുവെന്നതും മറ്റൊരു വസ്തുത.
വിക്കറ്റ് കീപ്പർ ബാറ്ററുടെ റോൾ
ഡെഡിക്കേറ്റഡ് ബാറ്ററായി അവസരം ലഭിക്കുന്നില്ലെങ്കിൽ സഞ്ജുവിന് മുന്നിലുള്ള അടുത്ത വഴി വിക്കറ്റ് കീപ്പറുടെ റോളാണ്. വാഹനപകടത്തെതുടർന്ന് ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്തിന്റെയും പരുക്കിൽ നിന്ന് ഇനിയും പൂർണമായും മുക്തനാകാത്ത കെ.എൽ രാഹുലിന്റെയും അഭാവം ഇന്ത്യൻ സ്ക്വാഡിലേക്ക് ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ അവസരം സൃഷ്ടിക്കുന്നു. ഇവിടെ ഇഷാൻ കിഷനാണ് സഞ്ജുവിനൊപ്പം പരിഗണിക്കപ്പെടുന്ന മറ്റൊരു താരം. എന്നാൽ ഇഷൻ ഓപ്പണിങ് ബാറ്ററാണ്.
ബംഗ്ലദേശിനെതിരായ ഇരട്ട സെഞ്ചുറി പ്രകടനം താരത്തിന്റെ മികവ് വ്യക്തമാക്കുന്നതാണെങ്കിലും ഓപ്പണിങ്ങിൽ നായകൻ രോഹിത്തിനൊപ്പം ശുഭ്മൻ ഗില്ലിന് തന്നെയാണ് സ്ഥാനം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കൂടി കണക്കിലെടുത്താൽ സഞ്ജുവിന് അവസരം ലഭിച്ചേക്കാം. അപ്പോഴും രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ തുടർച്ചയായി ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മികച്ച വിക്കറ്റ് കീപ്പറാണെന്ന് ഇതിനോടകം തെളിയിച്ച സഞ്ജുവിന് ഇവിടെ നിർണായകമാവുക ബാറ്റിങ് റോൾ തന്നെയാകും.
അപകടകാരിയായ ബാറ്റ്സ്മാൻ
ബോൾ നോക്കിയാൽ വലിച്ചടിക്കാൻ തോന്നുമെന്ന് തഗ് പറഞ്ഞ കയ്യടി നേടിയ താരത്തിൽ നിന്ന് ഉത്തരവാദിത്തത്തോടെ ക്രീസിൽ ബാറ്റ് വീശുന്ന നായകനിലേക്കുള്ള സഞ്ജുവിന്റെ മാറ്റം വലിയ പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഇപ്പോഴും ക്രീസിൽ സമയം പാഴാക്കാൻ താരം തയാറല്ല. ഹൈ റിസ്ക് ഗെയിം കളിക്കേണ്ട സാഹചര്യങ്ങളിലെല്ലാം സഞ്ജു അതിന് മുതിരുന്നുവെന്നത് താരത്തിന് ഒരുപോലെ നേട്ടവും കോട്ടവുമാണ്. പലപ്പോഴും മികച്ച സ്കോറുകൾ കണ്ടെത്താൻ സഞ്ജുവിന് സാധിക്കാതെ പോകുന്നതും അതുകൊണ്ടാണ്.
അതിവേഗ പേസ് പന്തുകൾ നേരിടുന്നതിൽ ഒട്ടും ഭയമില്ലാത്ത സഞ്ജു ഫുൾ-ലെങ്ത് ബോളുകൾ കൈകാര്യം ചെയ്യുന്നതിലും എന്നും മികവ് പുലർത്തിയിട്ടുണ്ട്. സ്പിന്നിനെതിരെയും മികച്ച റെക്കോർഡിനുടമയാണ് ഈ മലയാളി താരമെന്നതിൽ സംശയമില്ല. അഫ്ഗാനിസ്ഥാന്റെ ലോക ഒന്നാം നമ്പർ സ്പിന്നർ റാഷിദ് ഖാനെ കഴിഞ്ഞ ഐപിഎല്ലിൽ തുടർച്ചയായി ബൗണ്ടറി കടത്തി താരം സ്പിന്നിനെതിരായ തന്റെ മികവ് ഒരിക്കൽകൂടി അടിവരയിട്ടതാണ്.
സഞ്ജുവിന്റെ സാധ്യതകൾ
2015ലെ അരങ്ങേറ്റത്തിന് ശേഷം പലപ്പോഴും സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് അവസരമൊരുക്കിയത് സഹതാരങ്ങളുടെ പരുക്കും എതിർടീമിന് അനുകൂലമായ സാഹചര്യങ്ങളുമാണ്. എന്നാൽ ഇപ്പോൾ സഞ്ജുവിന് കൂടുതൽ മത്സരങ്ങളിൽ ബാറ്റേന്താൻ സാധിക്കുന്നത് ഒരു ശുഭസൂചനയാണ്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഇത്തവണ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവും ഇടംപിടിക്കും. ഏഷ്യാ കപ്പിനുള്ള സ്ക്വാഡിലേക്ക് സഞ്ജു സ്ഥാനമുറപ്പിച്ചുവെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ലോകകപ്പിലേക്കുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല. നിലവിലെ സാഹചര്യത്തിൽ ഏഷ്യാ കപ്പിലേക്ക് മാത്രമാണ് സഞ്ജുവിനെ സജീവമായി പരിഗണിക്കുന്നത്. ടൂർണമെന്റിലെ താരത്തിന്റെ പ്രകടനത്തോടൊപ്പം തന്നെ മറ്റ് താരങ്ങളുടെ മടങ്ങിവരവും ലോകകപ്പ് സ്ക്വാഡിൽ സഞ്ജുവിന്റെ സ്ഥാനമുറപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
English Summary: Chances for Sanju Samson in Asia Cup and ODI World Cup Cricket