ADVERTISEMENT

തിരുവനന്തപുരം ∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നെറ്റ്സിലെ പരിശീലനത്തിനു ശേഷം തിരികെ വീണ്ടും ഗ്രൗണ്ടിലെത്തിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് 3 പന്തുകൾ വെള്ളം ഒഴിച്ച് കുതിർത്തു വച്ചു. തുടർന്ന് പ്രധാന പിച്ചിനു സമീപമുള്ള പിച്ചിൽ നനഞ്ഞ പന്ത് ഉപയോഗിച്ച് പരിശീലനം. ഇൻസ്വിങ്ങറുകൾ കിറുകൃത്യമാകുന്നതു വരെ അതു തുടർന്നു. ഏതു സാഹചര്യത്തിലും ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ജയിക്കണം എന്നതു മനസ്സിലുറപ്പിച്ചായിരുന്നു ഇന്നലെ ഇന്ത്യൻ ടീമിന്റെ പരിശീലനം. വൈകിട്ട് 5ന് സ്റ്റേഡിയത്തിലെത്തിയ ടീമംഗങ്ങൾ ഫുട്ബോൾ കളിച്ചാണ് പരിശീലനം ആരംഭിച്ചത്. ഒരു മണിക്കൂറിനു ശേഷം നെറ്റ്സിലേക്ക്. 

കഴിഞ്ഞ മത്സരത്തിൽ ഒരു പന്ത് പോലും കളിക്കാതെ റണ്ണൗട്ട് ആയ ഋതുരാജ് ഗെയ്ക്‌വാദ് പേസ് ബോളുകൾ പ്രതിരോധിച്ചാണ് പരിശീലനം ആരംഭിച്ചത്. എന്നാൽ തൊട്ടടുത്ത നെറ്റ്സിൽ നിന്ന് റിങ്കു സിങ്ങിന്റെ ഇടിവെട്ട് ഷോട്ടുകൾ കണ്ട് ആവേശം കയറിയതോടെ ഗെയ്ക്‌വാദും ആക്രമിച്ചു കളിച്ചു തുടങ്ങി. അതിനിടെ തുടരെ വമ്പൻ ഷോട്ടുകൾ മാത്രം പരിശീലിക്കുന്ന ഇഷൻ കിഷനോട് പരിശീലകൻ വി.വി.എസ്. ലക്ഷ്മൺ ഡിഫൻഡ് ചെയ്യാൻ ആവശ്യപ്പെട്ടു. അടുത്ത പന്ത് ഡിഫൻഡ് ചെയ്ത കിഷൻ തൊട്ടടുത്ത പന്തിൽ വീണ്ടും കൂറ്റനടി തുടങ്ങി! 

സ്പോർട്സ് ഹബിലേത് റണ്ണൊഴുകുന്ന പിച്ചാണെന്ന് മനസ്സിലാക്കിയാണ് താരങ്ങൾ ഇന്നലെ ലോഫ്റ്റഡ് ഷോട്ടുകൾ കൂടുതലായി പരിശീലിച്ചത്. ശിവം ദുബെയോട് ഷോർട് പിച്ച് പന്തുകൾ എറിയണമെന്ന് ആവശ്യപ്പെട്ടാണ് തിലക് വർമ ബാറ്റ് ചെയ്തത്. നെറ്റ്സിൽ ബാറ്റർമാർ തകർത്തപ്പോൾ ആദ്യ മത്സരത്തിലേതു പോലെ ബോളർമാർക്കു നല്ല തല്ലുകിട്ടി. അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ശിവം ദുബെ എന്നിവർ കണക്കിന് വാരിക്കൂട്ടി.  രാത്രി 8 വരെ പരിശീലനം തുടർന്നു.

ഉച്ചയ്ക്കു ശേഷമായിരുന്നു ഓസീസ് ടീം പരിശീലനം. ഒന്നിന് ടീം എത്തി വാം അപ് ചെയ്തു കഴിഞ്ഞപ്പോൾ മഴ വില്ലനായി. തുടർന്ന് പരിശീലനം ഉപേക്ഷിച്ച് ഹോട്ടലിലേക്ക് മടങ്ങി. 

English Summary:

Indian cricket team Practice at Kariyavattam sports hub stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com