ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും പുറത്തായില്ല, ഗ്രേഡ് എ കിട്ടി; ഹാർദിക് പാണ്ഡ്യ ‘രക്ഷപെട്ടത്’ ഇങ്ങനെ
Mail This Article
മുംബൈ∙ ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവര്‍ പുറത്തായെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്ക് ഗ്രേഡ് എയാണ് ലഭിച്ചത്. ലോകകപ്പിനു ശേഷം ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ലാത്ത പാണ്ഡ്യ ഇപ്പോൾ ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ്. ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്കു പരുക്കേറ്റത്. കാലിലെ പരുക്കു മാറിയെങ്കിലും പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയില്ല. ബറോഡയിൽ സഹോദരൻ ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമാണ് ഹാർദിക് ഐപിഎല്ലിനായി പരിശീലിക്കുന്നത്.
Read Also: ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കുമോ? യാഥാർഥ്യം ഇതാണ്
ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും താരത്തെ വാർഷിക കരാറിൽനിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നില്ല. മാത്രമല്ല അഞ്ച് കോടിയോളം രൂപ വാർഷിക പ്രതിഫലം കിട്ടുന്ന ഗ്രേഡ് എ തന്നെ താരത്തിന് അനുവദിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്ന ഉറപ്പ് ഹാർദിക് പാണ്ഡ്യ ബിസിസിഐയ്ക്കു നൽകിയിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20, വിജയ് ഹസാരെ ട്രോഫി എന്നീ ടൂർണമെന്റുകളിൽ കളിക്കുമെന്ന് ഹാർദിക് സിലക്ടർമാരെ അറിയിച്ചിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ ടീമിൽ ഇടം ലഭിച്ചില്ലെങ്കിൽ ആഭ്യന്തര മത്സരങ്ങൾ കളിക്കാമെന്ന് താരം സമ്മതിച്ചു. ഐപിഎല്ലിനു മുന്നോടിയായി ഡി.വൈ. പാട്ടീൽ ട്വന്റി20 ടൂർണമെന്റിലാണു താരം ഇപ്പോൾ കളിക്കുന്നത്. പാണ്ഡ്യയുടെ ആരോഗ്യനില പരിശോധിച്ചപ്പോൾ ഇപ്പോഴും രഞ്ജി ട്രോഫി കളിക്കാൻ ഫിറ്റല്ലെന്നു കണ്ടെത്തിയതായും ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘രഞ്ജി ട്രോഫി കളിക്കാൻ ഹാർദിക് പാണ്ഡ്യയ്ക്കു സാധിക്കില്ല. ഇന്ത്യൻ ടീമിൽ കളിക്കാത്തപ്പോൾ വൈറ്റ് ബോൾ ടൂർണമെന്റുകളിൽ പങ്കെടുക്കാമെന്നു പാണ്ഡ്യ സമ്മതിച്ചു. അല്ലെങ്കിൽ അദ്ദേഹത്തിന്റേയും കരാർ നഷ്ടമാകുമായിരുന്നു.’’– ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും അദ്ദേഹത്തിന് വാർഷിക കരാർ നൽകിയതിനെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും ഒരേ രീതി കൊണ്ടുവന്നില്ലെങ്കില്‍ ബിസിസിഐ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ലെന്നായിരുന്നു ഇർഫാൻ പഠാന്റെ പ്രതികരണം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്ന പാണ്ഡ്യയെ കോടികൾ നൽകി പുതിയ സീസണിലേക്ക് മുംബൈ സ്വന്തമാക്കുകയായിരുന്നു.