ട്രെന്റ് ബോൾട്ടിനെ എന്തുകൊണ്ട് ഉപയോഗിച്ചില്ല? കളി തോറ്റപ്പോൾ സഞ്ജുവിനു രൂക്ഷവിമർശനം
Mail This Article
ജയ്പൂര്‍∙ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി വഴങ്ങിയതോടെ രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ് രൂക്ഷവിമര്‍ശനം. വിജയിക്കാവുന്ന കളി ഇന്ത്യൻ ബോളർമാരെ പന്തെറിയിച്ച് സഞ്ജു തോൽപിച്ചെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വിമർശനം. പവർപ്ലേ ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ കിവീസ് പേസർ ട്രെന്റ് ബോൾട്ടിനെ, ഡെത്ത് ഓവറുകളിൽ സഞ്ജു ഉപയോഗിച്ചിരുന്നില്ല.
രണ്ട് ഓവറുകൾ മാത്രം പന്തെറിഞ്ഞ ബോൾട്ട് എട്ട് റൺസാണു വഴങ്ങിയത്. എന്നിട്ടും അവസാന ഓവറുകളിൽ ബോൾട്ടിനെ പന്തെറിയിക്കാതിരുന്നതോടെയാണ് ആരാധക വിമർശനം ശക്തമായത്. ഗുജറാത്തിനെതിരെ 20–ാം ഓവർ എറിഞ്ഞത് ഇന്ത്യൻ താരമായ ആവേശ് ഖാനായിരുന്നു. 19–ാം ഓവർ കുൽദീപ് സെന്നും 18–ാം ഓവർ ആവേശ് ഖാനും പന്തെറിഞ്ഞു. ഇതോടെ മത്സരത്തിന്റെ അവസാന പന്തിൽ ബൗണ്ടറി നേടി റാഷിദ് ഖാൻ കളി ജയിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ പേസർമാരെ ഉപയോഗിച്ച് കളി ജയിപ്പിച്ച സഞ്ജു, അതേ തന്ത്രം തന്നെ ഗുജറാത്തിനെതിരെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. വിശ്വസ്തനായ പേസർ സന്ദീപ് ശര്‍മ കളിക്കാൻ ഇറങ്ങാത്തതും രാജസ്ഥാനു തിരിച്ചടിയായി. യുവതാരം കുൽദീപ് സെന്നിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. ദക്ഷിണാഫ്രിക്കൻ താരം നാന്ദ്രെ ബർഗറും ഗുജറാത്തിനെതിരെ കളിച്ചില്ല.
മത്സരത്തിൽ മൂന്നു വിക്കറ്റ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 20–ാം ഓവറിലെ അവസാന പന്തിൽ ഗുജറാത്ത് വിജയത്തിലെത്തി. ഒരു വിക്കറ്റും 11 പന്തിൽ 24 റൺസും നേടിയ ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാനാണു കളിയിലെ താരം.