ഹാർദിക് നെറ്റ്സിലേക്ക് വന്നപ്പോൾ എഴുന്നേറ്റ് പോയി രോഹിത്, സൂര്യ, തിലക്; മുംബൈ ടീമിൽ ‘ഗ്രൂപ്പ്’ തർക്കം രൂക്ഷം
Mail This Article
മുംബൈ∙ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിനുള്ളിലെ ‘ഗ്രൂപ്പ്’ പോര് കൂടുതൽ വഷളായതായി റിപ്പോർട്ട്. സീസണിൽ രോഹിത് ശർമയ്ക്കു പകരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതു മുതൽ ടീം രണ്ടു ഗ്രൂപ്പായിരുന്നു. ഒരു വിഭാഗം രോഹിത് ശർമയ്ക്കൊപ്പം നിൽക്കുമ്പോൾ മറുവിഭാഗം ഹാർദിക്കിനൊപ്പമാണ്. പരിശീലനസമയത്തും രണ്ടു ഗ്രൂപ്പുകളായാണ് മുംബൈ ടീം ഇറങ്ങുന്നതെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. കഴിഞ്ഞദിവസം ഹാർദിക്, നെറ്റ്സിൽ ബാറ്റിങ്ങിന് വന്നപ്പോൾ രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വമർ എന്നിവർ എഴുന്നേറ്റു പോയെന്നും പറയപ്പെടുന്നു.
ഒരു ദേശീയമാധ്യമത്തിലെ റിപ്പോർട്ടു പ്രകാരം, ഈ ഐപിഎൽ സീസണിൽ രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും അധികം ഒരുമിച്ച് പരിശീലിച്ചിട്ടില്ല. കൊൽക്കത്തയ്ക്കെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തിന് മുന്നോടിയായി രോഹിത് നെറ്റ്സിൽ ബാറ്റു ചെയ്യുമ്പോൾ ഹാർദിക് അടുത്തുണ്ടായിരുന്നില്ല. തുടർന്ന്, സൂര്യകുമാറിനും തിലക് വർമയ്ക്കുമൊപ്പം രോഹിത് സൈഡിൽ ഇരിക്കുമ്പോൾ, ഹാർദിക് നെറ്റ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി. ക്യാപ്റ്റൻ വരുന്നത് കണ്ട് രോഹിത്, സൂര്യ, തിലക് എന്നിവർ എഴുന്നേറ്റ് ഗ്രൗണ്ടിന്റെ മറുവശത്തേക്ക് പോയി.
ഈഡൻ ഗാർഡൻസിൽ മുംബൈയും കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിന് മുൻപ്, കെകെആറിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുമായി രോഹിത് നടത്തിയ സംഭാഷണവും ക്രിക്കറ്റ് ലോകത്ത് ചർച്ചയായി. ഹാർദിക് ക്യാപ്റ്റനായതിനു ശേഷം മുംബൈ ഇന്ത്യൻസിൽ സംഭവിച്ച മാറ്റങ്ങൾ രോഹിത് അഭിഷേകുമായി പങ്കുവച്ചെന്നാണ് വിവരം. മുംബൈ ഇന്ത്യൻസിനായി ഇറങ്ങുന്ന തന്റെ അവസാന സീസണാണിതെന്ന് രോഹിത് സ്ഥിരീകരിച്ചതായി പറയപ്പെടുന്നു.
അടുത്ത സീസണിൽ, ഐപിഎലിന്റെ മെഗാ താരലേലം നടക്കാനിരിക്കെ, രോഹിത്തിനെ മുംബൈ ഇന്ത്യൻസ് നിലനിർത്താനുള്ള സാധ്യത വളരെ കുറവാണ്. ഹാർദിക്കിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചുകൊണ്ട് ഭാവി ക്യാപ്റ്റൻ ഹാർദിക് തന്നെയെന്ന് മുംബൈ സ്ഥിരീകരിച്ചിരുന്നു. ട്വന്റി20 ലോകകപ്പിനുശേഷം രാജ്യാന്തര ട്വന്റി20യിൽനിന്ന് രോഹിത് വിരമിച്ചേക്കുമെങ്കിലും ഐപിഎലിൽ തുടരാനാണ് സാധ്യത. എന്നാൽ ഏതു ടീമിനൊപ്പമാകും ഹിറ്റ്മാൻ എന്ന് കാത്തിരുന്നു കാണേണ്ടി വരും.