ബെംഗളൂരുവിനെ തോൽപിച്ച് റെക്കോർഡിട്ട് ക്യാപ്റ്റൻ സഞ്ജു; വിജയങ്ങളിൽ ഷെയ്ൻ വോണിനൊപ്പം
Mail This Article
അഹമ്മദാബാദ്∙ ഐപിഎല്‍ വിജയങ്ങളിൽ ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പമെത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാനു വേണ്ടി കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനെന്ന റെക്കോർഡിൽ ഷെയ്ൻ വോണിനും സഞ്ജുവിനും 31 വിജയങ്ങളാണുള്ളത്. എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാലു വിക്കറ്റുകൾക്കു തോൽപിച്ചതോടെയാണ് ഓസ്ട്രേലിയൻ ഇതിഹാസതാരത്തിനൊപ്പം സഞ്ജുവെത്തിയത്.
18 വിജയങ്ങളുള്ള രാഹുൽ ദ്രാവിഡ് മൂന്നാമതാണ്. നാലാമതുള്ള സ്റ്റീവ് സ്മിത്ത് രാജസ്ഥാനു വേണ്ടി 15 വിജയങ്ങൾ നേടിയിട്ടുണ്ട്. 2008ൽ ഐപിഎല്ലിലെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടിയത് ഷെയ്ൻ വോണിനു കീഴിലായിരുന്നു. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്നു വിക്കറ്റിനു തോൽപിച്ചായിരുന്നു രാജസ്ഥാന്റെ വിജയം. 2022 ൽ സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാന്‍ ഫൈനൽ വരെയെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചാൽ രാജസ്ഥാന് ഒരിക്കൽകൂടി ഫൈനൽ ഉറപ്പിക്കാം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തേ ഫൈനലിലെത്തിയിരുന്നു. എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് വിജയ റൺസ് കുറിച്ചു.