പാക്ക് ടീമിൽ മൂന്നു ഗ്രൂപ്പുകൾ; ഷഹീനെ പിന്തുണയ്ക്കാതെ ബാബർ, ക്യാപ്റ്റനാക്കാത്തതിൽ റിസ്വാന് പിണക്കം
Mail This Article
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8 റൗണ്ടിൽ കടക്കാതെ പാക്കിസ്ഥാൻ പുറത്തായതിനു പിന്നാലെ ടീമിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ടീം മോശം പ്രകടനം തുടരുമ്പോഴും താരങ്ങൾ മൂന്നു ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റൻ സ്ഥാനത്തു തിരികെയെത്തിയപ്പോൾ ബാബർ അസമിന്റെ പ്രധാന വെല്ലുവിളി ടീമിനെ ഒരുമിപ്പിക്കുകയെന്നതായിരുന്നു. എന്നാൽ ഗ്രൂപ്പിസം കാരണം ഇതിനു സാധിച്ചില്ലെന്നാണു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽനിന്നു ലഭിക്കുന്ന വിവരം.
ഷഹീൻ അഫ്രീദിക്ക് ക്യാപ്റ്റൻ സ്ഥാനം പോയതിൽ നിരാശയുണ്ട്. ബാബർ അസം ആവശ്യമുള്ളപ്പോഴൊന്നും അഫ്രീദിയെ പിന്തുണയ്ക്കുന്നുമില്ല. ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കാത്തതിനാൽ മുഹമ്മദ് റിസ്‌വാനും അസ്വസ്ഥനാണ്. ഇവർ മൂന്നു പേരെയും പിന്തുണയ്ക്കുന്നവരായി പാക്ക് ടീം വിഭജിക്കപ്പെട്ടെന്നാണു പുറത്തുവരുന്ന വിവരം. ഇങ്ങനെയൊരു ടീമിലേക്കു സീനിയർ താരങ്ങളായ ഇമാദ് വാസിം, മുഹമ്മദ് ആമിർ എന്നിവർ കൂടിയെത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‍വിക്ക് ലോകകപ്പിനു മുൻപ് തന്നെ പാക്ക് ടീമിലെ പ്രശ്നങ്ങളെക്കുറിച്ചു ധാരണയുണ്ടായിരുന്നു. നഖ്‍വി ഇക്കാര്യം ടീം സിലക്ടറായിരുന്ന വഹാബ് റിയാസുമായി സംസാരിച്ചിരുന്നു. നഖ്‍വി താരങ്ങളെ നേരിട്ടുകണ്ടു പ്രശ്നങ്ങൾ മാറ്റിവച്ച് ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചു. എന്നാൽ അതും ഫലം കണ്ടില്ല. പാക്കിസ്ഥാൻ ഉൾപ്പെട്ട എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും അസോഷ്യേറ്റ് ടീമായ യുഎസുമാണ് സൂപ്പർ 8ൽ കടന്നത്.
കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന യുഎസ്– അയർലൻഡ് മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് മത്സരത്തിൽ പാക്കിസ്ഥാന്റെ സാധ്യതകൾ ഇല്ലാതായത്. അയര്‍ലൻഡ് യുഎസിനെ തോൽപിച്ചിരുന്നെങ്കിൽ. അടുത്ത മത്സരം ജയിച്ചാൽ പാക്കിസ്ഥാന് സൂപ്പർ 8 ൽ കടക്കാൻ സാധ്യതയുണ്ടായിരുന്നു. എ ഗ്രൂപ്പിൽ മൂന്നാമതുള്ള പാക്കിസ്ഥാന് രണ്ടു പോയിന്റുകൾ മാത്രമാണുള്ളത്.