മാർഷിനെ പുറത്താക്കാനുള്ള സുവർണാവസരം പാഴാക്കി; പന്തിനെ നിർത്തിപ്പൊരിച്ച് രോഹിത്, ഞെട്ടി ബുമ്ര
Mail This Article
സെന്റ് ലൂസിയ∙ ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിനിടെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ നിർത്തിപ്പൊരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിനിടെ ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറിലാണു സംഭവം. ഓവറിലെ നാലാം പന്തിൽ ബുമ്രയുടെ ബൗണ്‍സറിനെതിരെ പുൾ ഷോട്ട് കളിക്കാനായിരുന്നു ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ ശ്രമം.
സ്ക്വയര്‍ ലെഗിൽ ഉയർന്നുപൊങ്ങിയ ബോൾ പിടിച്ചെടുക്കാൻ ഇന്ത്യൻ കീപ്പര്‍ക്കു സാധിച്ചില്ല. ഇതൊടെയാണ് രോഹിത് ശർമയ്ക്കു നിയന്ത്രണം നഷ്ടമായത്. പന്തിനോടു രൂക്ഷഭാഷയിൽ സംസാരിക്കുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പന്ത് ക്യാച്ച് പാഴാക്കിയപ്പോൾ നിരാശയോടെ നോക്കി നിൽക്കുകയായിരുന്നു പേസര്‍ ജസ്പ്രീത് ബുമ്ര. അടുത്ത ഓവറിൽ മിച്ചൽ മാർഷിനെ പുറത്താക്കാൻ പേസർ അർഷ്ദീപ് സിങ്ങിനു അവസരം ലഭിച്ചിരുന്നു.
മിച്ചൽ മാർഷിൽ നിന്നുള്ള റിട്ടേൺ ക്യാച്ച് പിടിച്ചെടുക്കുന്നതിൽ അർഷ്ദീപ് പരാജയപ്പെട്ടു. എന്നാൽ പന്ത് നഷ്ടമാക്കിയ അവസരവുമായി താരതമ്യം ചെയ്താല്‍ ബുദ്ധിമുട്ടുള്ള ക്യാച്ചായിരുന്നു അത്. മത്സരത്തിൽ 28 പന്തുകൾ നേരിട്ട ഓസ്ട്രേലിയൻ ക്യാപ്റ്റൻ 37 റണ്‍സാണു നേടിയത്. കുൽദീപ് യാദവിന്റെ ഓവറിൽ തകർപ്പൻ ക്യാച്ചിലൂടെ അക്ഷർ പട്ടേലാണ് ഒടുവിൽ മാർഷിനെ മടക്കിയത്.
മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് 24 റൺസ് വിജയം. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. 41 പന്തിൽ 92 റൺസെടുത്ത ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയാണു കളിയിലെ താരം.