കെ.എൽ.രാഹുലിനെ ‘വെട്ടി’ ടീം, ജയ്സ്വാളില്ലാത്ത ഇലവൻ; മുഖം നോക്കാതെ ദ്രാവിഡിന്റെ ‘വിശ്വമേധം’
ബാർബഡോസിലെ ആ ചോദ്യം ഇനി രാഹുൽ ദ്രാവിഡിനു നേർക്കു വരികയില്ല. സൂപ്പർ 8ൽ അഫ്ഗാനെതിരെയായിരുന്നു ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു ബാർബഡോസിലെ ആദ്യ മത്സരം. മത്സരത്തലേന്നു കോച്ച് ദ്രാവിഡിനെത്തേടി സുഖകരമല്ലാത്തൊരു
ബാർബഡോസിലെ ആ ചോദ്യം ഇനി രാഹുൽ ദ്രാവിഡിനു നേർക്കു വരികയില്ല. സൂപ്പർ 8ൽ അഫ്ഗാനെതിരെയായിരുന്നു ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു ബാർബഡോസിലെ ആദ്യ മത്സരം. മത്സരത്തലേന്നു കോച്ച് ദ്രാവിഡിനെത്തേടി സുഖകരമല്ലാത്തൊരു
ബാർബഡോസിലെ ആ ചോദ്യം ഇനി രാഹുൽ ദ്രാവിഡിനു നേർക്കു വരികയില്ല. സൂപ്പർ 8ൽ അഫ്ഗാനെതിരെയായിരുന്നു ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു ബാർബഡോസിലെ ആദ്യ മത്സരം. മത്സരത്തലേന്നു കോച്ച് ദ്രാവിഡിനെത്തേടി സുഖകരമല്ലാത്തൊരു
ബാർബഡോസിലെ ആ ചോദ്യം ഇനി രാഹുൽ ദ്രാവിഡിനു നേർക്കു വരികയില്ല. സൂപ്പർ 8ൽ അഫ്ഗാനെതിരെയായിരുന്നു ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു ബാർബഡോസിലെ ആദ്യ മത്സരം. മത്സരത്തലേന്നു കോച്ച് ദ്രാവിഡിനെത്തേടി സുഖകരമല്ലാത്തൊരു ചോദ്യമെത്തി– ‘കളിക്കാരനെന്ന നിലയിൽ താങ്കൾക്ക് ഇവിടം നല്ല ഓർമകളുടേതല്ലല്ലോ?’
27 വർഷം മുൻപു ബാർബഡോസിൽ നടന്നൊരു ടെസ്റ്റിൽ ഇന്ത്യ 80 റൺസിനു പുറത്തായതിന്റെ ഓർമപ്പെടുത്തലായിരുന്നു ആ ചോദ്യം. സ്വതസിദ്ധമായ ശൈലിയിൽ ചോദ്യത്തിനു പ്രതിരോധം തീർത്ത ദ്രാവിഡിന്റെ യഥാർഥ മറുപടി ബാർബഡോസിലെ കലാശപ്പോരാട്ടത്തിലാണു വന്നത്. രാഹുൽ ദ്രാവിഡിനു മാത്രമല്ല, ഇന്ത്യയ്ക്കാകെ മധുരിക്കുന്ന ഓർമകളുടേതാണ് ഇനി ബാർബഡോസ്.
മുനവച്ച ആ ചോദ്യവും അതിനൊത്ത മറുപടിയായി മാറിയ കിരീടനേട്ടവും മൂന്നു പതിറ്റാണ്ടോളം നീണ്ട ദ്രാവിഡിന്റെ കരിയറിനും സമാനമാണ്. 50 ഓവർ ക്രിക്കറ്റിൽ ഈ ബാറ്ററെ എന്തിനു കൊള്ളാമെന്ന ചോദ്യശരങ്ങൾക്കിടയിലൂടെ ഷോട്ടുകൾ പായിച്ചാണ് ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി ദ്രാവിഡ് മാറിയത്.
പരിശീലകനായുള്ള വരവിലും കയ്യടികളുടേതായിരുന്നില്ല ദ്രാവിഡിനായി ഒരുങ്ങിയ പിച്ച്. കുട്ടിത്താരങ്ങളെ പരിശീലിപ്പിക്കാൻ കൊള്ളാം, സീനിയർ ടീമിന്റെ കളം വേറെയല്ലേ എന്നായിരുന്നു അന്നുയർന്ന ചോദ്യങ്ങൾ. അതിനും കളത്തിൽ നിന്നുതന്നെ മറുപടിയെത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും അവസാനകടമ്പയിൽ വഴുതിയ കിരീടാന്വേഷണത്തിനാണ് ഇപ്പോൾ ട്വന്റി20 ലോകകിരീടത്തിന്റെ പൊൻപ്രഭയിൽ പൂർണത തെളിയുന്നത്.
നായകനായെത്തി തിരിച്ചടിയുടെ ആഴക്കയം കണ്ട 2007ലെ ഏകദിന ലോകകപ്പിന്റെ അതേ മണ്ണിൽ തന്നെ ഈ വിജയം പിറന്നതും ദ്രാവിഡിന്റെ മധുരപ്രായശ്ചിത്തം.
ബാറ്റർ എന്ന നിലയിൽ നങ്കൂരമിട്ടു ശീലിച്ച ദ്രാവിഡ്, മാസ്റ്റർ എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിനത്ര പരിചിതമല്ലാത്ത ശീലങ്ങളിലേക്കു ക്രീസ് വിട്ടിറങ്ങിയതിന്റെ ഫലമാണീ വിശ്വമേധം. മുഖം നോക്കാതെയായിരുന്നു കറതീർന്ന ടീം മാൻ എന്നു പേരെടുത്ത ദ്രാവിഡിനു കീഴിൽ ലോകകപ്പ് ടീമൊരുക്കം. കെ.എൽ.രാഹുൽ അടക്കമുള്ളവരെ മറികടന്ന തിരഞ്ഞെടുപ്പിനു പിന്നാലെ ഇലവനിലും ടീം ഇന്ത്യ ഞെട്ടിച്ചു. യശസ്വി ജയ്സ്വാളിന്റെ സാന്നിധ്യമുള്ള ടീമിൽ ഓപ്പണർ റോളിൽ കോലിക്കു സ്ഥാനമാറ്റം. ടോപ് ഓർഡർ കഴിഞ്ഞാൽ സൂര്യയും ദുബെയും പാണ്ഡ്യയും അക്സറും പോലെ ട്വന്റി20ക്കു വേണ്ട തീപ്പൊരികളുടെ ഊഴം.
കണ്ടുശീലിച്ച താരമൂല്യങ്ങളിൽ നിന്നു വഴി മാറി വിന്നിങ് കോംബിനേഷൻ എന്ന ഉത്തരം തേടി മുൻപേ നടന്ന കോച്ചിനുള്ളതാണീ കിരീടം. ബാർബഡോസിലെ ആഘോഷക്കൂട്ടത്തിന്റെ അരികു ചേർന്നു നിന്ന ദ്രാവിഡിന്റെ കൈകളിലേക്ക്, വികാരം മറച്ചുവയ്ക്കുന്നതിൽ കോച്ചിന്റെയത്ര സാങ്കേതികത്തികവില്ലാത്ത വിരാട് ആ കിരീടം കൈമാറിയതിൽ തെളിയുന്നുണ്ട് എല്ലാം.