കോലി ഒപ്പിട്ട ബാറ്റ് ലേലത്തിൽ വയ്ക്കാൻ മലയാളി; തുക ദുരിതാശ്വാസ നിധിയിലേക്കു നൽകും
Mail This Article
സെന്റ് ലൂസിയ∙ വയനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഒപ്പിട്ടു നൽകിയ ബാറ്റ് ലേലത്തിൽ വയ്ക്കാൻ മലയാളി. കരീബിയനിൽ ജോലി ചെയ്യുന്ന സിബി ഗോപാലകൃഷ്ണനാണ് വിരാട് കോലിയുടെ ഒപ്പുള്ള ബാറ്റ് ലേലം ചെയ്തു ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് അറിയിച്ചത്. ഏറ്റവും ഉയർന്ന തുക നൽകുന്നയാളിന് ബാറ്റ് സ്വന്തമാക്കാമെന്നും മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്നും സിബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
‘‘ക്രിക്കറ്റ് താരങ്ങൾ വലിയ ബഹുമാനം കൊടുക്കുന്ന ആളാണ് വിരാട് കോലി. കോലിയുടെ അടുത്തു പോയി അനാവശ്യമായി ആരും തമാശ പോലും പറയില്ല. എല്ലാവരും വളരെ ബഹുമാനത്തോടെ മാത്രമാണ് അദ്ദേഹത്തോടു സംസാരിക്കാറ്. ട്വന്റി20 ലോകകപ്പിന്റെ ഓർമയ്ക്കായി ഒരു ക്രിക്കറ്റ് ബാറ്റ് വേണമെന്നത് എന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോൾ, ഒപ്പിട്ടുതരാമെന്നു സമ്മതിച്ചു. ഇന്ത്യൻ ടീം മടങ്ങുന്നതിനു തൊട്ടുമുൻപ് വിമാനത്താവളത്തില്‍വച്ചാണ് കോലി ബാറ്റിൽ ഒപ്പിട്ടത്.’’
‘‘ലോകകപ്പിന്റെ സുവനീർ ആയി എനിക്ക് ഉണ്ടായിരുന്നത് ഈ ബാറ്റു മാത്രമാണ്. ആളുകൾ ഇതിനു നല്ല മൂല്യം നൽകി വാങ്ങിയാൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. എനിക്കു വ്യക്തിപരമായി ചെയ്യാൻ സാധിക്കുന്നതിനേക്കാൾ പണം ഇതിലൂടെ ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്.’’– സിബി ഗോപാലകൃഷ്ണൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്സന്‍ ഓഫിസറായി സിബി പ്രവർത്തിച്ചിരുന്നു. 20 വർഷത്തിലേറെയായി സെന്റ് ലൂസിയയിൽ ജോലി ചെയ്യുന്ന ആളാണ് സിബി ഗോപാലകൃഷ്ണൻ.
സെന്റ് ലൂസിയ നാഷനൽ ക്രിക്കറ്റ് അസോസിയേഷൻ ട്രഷററാണ്. കരുനാഗപ്പള്ളി സ്വദേശിയായ സിബി ഇന്റർനാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ജോലി ലഭിച്ചതോടെയാണ് സെന്റ് ലൂസിയയിലെത്തിയത്. ക്രിക്കറ്റിലുള്ള താൽപര്യം കാരണം വിവിധ ടൂർണമെന്റുകളിൽ വൊളന്റിയറായി സേവനം ചെയ്തു തുടങ്ങി. പിന്നീട് ക്രിക്കറ്റിന്റെ അഡ്മിനിസ്ട്രേഷൻ മേഖലയിലേക്കും കടന്നു. വെസ്റ്റിൻഡീസിലെത്തിയ ബംഗ്ലദേശ് ടീമിന്റെ ലെയ്സൻ ഓഫിസറായും സിബി പ്രവർത്തിച്ചിട്ടുണ്ട്.