നീരജ് ചോപ്രയും അർഷാദും പാക്കിസ്ഥാനിൽ മത്സരിക്കട്ടെ: ജാവലിൻ ടൂർണമെന്റ് വേണമെന്ന് മുൻ ക്രിക്കറ്റ് താരം
Mail This Article
ലഹോർ∙ ഇന്ത്യൻ താരം നീരജ് ചോപ്രയേയും പാക്കിസ്ഥാൻ താരം അർഷാദ് നദീമിനെയും ഉള്‍പ്പെടുത്തി ജാവലിൻ ത്രോ ടൂർണമെന്റുകൾ സംഘടിപ്പിക്കണമെന്ന വിചിത്ര വാദവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്കു പോകാത്തതിനാൽ, ഹോക്കി, കബഡി, ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കണമെന്നാണ് ക്രിക്കറ്റ് താരത്തിന്റെ ആവശ്യം. പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിൽ അർഷാദ് നദീം സ്വർണവും നീരജ് ചോപ്ര വെള്ളി മെഡലും നേടിയിരുന്നു.
പാരിസിലെ രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ റെക്കോർഡ് ദൂരം എറിഞ്ഞാണ് അർഷാദ് നദീം സ്വർണം വിജയിച്ചത്. നീരജും അർഷാദ് നദീമും ജാവലിൻ ത്രോയിൽ മത്സരിച്ചാൽ ലോകം മുഴുവൻ ടെലിവിഷനു മുന്നിലെത്തുമെന്നും സ്റ്റേഡിയം നിറയുമെന്നുമാണ് പാക്കിസ്ഥാൻ മുൻ താരത്തിന്റെ വാദം. ‘‘പാരിസ് ഒളിംപിക്സിൽ അർഷാദ് നദീം നീരജിനെ തോൽപിച്ചു. അല്ലെങ്കിൽ ഇന്ത്യയ്ക്ക് ഉറപ്പായ സ്വർണമായിരുന്നു ഇത്.’’
‘‘ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഹോക്കി, ജാവലിൻ ത്രോ, കബഡി എന്നിവയിൽ ഇരു രാജ്യങ്ങളും മത്സരിക്കുന്ന ടൂര്‍ണമെന്റുകൾ നടത്തണം. ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടമാണ് ഏറ്റവും വാശിയേറിയതെന്ന് ലോകത്തിനു മുഴുവന്‍ അറിയാം. മറ്റൊരു മത്സരവും ഇതിന് അടുത്തെത്തില്ല. ആഷസ് പരമ്പര പോലും അത്ര വലുതല്ല. മറ്റുള്ളവർ വെറുതെ ഹൈപ്പ് ഉണ്ടാക്കാനാണു ശ്രമിക്കുന്നത്.’’– ബാസിത് അലി യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.