ടൈറ്റൻസിനെ വിറപ്പിച്ച് അസ്ഹറുദ്ദീൻ, 47 പന്തിൽ 92; ആലപ്പി റിപ്പിൾസിന് അഞ്ച് വിക്കറ്റ് വിജയം
തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ്, Kerala Cricket League, KCL, Cricket
തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ്, Kerala Cricket League, KCL, Cricket
തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ്, Kerala Cricket League, KCL, Cricket
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനു വിജയത്തുടക്കം. മുഹമ്മദ് അസ്ഹറുദ്ദീൻ നയിച്ച ആലപ്പി, തൃശൂർ ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത തൃശൂർ ടൈറ്റൻസ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആലപ്പി റിപ്പിള്‍സ് എത്തി.
ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആലപ്പി റിപ്പിൾസിനെ വിജയത്തിലെത്തിച്ചത്. 47 പന്തിൽ 92 റൺസെടുത്ത അസ്ഹറുദ്ദീൻ ഒൻപതു സിക്സുകള്‍ അടിച്ചുകൂട്ടി. മുൻനിര ബാറ്റർമാരായ കൃഷ്ണപ്രസാദും (ഒന്ന്), അക്ഷയ് ശിവും (മൂന്ന്) നിരാശപ്പെടുത്തിയപ്പോഴായിരുന്നു ആലപ്പി ക്യാപ്റ്റന്റെ രക്ഷാപ്രവർത്തനം. 27 പന്തിൽ 30 റൺസെടുത്ത വിനൂപ് മനോഹരനും തിളങ്ങി. അക്ഷയ് ടി.കെ. 17 പന്തിൽ 18 റൺസുമായി പുറത്താകാതെനിന്നു.
ടോസ് നേടിയ ആലപ്പി റിപ്പിൾസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത തൃശൂർ ടൈറ്റൻസ് മധ്യനിര താരം അക്ഷയ് മനോഹറിന്റെ അർധ സെഞ്ചറിക്കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 44 പന്തുകൾ നേരിട്ട അക്ഷയ് 57 റൺസെടുത്തു പുറത്തായി. അഞ്ച് സിക്സറുകളും ഒരു ഫോറുമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അക്ഷയ് ബൗണ്ടറി കടത്തിയത്.
മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഓപ്പണര്‍ അഭിഷേക് പ്രതാപ് ഗോൾഡൻ ഡക്കായി മടങ്ങിയത് തൃശൂരിനു തിരിച്ചടിയായി. ക്യാപ്റ്റൻ വരുൺ നായനാർ ഒരു റണ്‍ മാത്രമാണു നേടിയത്. മധ്യനിരയിൽ വിഷ്ണു വിനോദ് (14 പന്തിൽ 22), അഹമ്മദ് ഇമ്രാൻ (21 പന്തിൽ 23), അർജുൻ വേണുഗോപാൽ (20 പന്തിൽ 20) എന്നിവർ തിളങ്ങിയതോടെ തൃശൂർ സ്കോർ ഉയർന്നു. മൂന്നു പന്തുകളിൽ രണ്ടു സിക്സുകൾ പറത്തിയ പി. മിഥുൻ 12 റൺസുമായി പുറത്താകാതെനിന്നു. ആലപ്പിക്കായി ആനന്ദ് ജോസഫ് മൂന്നും ഫാസിൽ ഫനൂസ് രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.