കൂട്ടത്തോടെ നിരാശപ്പെടുത്തി ബാറ്റർമാർ, സഞ്ജു കളിക്കുന്നുമില്ല; ഒടുവിൽ രക്ഷകനായി അക്ഷർ (86, 6x4, 6x6)– വിഡിയോ
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫിയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഉൾപ്പെടെ ബാറ്റർമാരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരത്തിൽ, ഇന്ത്യ ഡിയെ ഒറ്റയ്‌ക്കു ചുമലിലേറ്റി അക്ഷർ പട്ടേൽ. ഒരു ഘട്ടത്തിൽ 100 കടക്കുമോയെന്നുപോലും സന്ദേഹിച്ച ഇന്ത്യ ഡിയെ, തകർപ്പൻ അർധസെഞ്ചറി കുറിച്ചാണ് അക്ഷർ പട്ടേൽ രക്ഷപ്പെടുത്തിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ മികവിൽ ഇന്ത്യ ഡി ഒന്നാം ഇന്നിങ്സിൽ 48.3 ഓവറിൽ 164 റൺസെടുത്ത് എല്ലാവരും പുറത്തായി. ഒരറ്റത്ത് തകർത്തടിച്ച അക്ഷർ, 118 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതം 86 റൺസെടുത്ത് പത്താമനായി പുറത്തായി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ സി ആദ്യ ദിനം കളി നിർത്തുമ്പോൾ 33 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിലാണ്. ബാബ ഇന്ദ്രജിത്ത് (44 പന്തിൽ 15), അഭിഷേക് പൊറേൽ (55 പന്തിൽ 32) എന്നിവർ ക്രീസിൽ. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (19 പന്തിൽ അഞ്ച്), സായ് സുദർശൻ (16 പന്തിൽ 7), ആര്യൻ ജുയൽ (35 പന്തിൽ 12), രജത് പാട്ടിദാർ (30 പന്തിൽ 13) എന്നിവരാണ് പുറത്തായത്. ഇന്ത്യ ഡിയ്ക്കായി ഹർഷിത് റാണ, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 73 റൺസ് പിന്നിലാണ് ഇന്ത്യ സി.
നേരത്തെ, അക്ഷർ പട്ടേലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യ ഡിയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 13 റൺസ് വീതം നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്, സാരാൻഷ് ജെയിൻ, അർഷ്ദീപ് സിങ് എന്നിവരാണ് അക്ഷർ പട്ടേൽ കഴിഞ്ഞാൽ ഇന്ത്യ ഡി നിരയിലെ ടോപ് സ്കോറർമാർ! 48 റൺസിനിടെ ആറു വിക്കറ്റും 76 റൺസിനിടെ എട്ടു വിക്കറ്റും നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യ ഡിയെ, വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഒടുവിൽ ബൗണ്ടറി ലൈനിനരികെ സുതറിന്റെ തകർപ്പൻ ക്യാച്ചാണ് അക്ഷറിന്റെ ഇന്നിങ്സിന് വിരാമമിട്ടത്.
ഒൻപതാം വിക്കറ്റിൽ അർഷ്ദീപ് സിങ്ങിനെ കൂട്ടുപിടിച്ച് 84 റൺസാണ് അക്ഷർ പട്ടേൽ സ്കോർ ബോർഡിലെത്തിച്ചത്. ഏകദിന ശൈലിയിൽ ബാറ്റു വീശിയ കൂട്ടുകെട്ട്, 90 പന്തിലാണ് 84 റൺസ് അടിച്ചുകൂട്ടിയത്. ഏഴാം വിക്കറ്റിൽ സാരാൻഷ് ജെയിനൊപ്പം 62 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്തും അക്ഷർ ടീമിന്റെ രക്ഷകനായി. സാരാൻഷ് ജെയിൻ 41 പന്തിൽ രണ്ടു ഫോർ സഹിതം 13 റൺസെടുത്തും അർഷ്ദീപ് സിങ് 33 പന്തിൽ ഒരു സിക്സ് സഹിതം 13 റൺസെടുത്തും പുറത്തായി.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16 പന്തിൽ ഒരേയൊരു ഫോർ സഹിതം ഒൻപതു റൺസെടുത്തും പുറത്തായി. ഓപ്പണർമാരായ അതർവ തായ്ഡെ (അഞ്ച് പന്തിൽ നാല്), യാഷ് ദുബെ (12 പന്തിൽ 10), ദേവ്ദത്ത് പടിക്കൽ (0), റിക്കി ഭുയി (13 പന്തിൽ 4), ഹർഷിത് റാണ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
ഇന്ത്യ ‘സി’യ്ക്കായി വൈശാഖ് മൂന്നും അൻഷുൽ കംബോജ്, ഹിമാൻഷു ചൗഹാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. സുതർ, ഹൃതിക് ഷൊക്കീൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഋതുരാജ് ഗെയ്ക്‌വാദാണ് ഇന്ത്യ സി ടീമിനെ നയിക്കുന്നത്. അനന്തപുർ റൂറൽ ഡെവലപ്മെന്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതേസമയം തന്നെ, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ എ, ബി ടീമുകളും ഏറ്റുമുട്ടുന്നു. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചാകും ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.
ഇന്നലെ അർധരാത്രിയോടെ ടീമിൽ ഉൾപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസൺ ഈ മത്സരത്തിൽ കളിക്കുന്നില്ല. പരുക്കേറ്റ ഇഷാൻ കിഷന്റെ പകരക്കാരനായാണ് അവസാന നിമിഷം സഞ്ജു ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി ഇന്നു തുടങ്ങാനിരിക്കെയാണ് ‘ക്ലൈമാക്സ് ട്വിസ്റ്റി’ൽ മലയാളി താരം സഞ്ജു സാംസണിനും ടീമിൽ ഇടം ലഭിച്ചത്. കാലിനു പരുക്കേറ്റ ജാർഖണ്ഡ് താരം ഇഷാൻ കിഷനു പകരക്കാരനായാണ് ബിസിസിഐ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.