ചിന്നസ്വാമിയിൽ ‘സെയ്നി ഡേ’; ആദ്യം പൊരുതി നേടിയ അർധസെഞ്ചറി, പിന്നാലെ ബാറ്റർമാരെ വിറപ്പിച്ച് 2 തകർപ്പൻ വിക്കറ്റുകളും – വിഡിയോ
Mail This Article
ബെംഗളൂരു∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബിയ്‌ക്കെതിരെ ഇന്ത്യ എ ശക്തമായ നിലയിൽ. ഇന്ത്യ ബിയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 321 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ എ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 35 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 187 റൺസ് പിന്നിൽ. റിയാൻ പരാഗ് (49 പന്തിൽ 27), കെ.എൽ. രാഹുൽ (80 പന്തിൽ 23) എന്നിവരാണ് ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 68 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഓപ്പണർമാരായ മയാങ്ക് അഗർവാൾ (45 പന്തിൽ 36), ക്യാപ്റ്റൻ കൂടിയായ ശുഭ്മൻ ഗിൽ (43 പന്തിൽ 25) എന്നിവരാണ് ഇന്ത്യ എ നിരയിൽ പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 85 പന്തിൽ 57 റൺസ് കൂട്ടിച്ചേർത്തു. ഈ രണ്ടു വിക്കറ്റും നവ്ദീപ് സെയ്‌നിക്കാണ്. എട്ട് ഓവറിൽ 36 റൺസ് വഴങ്ങിയാണ് സെയ്നി രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ, 116 ഓവറിലാണ് ഇന്ത്യ ബി 321 റൺസെടുത്തത്. സെഞ്ചറി നേടി ടീമിനെ മുന്നിൽനിന്നു നയിച്ച മുഷീർ ഖാൻ 373 പന്തിൽ 181 റൺസെടുത്തു പുറത്തായി. അഞ്ച് സിക്സുകളും 16 ഫോറുകളും അടങ്ങുന്നതാണ് മുഷീർ ഖാന്റെ ഇന്നിങ്സ്. വാലറ്റത്ത് നവ്‍ദീപ് സെയ്നി നടത്തിയ ചെറുത്തു നിൽപ്പും അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിനു തുണയായി. 144 പന്തുകൾ നേരിട്ട സെയ്നി 56 റൺസെടുത്താണു പുറത്തായത്. ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (42 പന്തിൽ 13), വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (10 പന്തിൽ ഏഴ്), വാഷിങ്ടൻ സുന്ദർ (പൂജ്യം) എന്നിവർ ആദ്യ ഇന്നിങ്സിൽ നിരാശപ്പെടുത്തി. ഓപ്പണർ യശസ്വി ജയ്സ്വാൾ 59 പന്തില്‍ 30 റൺസെടുത്തു പുറത്തായി. ഇന്ത്യ എയ്ക്കു വേണ്ടി 27 ഓവറുകൾ പന്തെറിഞ്ഞ ആകാശ്ദീപ് നാലു വിക്കറ്റുകൾ സ്വന്തമാക്കി.
രണ്ടാം ദിനം 79 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബി ബാറ്റിങ് തുടങ്ങിയത്. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ മിന്നുന്ന ഫോമിലായിരുന്ന മുഷീർ ഖാൻ, അതിന്റെ തുടർച്ചയായാണ് ദുലീപ് ട്രോഫിയിലും കരുത്തു കാട്ടിയത്. സഹോദരൻ സർഫറാസ് ഖാൻ 35 പന്തിൽ ഒൻപതു റൺസുമായി നിരാശപ്പെടുത്തിയതിനു പിന്നാലെയാണ്, തകർപ്പൻ സെഞ്ചറിയുമായി മുഷീർ വരവറിയിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബിയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും പിന്നീട് കാത്തിരുന്നത് കൂട്ടത്തകർച്ച. വിക്കറ്റ് നഷ്ടം കൂടാതെ 33 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ ബി, പിന്നീട് വെറും 61 റൺസിനിടെ നഷ്ടമാക്കിയത് ഏഴു വിക്കറ്റ്. ഇതിൽത്തന്നെ അവസാന നാല് വിക്കറ്റുകൾ നഷ്ടമായത് വെറും 14 റൺസിന്റെ ഇടവേളയിൽ. ഇതിനു ശേഷമായിരുന്നു ഇന്ത്യ ബിയെ താങ്ങിനിർത്തിയ മുഷീർ – സെയ്നി സെഞ്ചറി കൂട്ടുകെട്ട്. സ്കോർ 299 ല്‍ നിൽക്കെ കുൽദീപ് യാദവിന്റെ പന്തിൽ റിയാൻ പരാഗ് ക്യാച്ചെടുത്താണ് മുഷീർ പുറത്താകുന്നത്. അർധ സെഞ്ചറി പൂർത്തിയായതിനു പിന്നാലെ ആകാശ് ദീപാണ് സെയ്നിയെ മടക്കിയത്.