മൂന്നാം ടെസ്റ്റിലും ടോസ് കിവീസിന്, ബാറ്റിങ്; പരുക്കേറ്റു പുറത്തായ സാന്റ്നറിനു പകരം സോധി, ബുമ്രയ്‌ക്ക് പകരം സിറാജ്
Mail This Article
മുംബൈ ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ നിരയിൽ പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരൻ. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ‘കറക്കി വീഴ്ത്തിയ’ മിച്ചൽ സാന്റ്നർ ഈ മത്സരത്തിൽ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെൻറിക്കും ന്യൂസീലൻഡ് അവസരം നൽകി.
സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര സമ്പൂർണമായി അടിയറ വയ്ക്കുക എന്ന നാണക്കേട് ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. മൂന്നാം ടെസ്റ്റിനിറങ്ങുമ്പോൾ ഓസ്ട്രേലിയൻ പരമ്പരയ്ക്കു മുൻപ് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുക, ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ നില ഭദ്രമാക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും മനസ്സിലുണ്ടാകും. ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ന്യൂസീലൻഡ് പരമ്പര 2–0നു സ്വന്തമാക്കിക്കഴിഞ്ഞു.
∙ പേസോ ബൗൺസോ?
പേസ് കരുത്തിൽ ബെംഗളൂരുവിലെ ആദ്യ ടെസ്റ്റ് കിവീസ് ജയിച്ചതോടെ പുണെയിൽ സ്പിൻ വിക്കറ്റാണ് ഇന്ത്യ ഒരുക്കിയത്. എന്നാൽ ആ കുരുക്കിൽ ഇന്ത്യ തന്നെ വീണു. 13 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറുടെ മികവിൽ സന്ദർശകർ നേടിയത് 113 റൺസിന്റെ ഉജ്വല ജയം. വാങ്കഡെയിലെ വരണ്ട മണ്ണിൽ പന്ത് നേരത്തേതന്നെ ടേൺ ചെയ്തു തുടങ്ങും എന്നതിനാൽ സ്പിന്നർമാരുടെ പ്രകടനം ഇത്തവണയും നിർണായകമാകും.
കളിയുടെ തുടക്കത്തിൽ പേസർമാർക്കും സ്പിന്നർമാർക്കും ഒരു പോലെ മികച്ച ബൗൺസ് ലഭിക്കുകയും ചെയ്യും എന്നാണ് പ്രവചനം. കിവീസ് സ്പിന്നർ അജാസ് പട്ടേൽ 2021ൽ ഇന്ത്യയ്ക്കെതിരെ ഒരു ഇന്നിങ്സിൽ പത്തിൽ 10 വിക്കറ്റും വീഴ്ത്തിയത് വാങ്കഡെയിലാണ്.
∙ വൈറ്റ് വാഷ് വെല്ലുവിളി
മൂന്നോ അതിൽ കൂടുതലോ മത്സരങ്ങളുള്ള ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനു മുൻപ് സ്വന്തം മണ്ണിൽ സമ്പൂർണമായി പരാജയപ്പെട്ടിട്ടില്ല. എന്നാൽ 1999–2000 സീസണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടു മത്സര പരമ്പര 2–0ന് അടിയറ വച്ചിരുന്നു.